വിശ്വാസത്തിന്റെ ശക്തി

  • Episode 50
  • 29-11-2022
  • 08 Min Read
വിശ്വാസത്തിന്റെ ശക്തി

”കക്ഷത്തിലിരിക്കുന്നത് പോകാനും പാടില്ല ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം.” ഇതൊരു അര്‍ഥവത്തായ പഴഞ്ചൊല്ലാണ്. ഉത്തരത്തിലിരിക്കുന്നതിനു മാത്രമല്ല ഇത് ബാധകമായിരിക്കുന്നത്. എന്ത് നേടണമെങ്കിലും ചിലതു ത്യജിക്കേണ്ടിവരും. സീസോയുടെ ഒരു വശം ഉയരണമെങ്കില്‍ മറുവശം താഴ്‌ന്നേ മതിയാവൂ. അടുത്ത കാലത്തു വന്ന ഒരു നിരീക്ഷണം ഞാന്‍ ശ്രദ്ധിച്ചു  IT കമ്പനികളിലേക്ക് കയറി ഒരിടത്തു തന്നെ സ്ഥിരമായി നില്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. തുടക്കത്തില്‍ കിട്ടുന്ന മുപ്പതിനായിരം മിക്കവരുടേയും സ്റ്റാറ്റസ്സിനു ചേരുന്നില്ല. പിടിച്ചുനിന്ന് മികവ് തെളിയിച്ചാല്‍ ശമ്പളം ഒന്നര ലക്ഷം തന്നെ ആയേക്കാമെന്നതൊന്നും അവരെ സ്വാധീനിക്കുന്നില്ല. എല്ലാവര്‍ക്കും വേണ്ടത് സര്‍ക്കാര്‍ ജോലി!

കുറേക്കാലം മുമ്പ് നടന്ന ഒരു സംഭവകഥ ഞാന്‍ പറയാം. ഒരിന്ത്യന്‍ നഗരത്തിലെ പ്രസിദ്ധമായ എന്‍ജിനീയറിങ് കോളേജില്‍ ഫൈനല്‍ ഇയര്‍ പഠിക്കുന്ന ഒരു മലയാളി, BBC യുടെ ഒരു ഇന്റര്‍ നാഷണല്‍ Quiz Contest ല്‍ പങ്കെടുക്കാനിടയായി. മത്സരം കൊഴുത്തു കൊഴുത്തു വന്നു. Quiz Master, അതിപ്രസിദ്ധനും പ്രഗത്ഭനുമായ സിദ്ധാര്‍ത്ഥ ബസുവായിരുന്നു. അദ്ദേഹത്തിന്റെ ചോദ്യം മനസ്സിലാക്കിയിട്ട് ഉത്തരം പറയാന്‍ ആര്‍ക്കും കഴിയണമെന്നില്ല. ആദ്യം ബസര്‍ അമര്‍ത്തിയാലേ ഉത്തരം പറയാന്‍ അവസരം കിട്ടൂ. ചോദ്യം മുഴുവനാകുന്നതിനുമുമ്പ് ബസര്‍ അമര്‍ത്തിയാലേ അതിനുള്ള അവസരവും കിട്ടൂ. മത്സരിക്കുന്നവരെല്ലാം ഒന്നിനൊന്നിന് കിടു!

കറങ്ങിക്കറങ്ങി മത്സരം അവസാനിച്ചു – ഈ പയ്യനും സുഹൃത്തും ഒന്നാം സമ്മാനവും നേടി. അടിച്ച കോള്! ലണ്ടനില്‍ കുറെ ദിവസങ്ങള്‍ കറങ്ങാന്‍  മുഴുവന്‍ ചെലവും BBC  എടുക്കും. സമ്മാനദാനവും, സ്വീകരണങ്ങളും വേറെ. നമ്മുടെ താരമാണെങ്കില്‍ വിദേശത്തേക്ക് പോയിട്ടുമില്ല. എല്ലാം ഉറപ്പിച്ചു – ഇതിന്റെയിടയ്ക്ക് ഈ പയ്യന്‍ അഹമ്മദാബാദ് IIM ലേക്ക് എന്‍ട്രന്‍സ് പരീക്ഷയുമെഴുതിയിരുന്നു. അവിടെ ഒരഡ്മിഷന്‍ കിട്ടാനുള്ള ബുദ്ധിമുട്ട് എന്‍ട്രന്‍സ് എഴുതുന്നവരോട് ചോദിച്ചാല്‍ അറിയാം. ലണ്ടനു പോകാനുള്ള പദ്ധതികളെല്ലാം ഒരുക്കിക്കഴിഞ്ഞപ്പോഴേക്കും എന്‍ട്രന്‍സിന്റെ റിസല്‍റ്റ് വന്നു – റാങ്കോടെ പാസ്സായിരിക്കുന്നു.

