റിസല്‍റ്റ് വരട്ടെ, പറയാം

  • Episode 39
  • 29-11-2022
  • 10 Min Read
റിസല്‍റ്റ് വരട്ടെ, പറയാം

ജീവിതവിജയത്തിന് അത്യാവശ്യം വേണ്ടതെന്താണെന്നു ചോദിച്ചാല്‍, കൃത്യമായ ഒരു ലക്ഷ്യമാണെന്നു പറയാം. ചിലപ്പോള്‍ ചിലരുമായി വര്‍ത്തമാനം പറയുമ്പോള്‍ കണ്ണുനീര്‍ വരാറുണ്ട്. വിളമ്പുന്നത് വിഡ്ഢിത്തമായിരിക്കുന്നു എന്നതു മാത്രമല്ല, താന്‍ മനസ്സിലാക്കിയിരിക്കുന്നത് മാത്രമാണ് അറിവെന്നും, ഇനി അറിയാന്‍ യാതൊന്നും ബാക്കിയില്ലെന്നും, തന്റെ കഴിവുകൊണ്ടു മാത്രമാണ് ഇതെല്ലാം സ്വായത്തമാക്കിയതെന്നും, അതില്‍ അധ്യാപകര്‍ക്ക് കാര്യമായ പങ്കൊന്നുമില്ലെന്നും, അറിയപ്പെടുന്നതിലെ ഏറ്റവും വലിയ ഉത്തരവാദിത്വം ഏല്‍ക്കാനുള്ള ശേഷി തനിക്കുണ്ടെന്നുമൊക്കെ കരുതുന്നവരുമുണ്ട്. ബസ് സ്‌റ്റോപ്പിലോ, പാര്‍ക്കിലോ അല്ലെങ്കില്‍ ഏതെങ്കിലും കലുങ്കിന്റെ കോണിലോ ഒക്കെയായിരിക്കും ഇത്തരക്കാരെ സമൃദ്ധമായി കാണുക.

സോക്രട്ടീസിന്റെ അരികില്‍ വിദ്യ പഠിക്കാന്‍ വന്ന ഒരു ചെറുപ്പക്കാരന്റെ കഥ കേട്ടിട്ടുണ്ട്. അദ്ദേഹം അവനെ ആറ്റില്‍ കൊണ്ടുപോയി വെള്ളത്തില്‍ മുക്കിപ്പിടിച്ചു. ചത്തു ചത്തില്ലായെന്ന പരുവത്തിലായപ്പോള്‍ പൊക്കിയെടുത്തിട്ട് മുഖത്തേക്ക് നോക്കി ഒരു ഡയലോഗ്, ”വിദ്യ പഠിക്കാന്‍ ഇതുപോലെ പിടയ്‌ക്കേണ്ടി വരും.” അവന്‍ ജീവനു വേണ്ടി പിടഞ്ഞതുപോലെ, താന്‍ കണ്ട സ്വപ്നത്തിനു വേണ്ടി, മരണപ്പോരാട്ടം നടത്താന്‍ ആരു തയ്യാറാവുന്നോ അവരുടേതാണു വിജയം.

ഒരു സംഭവം ഓര്‍മ്മിക്കുന്നു. പണ്ട്, കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത്, ചെങ്ങളം എന്നൊരു ഗ്രാമത്തില്‍, ഹാം റേഡിയോ ലൈസന്‍സൊക്കെ എടുത്ത്, സ്വന്തമായി ട്രാന്‍സ്മിറ്ററും അസംബിള്‍ ചെയ്ത് വാഴുന്ന കാലം. ഒരിക്കല്‍, ഒരു കിളുന്തു പയ്യന്‍ സൈക്കിളും ചവിട്ടി വീട്ടില്‍ വന്നു. അവന്‍ ഏഴിലോ എട്ടിലോ പഠിക്കുകയാണ്; എട്ടു കിലോമിറ്റര്‍ സൈക്കിള്‍ ചവിട്ടിയാണവന്‍ വന്നിരിക്കുന്നത്. കൈയില്‍ ‘ഇലക്ട്രോണിക്‌സ് ഫോര്‍ എവരിബഡി’ എന്ന മലയാളം മാസികയുമുണ്ട്. അക്കാലത്ത്, ഈ ശാസ്ത്രമാസികയില്‍ ‘ഗേറ്റ് വേ റ്റു ഹാം റേഡിയോ’ എന്നൊരു പംക്തി ഞാന്‍ എഴുതുന്നുണ്ടായിരുന്നു. കമ്യൂണിക്കേഷന്‍ ഇലക്ട്രോണിക്‌സ് പരിചയപ്പെടുത്തുന്ന ഈ പരമ്പരയുടെ ഒരു സ്ഥിരം വായനക്കാരനായിരുന്നു, ഈ മിടുക്കന്‍.

