ഗുരു: ”എന്തുകൊണ്ട് നീ അസ്വസ്ഥനായിരിക്കുന്നു?”
ശിഷ്യന്‍: ”ചിന്തകള്‍ വന്നെന്നെ നിറയ്ക്കുന്നു. വല്ലാതെ അസ്വസ്ഥതപ്പെടുത്തുകയും ചെയ്യുന്നു. അതും ആവശ്യമില്ലാത്ത ചിന്തകള്‍. എന്നെ രക്ഷിക്കൂ ഗുരോ..”
ഗുരു: ”ചിന്തകള്‍ നീ തന്നെയാണ്, ശിഷ്യാ.”
***************************************************************
ഉലക്കയുടെ ചുറ്റുമായി പോയ ആശാരിയോട് പൊതിയിലെന്താണെന്നു ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത്, അഴിച്ചാല്‍ ചുറ്റെന്നാണ്. അതുപോലെ, സൂക്ഷിച്ചഴിക്കേണ്ടതാണ് മഹാഭാരതമെന്ന പൊതിയും. മഹാഭാരതകഥ മിക്കപ്പോഴും വായനക്കാരനെ വല്ലാതെ ചുറ്റിക്കും. അംബയെയും അംബാലികയെയും ഭീഷ്മര്‍ ബലമായി പിടിച്ചുകൊണ്ടുവന്ന് വിചിത്രവീര്യന്റെ ഭാര്യമാരാക്കുന്നു, മക്കളില്ലാതെ വിചിത്രവീര്യന്‍ മരിക്കുന്നു, വംശം നിലനിര്‍ത്താന്‍ സത്യവതിയുടെതന്നെ മറ്റൊരു പുത്രനായ വേദവ്യാസന്‍ അംബയെയും അംബാലികയെയും പ്രാപിക്കാന്‍ നിയോഗിക്കപ്പെടുന്നു. ചീരജടാധാരിയായ വേദവ്യാസനെക്കണ്ട് അംബിക കണ്ണടച്ചും, അംബാലിക വിളറിവെളുത്ത് അതൃപ്തയായും സംയോഗത്തിലേര്‍പ്പെട്ടു – ഫലമോ, ഇവര്‍ക്ക് മക്കളായി ജനിച്ചവരില്‍ ധൃതരാഷ്ട്രര്‍ അന്ധനും, പാണ്ഡു പാണ്ഡുവര്‍ണ്ണനുമായി.
പാലക്കാട് ജില്ലയിലുള്ള കടമ്പഴിപ്പുറത്തുള്ള വായില്ലാക്കുന്ന് ക്ഷേത്രത്തില്‍ വായില്ലാക്കുന്നിലപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശബ്ദത്തിന്റെയും സംസാരശേഷിയുടെയും ദേവനായാണ് വായില്ലാക്കുന്നിലപ്പനെ കരുതുന്നത്. വായില്ലാക്കുന്നിലപ്പന്‍ ജനിച്ചപ്പോള്‍ വായുണ്ടായിരുന്നു, അമ്മയ്ക്കു പറ്റിയ ഒരബദ്ധമാണ് ആ കുട്ടി അങ്ങനെയായത്. വരരുചിയെന്ന ബ്രാഹ്മണന്‍, ഹീനജാതിക്കാരിയെന്നറിയാതെ, സുന്ദരിയും ബുദ്ധിമതിയുമായ പഞ്ചമിയെയും കെട്ടി വിക്രമാദിത്യകൊട്ടാരത്തിലേക്കു മടങ്ങുകയാണ്. വഴിക്ക് പഞ്ചമി പ്രസവിച്ചുകൊണ്ടിരുന്നു. ഓരോ കുഞ്ഞുണ്ടാകുമ്പോഴും വരരുചി ചോദിക്കും, ‘കുഞ്ഞിനു വായുണ്ടോ?’ ഉണ്ടെന്ന് അമ്മ പറയും. ‘എങ്കില്‍ കുഞ്ഞിനെ അവിടെ വിട്ടേക്കൂ’വെന്ന് വരരുചി പറയും. വായ കീറിയ ഈശ്വരന്‍ വായ്ക്ക് ഇരയും കല്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വരരുചിയുടെ നിലപാട്. അങ്ങനെ നാറാണത്തു ഭ്രാന്തനുള്‍പ്പെടെ പതിനൊന്നു കുട്ടികളെയും പഞ്ചമി ഉപേക്ഷിച്ചു. പന്ത്രണ്ടാമത്തെ കുട്ടിക്കു വായില്ലെന്നവള്‍ പറഞ്ഞു, ആ കുട്ടിയുടെ വായ് അടഞ്ഞും പോയി. ആ കുഞ്ഞിനെയാണ് ഒരു മലമുകളില്‍ വരരുചി പ്രതിഷ്ഠിച്ചത്.