അടുത്ത ദിവസം, ഇദ്ദേഹം IIM ലെ പ്രഫസ്സറെ പോയി കണ്ട്, ജോയിന്‍ ചെയ്യാന്‍ സാവകാശം ചോദിച്ചു. പ്രൊഫസർ വളരെ കൂളായിട്ട് പറഞ്ഞു, എത്ര ആഴ്ച്ചകള്‍ വേണമെങ്കിലും എടുക്കാമല്ലോയെന്ന്. ഒരു കരിഞ്ഞ മണം വന്നപ്പോള്‍ ഇദ്ദേഹം ചോദിച്ചു, ഒരൊറ്റയാഴ്ച്ചയെ വേണ്ടൂവെന്ന്.  പ്രൊഫസര്‍ പറഞ്ഞു,
”കുഴപ്പമില്ല, പക്ഷേ ഇവിടെ അഡ്മിഷന്‍ വേണമെങ്കില്‍ ഒരിക്കല്‍ക്കൂടി പരീക്ഷയെഴുതേണ്ടി വരും…. അടുത്ത വര്‍ഷം!” ഇത് കേട്ട് കുന്തം വിഴുങ്ങിയപോലെ നിന്ന ആ എഞ്ചിനീയറോട്  പ്രൊഫസര്‍ ഒരു കാര്യം കൂടി പറഞ്ഞു, ലണ്ടന്‍ യാത്ര മാറ്റിവെക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ എന്നും ലണ്ടന് പോവാനുള്ള അവസരമായിരിക്കാം കിട്ടുന്നതെന്ന്. ആ അപേക്ഷകനെ സംബന്ധിച്ചിടത്തോളം ലണ്ടന്‍ മോഹങ്ങളെല്ലാം ത്യജിക്കാന്‍ മറ്റൊന്നാലോചിക്കേണ്ടിവന്നില്ല.

ഇരുപതു വര്‍ഷമെങ്കിലും മുമ്പ് നടന്ന ഒരു സംഭവമാണിത്. അന്നത്തെ ആ ചെറുപ്പക്കാരന്‍, മൂന്നു വര്‍ഷംമുമ്പ് 2019 ല്‍ ഒരു അമേരിക്കന്‍ ബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്നുവെന്നറിഞ്ഞു – സ്ഥിരതാമസം ലണ്ടനിലും! കഴുത്തിലുള്ള തിരികല്ല് ഊരിമാറ്റിയാലേ മുങ്ങാതിരിക്കൂവെന്നുപോലും ചിന്തിക്കാന്‍ കഴിവില്ലാത്ത ഒരു തലമുറയാണ് മുമ്പില്‍. ഒരു സ്വപ്നം കാണുന്നതാണ് ലക്ഷ്യപ്രാപ്തിയിലേക്കുള്ള വഴിയെന്നാണ് അവര്‍ കരുതിയിരിക്കുന്നത്. സ്വപ്നമെന്നു പറയുന്നത് നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നതല്ല, മറിച്ച്, നിങ്ങളെ ഉറക്കാതിരിക്കുന്ന ഒരു കുന്ത്രാണ്ടമാണെന്ന് എ പി ജെ അബ്ദുള്‍ കലാമെഴുതിയത് ഒരു വട്ടമെങ്കിലും ഇവര്‍ വായിച്ചിരുന്നെങ്കില്‍! കണ്ട സ്വപ്നത്തിലേക്കും ഒരു ചുവട് പോലും നടക്കാന്‍ അവര്‍ തയ്യാറില്ല. ഇത് ചെറുപ്പക്കാരുടെ മാത്രം കഥയല്ല. നഗരം അവരെയൊക്കെക്കാണാന്‍ വീടുകളിലേക്കു വരുമെന്നാണ് അവര്‍ ചിന്തിക്കുന്നത്. കുറ്റം പൂര്‍ണ്ണമായും അവരുടേതല്ല; അവര്‍ക്കു മുമ്പിലുള്ള, നാം കൊത്തിയെടുത്ത മാതൃകകളാണ്!

Select your favourite platform