എവിടെയൊക്കെയോ അന്വേഷിച്ച്, എന്റെ വിലാസം കണ്ടുപിടിച്ച്, അടുത്താണെന്നറിഞ്ഞ സന്തോഷത്തില്‍, ഒരവധി ദിവസം ഇറങ്ങിപ്പുറപ്പെട്ടതായിരുന്നവന്‍. കുറച്ചു ദിവസങ്ങള്‍ക്കൂടി അവന്‍ വരുമായിരുന്നതായി ഓര്‍മ്മിക്കുന്നുണ്ട്. ഇന്നുള്ള ചെറുപ്പക്കാരോട് എന്താകാനാണ് ആഗ്രഹിക്കുന്നതെന്നു ചോദിച്ചാല്‍ കിട്ടുന്ന മറുപടിയാണ് ഞാന്‍ ടൈറ്റിലില്‍ കൊടുത്തിരിക്കുന്നത് – ‘റിസല്‍റ്റ് വരട്ടെ, പറയാം!’ ഈ പയ്യനാവട്ടെ, ഒരു ശാസ്ത്രജ്ഞനാവാനാണ് ആഗ്രഹമെന്ന് എന്നോട് രഹസ്യമായി പറഞ്ഞിരുന്നു. പതിയെപ്പറഞ്ഞതിന് കാരണമുണ്ട് – അതിനുള്ള ഒരു വലിയ സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല, ആ കുട്ടിയുടെ വീട്ടിലന്ന്.

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, ഇതേയാള്‍ വീണ്ടും വന്നു. അപ്പോഴും വീട് അന്വേഷിച്ചു കണ്ടുപിടിക്കേണ്ടിവന്നു. അല്‍പ്പമകലേക്ക് ഒരു പുതിയ വീടും പണിത് ഞങ്ങള്‍ താമസം മാറ്റിയിരുന്നു. ആ പഴയ മുഖം ഓര്‍മ്മിച്ചെടുക്കാന്‍ ഒത്തിരി വിയര്‍ക്കേണ്ടിവന്നു. അന്നദ്ദേഹം ഒരു ഹാമായിക്കഴിഞ്ഞിരുന്നു. അത് പറയാനായിരുന്നില്ലദ്ദേഹം വന്നത്, യുവശാസ്ത്രജ്ഞനുള്ള അന്താരാഷ്ട്ര അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചെന്നും, അതിനു നാട്ടുകാര്‍ കൊടുക്കുന്ന ഒരു സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിക്കാനുമായിരുന്നദ്ദേഹം വന്നത്. ബഹുമാനപ്പെട്ട പ്രസിഡന്റ് അബ്ദുള്‍ കലാമില്‍നിന്നും പിന്നീടദ്ദേഹത്തിന് സമ്മാനം ലഭിക്കുകയുണ്ടായി. ഇന്നദ്ദേഹം ഒരു കോളേജില്‍ ജോലി ചെയ്യുന്നു. വിജയം ആഗ്രഹിക്കുന്ന ഒരു സ്റ്റാന്റാര്‍ഡ് ചെറുപ്പക്കാരനുണ്ടായിരിക്കേണ്ട അടിസ്ഥാന ഉള്ളെരിവ് ഇങ്ങനെയൊക്കെയാണ്.പറഞ്ഞു വന്നത് ഇത്രേയുള്ളൂ, സദുദ്ദേശ്യത്തോടെ നാമൊരു കാര്യം തുടങ്ങിയാല്‍ നാം സ്വപ്നം കാണുന്നതിനുമപ്പുറമായിരിക്കാം അത് വളരുന്നത്. പക്ഷേ, തുടങ്ങണം തുടരണം – വിജയത്തിന്റെ മുദ്രാവാക്യം അതല്ലേ? ഒരു തടസ്സം പ്രശ്‌നമാകുന്നത്, അങ്ങനെ നാമതിനെ മനസ്സില്‍ കരുതിത്തുടങ്ങുന്ന നിമിഷമാണെന്ന് മറക്കാതിരിക്കുക.

Select your favourite platform