ഈ മൂന്നു കഥകളിലും എന്തായിരുന്നോ തള്ളമാരുടെ മനസ്സില്‍, അതാണ് പിള്ളമാരായി ഭവിച്ചത്. സര്‍വ സൃഷ്ടികളുടെയും കഥയിതാണ്. മനസ്സില്‍ രൂപംകൊള്ളുന്നത് വചനമായും ക്രിയയായും ഭവിക്കുന്നു. ഇതുകൊണ്ടാണ് പോസിറ്റീവ് തിങ്കിങ് എന്ന് പറയുന്നത് നിര്‍ണ്ണായകമായി മാറുന്നത്. വൈദ്യശാസ്ത്രത്തില്‍ പ്ലാസിബോ ഇഫക്റ്റ് എന്നൊരു സ്ഥിതിവിശേഷമുണ്ട്. ഒരു വൈദ്യനിലോ ഒരു മരുന്നിലോ ഉള്ള വിശ്വാസംകൊണ്ടു മാത്രം രോഗസ്ഥിതിയില്‍ ഉണ്ടാകുന്ന വ്യത്യാസമാണിത്. ബൈബിളില്‍ യേശു കാണിക്കുന്ന അദ്ഭുതങ്ങളുടെ കഥകള്‍ ശ്രദ്ധിച്ചാല്‍ മറ്റൊരു കാര്യം കാണാം. ഒരുദാഹരണത്തിന്, സുവിശേഷകനായ വി. മത്തായി പറയുന്നതു നോക്കാം (9:28). യേശു വീടിനുള്ളിലായിരുന്നപ്പോള്‍ രണ്ട് അന്ധര്‍ അവരെ സുഖപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് യേശുവിനെ സമീപിച്ചു. യേശു അവരോട് ഒരു ചോദ്യം ചോദിക്കുന്നു, നിങ്ങളെ സുഖപ്പെടുത്താന്‍ എനിക്ക് കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുവോ? ഈ ചോദ്യം പല സന്ദര്‍ഭങ്ങളിലായി പല രീതിയില്‍ യേശു ചോദിക്കുതായി ബൈബിളില്‍ വായിക്കാം.
നാം വളരാന്‍ ആഗ്രഹിച്ചാലും, സുഖമാവാന്‍ ആഗ്രഹിച്ചാലും, ജയിക്കാന്‍ ആഗ്രഹിച്ചാലും, എന്ത്തന്നെയാണെങ്കിലും അത് സാധിക്കുമെന്നൊരു ചിന്തയും ഉണ്ടായേ മതിയാവൂ. മനസ്സിന്റെ പിന്നാലെയാണ് ശരീരവും ലോകവും. ദന്ത ഡോക്ടര്‍മാര്‍ പല്ലെടുക്കുമ്പോള്‍ ചിലപ്പോള്‍ ഒരു സൂത്രം പ്രയോഗിക്കും. പല്ലെടുക്കാന്‍ ഭയങ്കര വേദനയുമായി അലറുന്നവന്റെ ചന്തിക്ക് പല്ലെടുക്കുന്നതിനിടയില്‍ നഴ്‌സിനെക്കൊണ്ട് ഒരു കുത്തു കൊടുപ്പിക്കും – ചിലപ്പോള്‍ സിറിഞ്ചില്‍ എന്തെങ്കിലും കണ്ടേക്കാം, ചിലപ്പോള്‍ കണ്ടില്ലെന്നുമിരിക്കും. ശ്രദ്ധ അങ്ങോട്ട് മാറുമ്പോള്‍ എളുപ്പത്തില്‍ പല്ലെടുക്കാന്‍ കഴിയും.
