ഒരു സഹോദരന് നേര്‍ച്ച നേര്‍ന്ന കഥ കേട്ടോളൂ. അയാളൊരു മണിമാളികയുടെ പണി തീര്‍ത്തതേ ഉണ്ടായിരുന്നുള്ളു. പാലുകാച്ചിന്റെ പരിപാടികളും ആലോചിച്ച് നദി കടക്കുമ്പോഴാണ് വള്ളം അപകടത്തില്‍പ്പെട്ടത് ഭയങ്കര കാറ്റും മഴയും! വള്ളം മുങ്ങുമെന്നുറപ്പായപ്പോള്‍ അയാളൊരു നേര്‍ച്ച നേര്‍ന്നു; ‘ഭഗവാനേ, ജീവന് തന്നാല്‍, എന്റെ പുതിയ വീടു വിറ്റുകിട്ടുന്ന പണം മുഴുവന്‍ ഞാന്‍ ദരിദ്രര്‍ക്ക് ദാനം ചെയ്യുന്നതാണ്’. അത്ഭുതം! പെട്ടെന്ന് കാറ്റും നിലച്ചു, മഴയും നിലച്ചു. അയാള്‍ രക്ഷപെട്ടുവെന്നു പറഞ്ഞാല്‍ മതിയല്ലോ! നേര്‍ച്ച നേര്‍ന്നതുപോലെ വീട് വില്ക്കാതിരിക്കാനുമാവില്ല, വീട് വിറ്റു കിട്ടുന്ന പണം ദാനം ചെയ്യാതിരിക്കാനുമാവില്ല. പകരം വേറൊന്നു പണിയാന്‍ കൈയില്‍ പണവുമില്ല. എങ്കിലും പ്രത്യാശ കൈവിടാന്‍ അയാള്‍ തയ്യാറായില്ല. അങ്ങനെയാണ്, അയാള്‍ കൊട്ടാരം വിദൂഷകനെ രഹസ്യമായി സന്ദര്‍ശിച്ചത്. ആ വിദൂഷകന് വളരെ സൂത്രശാലിയായിരുന്നു. കഥ കേട്ടതേ, വിദൂഷകന് പറഞ്ഞു.
”വീട് വിറ്റുകിട്ടുന്ന പണം ദാനം ചെയ്യാമെന്നല്ലേ, നേര്‍ച്ച. അതിനെന്താ വിറ്റോളൂ. പക്ഷെ, കൂട്ടത്തില്‍ നിങ്ങളുടെ വളര്‍ത്തുപട്ടിയേയും കൂടി കൊടുക്കണം. പട്ടിക്ക് ആയിരം പവനും, വീടിന് ഒരു പവനും വിലയിട്ടോളൂ. രണ്ടിനെയും കൂടി വിറ്റു കിട്ടുന്ന പണത്തില്‍ ഒരു പവന് ദരിദ്രര്‍ക്ക് ദാനവും ചെയ്യുക, ആയിരം പവന് വീടും പണിയുക.”
ഇതുപോലത്തെ വിദൂഷകരെല്ലായിടങ്ങളിലും കാണും. ദൈവത്തിന്റെ ലോകമെന്ന് പറയുന്നത്, മനുഷ്യബുദ്ധിക്കു കരുതാവുന്നതേയുള്ളെന്നാണ് പലരും ഓര്‍ത്തിരിക്കുന്നത്. പ്രപഞ്ചത്തില്‍ ഓരോന്നിനും ദൈവം ഇട്ടിരിക്കുന്ന പ്ലാനും പദ്ധതിയുമൊക്കെ മനുഷ്യന് മനസ്സിലാക്കാവുന്നത് ആയിരിക്കണമെന്നില്ല. നിത്യക്ഷമ (infinite patience) യുള്ളവര്‍ക്ക് പ്രപഞ്ചത്തെ കുറേയൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും.
