മനസ്സുകൊണ്ടൊരു രാഖി

  • Episode 46
  • 29-11-2022
  • 08 Min Read
മനസ്സുകൊണ്ടൊരു രാഖി

ഭാരമില്ലാത്ത അവസ്ഥയെപ്പറ്റി നമുക്കറിയാം; പക്ഷേ, ഈ ഭൂമിയില്‍ ഭാരമെന്നു പറയാന്‍ കാര്യമായി ഒന്നുമില്ലാത്ത ഒരു കണികയുണ്ട് – ഇലക്ട്രോണ്‍!  അതിനെ വെറുമൊരു തരംഗഭാവം എന്നുപോലും വിശേഷിപ്പിക്കാറുണ്ട്. ആള് നിസ്സാരക്കാരനാണെങ്കിലും അവന്‍ കളിക്കുന്നതുകൊണ്ടാണ് വസ്തുക്കള്‍ നിലനില്‍ക്കുന്നത്. ഒരാറ്റമിന്റെ പുറം ചുറ്റിലുള്ള ഇലക്ട്രോണുകളാണ് സമീപ ആറ്റമുകളെത്തന്നെ അടുപ്പിച്ചു നിര്‍ത്തുന്നത്. അങ്ങനെയാണ് വസ്തുക്കള്‍ രൂപം കൊള്ളുന്നത്. നിസ്സാരമെന്നു നാം കരുതുന്ന ഇലക്ട്രോണുകള്‍ തിന്നുതീര്‍ക്കുന്ന ഊര്‍ജമാകട്ടെ അപാരവും. ആ ഊര്‍ജം സ്വതന്ത്രമാക്കിയാല്‍ എന്ത് സംഭവിക്കുമെന്ന് ഐന്‍സ്റ്റയിന്‍ പറഞ്ഞു തരും.

ആത്മഹത്യകള്‍ വല്ലാതെ കൂടുന്നു – ‘എനിക്കെന്താണ് പ്രസക്തി’യെന്നോ, ‘എനിക്കെന്തെങ്കിലും ചെയ്യാനാവുമോ’യെന്നോ ഒക്കെയുള്ള ചോദ്യങ്ങളുടെ അവസാനമായിരിക്കും, ഇത് സംഭവിക്കുക. ചെറുതാണെങ്കിലും ഒന്നിന്റെ പ്രസക്തിയെന്താണെന്ന് ഇലക്ട്രോണുകള്‍ നമ്മോട് പറയുന്നു. മുമ്പില്‍ മലയോളം വലിയ പ്രശ്‌നങ്ങളായിരിക്കാം! പെയിന്റിന്റെ പറന്നു നടക്കുന്ന ഒരു പൊടിക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് അമേരിക്കയിലെ നാസാക്കാരോട് ചോദിക്കുക. 2016ല്‍ ഇതുപോലൊരെണ്ണം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്റെ ജനലില്‍ വന്നിടിച്ചു. സംഗതി തകര്‍ന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ! പെയിന്റിന്റെ തരി, അതിന്റെ സ്പീഡ് കൊണ്ട് ശക്തിയാര്‍ജിച്ചു. ലഭ്യമായ സാഹചര്യങ്ങളില്‍ നിന്നു വേണ്ടത്ര സ്പീഡ് ആര്‍ജിക്കാന്‍ ആര്‍ക്കും കഴിയും – നാമതിനു തയ്യാറായാല്‍ മാത്രംമതി. അങ്ങനെ, ഏതു പ്രതിസന്ധികളെയും നമുക്കു തകര്‍ക്കാം.

ആരുടെ കാര്യത്തിലാണെങ്കിലും മറ്റുള്ളവരുടെ പിന്തുണയുടെ പ്രസക്തി നമ്മുടെ പൂര്‍വികര്‍ മനസ്സിലാക്കിയിരുന്നു. അതിന്‍ പ്രകാരമവര്‍ നിഷ്‌കര്‍ഷിച്ച ചിട്ടകളിലൊന്നാണ് രക്ഷാബന്ധന്‍. രാഖി കെട്ടുന്നത് ഇന്നയാള്‍ ഇന്നയാളുടെ കൈയിലെന്നൊന്നുമില്ല. ആചാരങ്ങള്‍ നാടോട് നാട് വ്യത്യസ്തമാണ്. ഏതായാലും, ഇത് കെട്ടുന്നവരും കെട്ടപ്പെടുന്നവരും തമ്മില്‍ സംരക്ഷണത്തിന്റെ ഒരുടമ്പടി ഉടലെടുക്കുന്നു. ഇതിന് വളരെ വില കല്‍പ്പിക്കേണ്ട കാലമാണിന്ന്. രാഖിയെന്ന ചരടില്ലെങ്കിലും, ചുറ്റുമുള്ളവരോട് നമുക്ക് പറയാം – ഞാന്‍ കൂടെയുണ്ടെന്ന്. ഈ ഉറപ്പ് ഓരോരുത്തരുടെയും ആത്മബലം കൂട്ടുന്നു, അതവരെ അജയ്യരുമാക്കുന്നു!

Select your favourite platform