മാറിക്കൊണ്ടിരിക്കുന്ന നീതി

  • Episode 86
  • 29-11-2022
  • 10 Min Read
മാറിക്കൊണ്ടിരിക്കുന്ന നീതി

എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ഒരാള്‍ ഫലിതരൂപേണ പറഞ്ഞത്, വാര്‍ത്താവിനിമയമെന്ന് പറയുന്നതിനിപ്പോള്‍ കമ്പിയില്ല, നേതാക്കന്മാര്‍ക്ക് നാണമില്ല, ചെറുപ്പക്കാര്‍ക്ക് ജോലിയില്ല, ബന്ധങ്ങള്‍ക്കര്‍ഥമില്ല, എല്ലാ കുട്ടികള്‍ക്കും പിതാക്കന്മാരുമില്ലെന്നാണ്. പണ്ട് വിന്‍ഡോസെന്ന് പറഞ്ഞാല്‍ ജനാലകളായിരുന്നു, ക്രോപ്പ് എന്ന് പറഞ്ഞാല്‍ വിളവായിരുന്നു, പ്‌ളേ എന്ന് പറഞ്ഞാല്‍ കളിയായിരുന്നു … മാറ്റങ്ങള്‍ അനന്തമായി നീണ്ടുപോകുന്നു!
ഒക്കെയാണെങ്കിലും, നാം മാറിയിട്ടുണ്ടോ? കാര്യമായിട്ടില്ല, പക്ഷേ, നമ്മോട് നീതി കാണിക്കുന്നതില്‍ ചില വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെന്നു പറയാതെ വയ്യ. നീതി കാണിക്കുകയെന്നതുകൊണ്ട്  ഉദ്ദേശിക്കുന്നത്, ലഭ്യമായ സാധ്യതകളും ലഭ്യമായ സഹായങ്ങളുമെല്ലാം പരമാവധി നാം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നാണ്.ഒരു ജേര്‍ണലിസ്റ്റ്, ബാംഗ്‌ളൂരിലെ ഒരു ബാറില്‍നിന്നും ഏതാനും സിപ്പുകളുമെടുത്ത് പുറത്തേക്കു പോവാനുള്ള ധൃതിയിലായിരുന്നു. പെട്ടെന്ന്, അല്പമകലെ ചിന്താവിഷ്ടനായിരിക്കുന്ന ഒരാളുടെ മുഖം ശ്രദ്ധയില്‍പെട്ടു – വളരെ പരിചിതമായത്, പക്ഷേ ഓര്‍മ്മിക്കുന്നില്ല. അടുത്തു ചെന്ന് നോക്കിയപ്പോള്‍ വിഷി! 1985 ല്‍ ഇന്ത്യയ്ക്കു ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്തതിന്റെ സൂത്രധാരന്‍, സദാനന്ദ് വിശ്വനാഥന്‍, എന്ന പഴയ 23 വയസ്സുകാരന്‍ വിഷി. 3 ടെസ്റ്റും 22 ഏകദിനവും കഴിഞ്ഞദ്ദേഹം അപ്രത്യക്ഷനായിരുന്നു. സുനില്‍ ഗവാസ്‌കറുടെ ഭാഷയില്‍, ‘ഏകദിന കൊടുങ്കാറ്റ്,’ എന്ന സ്ഥിതിയില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ തിരോധാനം. ആ ബാറ്റ്‌സ്മാനെ അക്ഷരാര്‍ഥത്തില്‍ എതിരാളികള്‍ ഭയന്നിരുന്നു.ആ ജേര്‍ണലിസ്റ്റ്, വിഷിയുടെ മേശയ്ക്കരികിലിരുന്നു. തന്നെയറിയുന്ന ഒരാളെ കേള്‍ക്കാന്‍ കിട്ടിയ സന്തോഷത്തില്‍ തന്റെ തകര്‍ച്ചയുടെ കഥകള്‍ മുഴുവന്‍ വിഷി പറഞ്ഞു. അച്ഛന്‍ ആത്മഹത്യ ചെയ്തു, താമസിയാതെ ഹൃദ്രോഗംമൂലം അമ്മയും മരിച്ചു. അതൊക്കെ അദ്ദേഹത്തിനതിജീവിക്കാന്‍ കഴിഞ്ഞിരുന്നു; വിരലിലുണ്ടായ ഒരു പരിക്ക് പക്ഷേ, അദ്ദേഹത്തെ വിക്കറ്റ് കീപ്പിംഗില്‍നിന്നും മാറ്റി. പിന്നാലെ വന്നു, കാമുകിയുടെ പിന്മാറ്റം ….. എല്ലാം കേട്ടിരുന്ന ഈ ജേര്‍ണലിസ്റ്റ്, പോകാന്‍ എഴുന്നേറ്റപ്പോള്‍ വിഷിയോട് ഒരു ചോദ്യം ചോദിച്ചു,
”താങ്കള്‍ താങ്കളോട് നീതി കാട്ടിയെന്ന് കരുതുന്നുണ്ടോ?”
കുറെ വര്‍ഷങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍ ഈ പത്രപ്രവര്‍ത്തകന്‍ പഴയ ഈ കഥ പങ്കുവെച്ചു. അതിനൊരു കാരണമുണ്ടായിരുന്നു. ബാംഗ്‌ളൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഒരു ടെസ്റ്റ് മാച്ച് കവര്‍ ചെയ്യാന്‍ ഈ പ്രതിനിധിയെത്തിയപ്പോള്‍ അദ്ദേഹത്തെ ഇയാള്‍ വീണ്ടും കണ്ടു – ആ പഴയ വിഷിയെ. പക്ഷേ, ഒരു പരിശീലകന്റെ വേഷമായിരുന്നു അദ്ദേഹത്തിനപ്പോള്‍. വിഷി പറഞ്ഞു,
”ഇപ്പോഴും ഞാനെന്നോട് മുഴുവനായും നീതി ചെയ്‌തോയെന്നു ചോദിച്ചാല്‍, തീര്‍ച്ചയില്ല; പക്ഷേ, ഞാന്‍ മദ്യപാനം നിര്‍ത്തി!” ഇന്ന്, സ്വന്തമായി ഒരു കോച്ചിങ് അക്കാഡമി നടത്തുന്ന ഫസ്റ്റ് ക്ലാസ്സ് അമ്പയറും ഫസ്റ്റ് ക്ലാസ്സ് കോച്ചുമാണദ്ദേഹം. പ്രതിസന്ധികള്‍ അദ്ദേഹത്തില്‍ നിന്ന് ചോര്‍ത്തിക്കളഞ്ഞ ആവേശം അദ്ദേഹം തിരിച്ചുപിടിച്ചിരുന്നു.