ഗുരു പറയുന്നത് ഒരു സംശയവുമില്ലാതെ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവനേ, ഗുരു പറഞ്ഞത് മനസ്സിലാവുകയും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ ലഭ്യമാവുകയുമുള്ളൂ. ഗുരുവിന്റെ മുമ്പില്‍ പാമരനെപ്പോലെ ഇരിക്കുന്നവനാണ് കിട്ടുന്നത്. ഉപനിഷത്തിനെ വേദങ്ങളുടെ അവസാനം എന്ന് പറയുന്നതിനേക്കാള്‍, ‘ഉപ’ (അടുത്ത്), ‘നിഷദ’ (ഇരുപ്പ്), ഗുരുപാദാന്തികത്തിലിരുന്നു പഠിക്കപ്പെടുന്നത് എന്നു വ്യാഖ്യാനിക്കാനാണ് എനിക്കിഷ്ടം. മനസ്സ് ഗുരുവിന്റെ പിന്നാലെ പായിക്കുന്നതിനാണ് പ്രാധാന്യം. അവിടെ, അടുത്ത് എന്നാലല്പം താഴെയായി ഇരുന്നുപോകും ആരും.
‘ഞാനന്നേരെ പറഞ്ഞില്ലായിരുന്നോ അത് നടക്കില്ലെന്ന്’ എന്ന് പറയുന്ന ഒരാളെയെങ്കിലും കണ്ടിട്ടില്ലാത്തവരുണ്ടോ? അവര്‍ പറഞ്ഞതുകൊണ്ടാണത് സംഭവിച്ചതെന്ന് കരുതുന്നതിലും ന്യായമുണ്ട്. പ്രാര്‍ഥന എന്താണെന്ന് അറിയാവുന്നവരെക്കൊണ്ട് മാത്രമേ ആ പണി ചെയ്യിപ്പിക്കാവൂ. ഈ വയസനിനി എങ്ങനെ രക്ഷപെടും എന്ന് ചിന്തിച്ചുകൊണ്ട് ആ വയസനു വേണ്ടി പ്രാര്‍ഥിക്കുന്നവര്‍ ആ വയസന്റെ ആയുസ്സ് വെട്ടിച്ചുരുക്കുകയാണെന്ന് നാമറിഞ്ഞിരിക്കണം. ആയിരംതരം പ്രാര്‍ഥനകളില്‍ ഒരുദാഹരണം ഞാന്‍ പറഞ്ഞുവെന്നു മാത്രം. നാം അപരനെ സ്‌നേഹിക്കുന്നുവെങ്കില്‍ നമുക്കൊരു കാര്യം ചെയ്യാം, അവനെപ്പറ്റി നല്ലതേ പറയാവൂ, ആഗ്രഹിക്കാവൂ താനും.
നാം വളരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു കാര്യം അറിയുക- ആ വളര്‍ച്ച ഒരു ചുവടുമുമ്പേ സത്യമായതായി വിശ്വസിക്കുകയും അതിനനുസരിച്ച് കരുക്കള്‍ നീക്കുകയും ചെയ്യുക. എത്ര സംശയമില്ലാതെയാണോ നാമൊരു വിശ്വാസം രൂപീകരിക്കുന്നത്, അത്ര മനോഹരമായിരിക്കും നാം സൃഷ്ടിക്കുന്നതും!