ജീവിതനൈരാശ്യം മൂത്ത് ആത്മഹത്യ ചെയ്യാന്‍ വനത്തിലേക്ക് പോയ ഒരാളുടെ കഥയുണ്ട്. വനത്തിലേക്ക് കുറേ ദൂരം നടന്ന്, അല്‍പ്പം തുറസ്സായ സ്ഥലത്തു ചെന്ന് മുകളിലേക്ക് നോക്കി അയാള്‍ പറഞ്ഞു,
”ദൈവമേ, ഞാന്‍ ജീവിതം ഉപേക്ഷിക്കാതിരിക്കുന്നതിന് ഒരു നല്ല കാരണം പറയുമോ?” ദൈവം അയാളോട് പറഞ്ഞു,
”നോക്കുക, നീ പുല്ലും മുളയും കാണുന്നുണ്ടോ?” അയാള്‍ പറഞ്ഞു,
”ഉണ്ട്.” ദൈവം തുടര്‍ന്നു,
”പുല്ലിനെയും മുളയേയും ഞാന്‍ നട്ടത് വളരെ ശ്രദ്ധയോടെ തന്നെ. ഞാനവയ്ക്കു വെളിച്ചം കൊടുത്തു, വെള്ളവും കൊടുത്തു. പുല്ല് മണ്ണില്‍ പെട്ടെന്ന് വളര്‍ന്നു, അതിന്റെ പച്ചപ്പ്, പ്രതലം ആവരണം ചെയ്തു. പക്ഷേ, മുളയുടെ വിത്തില്‍നിന്ന് ഒന്നും പുറത്തു വന്നില്ല. എങ്കിലും, ഞാനതിനെ ഉപേക്ഷിച്ചില്ല. രണ്ടു വര്‍ഷം ആയപ്പോഴേക്കും പുല്ലു നന്നായി വളര്‍ന്നിരുന്നു. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും, നാല് വര്‍ഷം കഴിഞ്ഞിട്ടും മുളയുടെ വിത്തിന് എന്തെങ്കിലും സംഭവിച്ചതായി കാണാനില്ലായിരുന്നു. എങ്കിലും, ഞാനതിനെ ഉപേക്ഷിച്ചില്ല; വെള്ളവും വെളിച്ചവും കൊടുത്തുകൊണ്ടേയിരുന്നു. അഞ്ചാം വര്‍ഷം, ഒരു ചെറിയ മുഴപോലെയെന്തോ മണ്ണിനു മുകളില്‍ കണ്ടു. പുല്ലുമായി താരതമ്യപ്പെടുത്തിയാല്‍ അത് ചെറുതായിരുന്നു. പക്ഷേ, കൃത്യം ആറു മാസം കഴിഞ്ഞപ്പോള്‍, അതിന്റെ ഉയരം 100 അടി മുകളിലെത്തിയിരുന്നു!!
”ഇക്കഴിഞ്ഞ അഞ്ചു വര്‍ഷവും, അതിനു നിലനില്ക്കാന് എന്തൊക്കെയായിരുന്നോ ആവശ്യമായി വരുമായിരുന്നത്, അവ തയ്യാറാക്കുകയായിരുന്നു, മുളയുടെ വേരുകള്‍.” ദൈവം തുടര്‍ന്നു,
”കുട്ടീ, വര്‍ഷങ്ങളായി നീ വിഷമിച്ചുകൊണ്ടിരുന്നപ്പോള് നിന്റെ വേരുകള്‍ ബലപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് നീ അറിഞ്ഞില്ലേ? മുളയെയും ഞാനുപേക്ഷിച്ചില്ല, നിന്നെയും ഞാന്‍ ഉപേക്ഷിക്കുന്നില്ല. മറ്റുള്ളവരുമായി നിന്നെ നീ താരതമ്യപ്പെടുത്തരുത്. പുല്ലിന്റെ ദൗത്യമല്ല മുളയ്ക്കുള്ളത്. രണ്ടുപേരും ചേരുമ്പോള്‍ വനം കൂടുതല്‍ മനോഹരമാകുന്നു. നിന്റെ സമയം വരും. നീ വളരെ ഉയരത്തില്‍ വളരും.”
”എത്ര ഉയരത്തില്‍ ഞാന്‍ വളരണം?” അയാള്‍ ചോദിച്ചു.
”നീ വളരാവുന്നിടത്തോളം വളരുക.” ദൈവം പറഞ്ഞു.
അയാള്‍ മടങ്ങിപ്പോയതായി കഥ പറയുന്നു. ദൈവത്തിന്റെ നിയമങ്ങള്‍ എല്ലായിടത്തും ഒന്നു തന്നെ. നാം ശ്രദ്ധിക്കേണ്ടത് ഒരൊറ്റ കാര്യം മാത്രം – എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ഒരിക്കലും പ്രത്യാശ കൈവിടരുത്!