പണംകൊണ്ട് എന്ത് വേണമെങ്കിലും വാങ്ങാം; പക്ഷേ, ആവേശം വിലയ്ക്ക് കിട്ടില്ല. ഓരോ കാര്യവും അനുദിനം അടവെച്ച് തീരുമാനമെടുക്കുന്നതല്ല ആവേശമെന്നത്. വിക്രമാദിത്യ രാജാവിന്റെ വിദ്വല്‍ സദസില്‍ വെച്ച്, ഒരു കുരുവി, ‘നഷ്ടം’ എന്നാല്‍ എന്താണെന്ന് ചോദിച്ച ഒരു കഥയുണ്ട്. ഒരുത്തരവും കുരുവിക്കിഷ്ടപ്പെട്ടില്ല. അവസാനം കാളിദാസന്‍ പറഞ്ഞു, ”കൊടുക്കാതിരിക്കുന്നതാണ് നഷ്ടം.” ആവേശവും ഇതുപോലാണ്. ഉപയോഗിക്കാതിരുന്നാല്‍ നഷ്ടമാവും.
ആവേശത്തോടെയുള്ള മുന്നേറ്റത്തില്‍, പിന്നിലെന്ത് സംഭവിക്കുന്നുവെന്നാരും നോക്കുന്നില്ല. പക്ഷേ, നമ്മില്‍ പലരും ടൂര്‍ പോയ ആമക്കുടുംബത്തിലെ കുഞ്ഞുമോനെപ്പോലെയാണ;്  മറ്റുള്ളവര്‍ നീതി കാണിക്കുന്നുണ്ടോയെന്നു സംശയിച്ച് സദാ സമയം കളയുന്നു. എല്ലാവരുമടങ്ങിയ ആമക്കുടുംബം ഒരു നീണ്ട ടൂര്‍ തീരുമാനിച്ച് ആറുമാസത്തെ ഒരുക്കങ്ങള്‍ക്കു ശേഷം, യാത്രയായി. ഒരുമാസം കഴിഞ്ഞപ്പോഴാണ് ഒന്ന് വിശ്രമിക്കാന്‍ പറ്റിയ ഒരിടം കണ്ടത്. എന്തെങ്കിലും കഴിക്കാമെന്ന് കരുതി അവര്‍ പൊതിക്കെട്ടുകള്‍ തുറന്നു. അപ്പോഴാണ് ഉപ്പ് കൊണ്ടുവന്നിട്ടില്ലെന്ന് അവര്‍ക്ക് മനസ്സിലായത്.ചെറുപ്പക്കാരനായ കുഞ്ഞുമോന്‍ പോയി ഉപ്പ് എടുത്തുകൊണ്ടുവരട്ടെന്നവര്‍ തീരുമാനിച്ചു. പക്ഷേ, കുഞ്ഞുമോന്‍ ഒരു വ്യവസ്ഥ വെച്ചു, അവന്‍ വന്നിട്ടേ തിന്നാന്‍ തുടങ്ങാവൂ. എല്ലാവരും സമ്മതിച്ചു,  കുഞ്ഞുമോന്‍ ഉപ്പെടുക്കാനും പോയി. മാസം രണ്ടു കഴിഞ്ഞു – കുഞ്ഞുമോന്‍ വന്നില്ല. ഇത്രയുമായപ്പോള്‍ മുത്തച്ഛന്‍ പറഞ്ഞു,
”എനിക്ക് വിശപ്പു സഹിക്കാന്‍ പറ്റുന്നില്ല …. ഞാന്‍ എന്തെങ്കിലും കഴിക്കാന്‍ പോകുന്നു.”
”നിങ്ങളെന്നെ പറ്റിക്കുമെന്ന് എനിക്കപ്പഴേ അറിയാമായിരുന്നു!” ശബ്ദം കേട്ട് പുറത്തേക്കെല്ലാവരും നോക്കിയപ്പോള്‍, മുറ്റത്തിനപ്പുറമുള്ള ഒരുരുളന്‍ പാറയുടെ മുകളില്‍ ഒരു തല കണ്ടു – കുഞ്ഞുമോനാമ, ഉപ്പെടുക്കാന്‍ പോയിരുന്നില്ല!

Select your favourite platform