അനുമാനങ്ങളും ജീവിതവും

  • Episode 1
  • 18-10-2022
  • 06 Min Read
അനുമാനങ്ങളും ജീവിതവും

ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ കള്ളന്‍ കയറി, വില്‍ക്കാന്‍ നിരത്തിവെച്ചിരുന്ന സാധനങ്ങളുടെയെല്ലാം പ്രൈസ് റ്റാഗുകള്‍ പരസ്പരം മാറ്റിവെച്ചുവെന്നു സങ്കല്‍പ്പിക്കുക. ആരാണെങ്കിലും, സാധനങ്ങള്‍ വാങ്ങാന്‍ ചെല്ലുന്നവന്‍ കണ്‍ഫ്യൂഷനിലാകും! യഥാര്‍ഥ ജീവിതത്തിന് ഇത്തരമൊരു സാഹചര്യവുമായി വളരെ ബന്ധമുണ്ടെന്ന് തോന്നുന്നു. ഒരു വ്യത്യാസമുള്ളത്, യഥാര്‍ഥ ജീവിതത്തില്‍ ഒന്നിനും പ്രൈസ് റ്റാഗ് തന്നെ ഇല്ലെന്നതാണ്. ചുറ്റും കാണുന്ന സാധ്യതകളുടെ ശരിയായ മൂല്യം നിശ്ചയിക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ മിക്കവരും അമ്പേ പരാജയപ്പെടുന്നു. ലാഭമെന്നു തോന്നുന്നത് വാരിക്കൂട്ടുന്നു, വേണ്ടതെന്താണെന്ന് അറിയുന്നുമില്ല. പലരുടെയും പരാജയത്തിന്റെ ഒരു കാരണമതാണ്.

എങ്കിലും, ബഹുമിടുക്കരാണെന്നാണ് നമ്മുടെ ഭാവം. കുറേ ഉറുമ്പുകള്‍ ചേര്‍ന്ന് ഒരു തൂവലുമായി പോയ കഥ ഓര്‍ക്കുന്നു. വഴിക്കുണ്ടായ തടസ്സങ്ങളെയെല്ലാം ഒഴിവാക്കി അവരുടെ യാത്ര തുടര്‍ന്നു. അവസാനം, ആഴമുള്ള അല്‍പ്പം നീണ്ട ഒരു വിടവിന്റെ അടുത്തവരെത്തി. അത് ചാടിക്കടക്കുക എളുപ്പമായിരുന്നില്ല. ഒരു മാര്‍ഗവുമില്ലാതെ വന്നപ്പോള്‍, അവരാ തൂവല്‍ വിടവിനു വിലങ്ങനെ തള്ളിവെച്ച്, തൂവല്‍ പാലത്തിലൂടെ വിടവിനപ്പുറം ചെന്നു. തൂവലുമായി മാളത്തിലെത്തിയപ്പോള്‍ അവിടെയും പ്രശ്‌നം! തൂവല്‍ അതിനുള്ളില്‍ കയറ്റാന്‍ പറ്റില്ല. അവസാനം ഉറുമ്പുകള്‍ ആ ശ്രമം ഉപേക്ഷിച്ചു. തൂവലിന്റെ ഭംഗികണ്ട് അതും ചുമന്നുകൊണ്ട് വന്നുവെന്നല്ലാതെ, ഇതുകൊണ്ട് എന്ത് പ്രയോജനമെന്ന് അവര്‍ ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല.

ലക്ഷ്യം കൃത്യമായി മനസ്സിലാക്കാതെ മുന്നോട്ടു പോകുന്ന ഒരു ജീവിതം ഒരിക്കലും വിജയിക്കാനിടയില്ല. ഒരിക്കല്‍ ഒരാള്‍ കിണറു കുഴിച്ച കഥ കേട്ടിട്ടുണ്ട്. അല്‍പ്പം കുഴിക്കുമ്പോള്‍ ആരെങ്കിലും വരും ഇതിലും നല്ല സ്ഥാനമെന്ന് പറഞ്ഞു മറ്റൊരു സ്ഥലം കാണിച്ചു കൊടുക്കും. അവസാനം പറമ്പ് നിറയെ കുഴികളായി, ഒന്നിനകത്തു നിന്നും അയാള്‍ക്ക് വെള്ളം കിട്ടിയതുമില്ല. ഏതെങ്കിലും ഒരെണ്ണം, ആഴത്തില്‍ കുഴിച്ചിരുന്നെങ്കില്‍!
മുല്ലാ നസറുദ്ദിന്‍ പറയുന്നതുപോലെ, അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് മിക്കവരുടേയും ജീവിതം തന്നെ. എല്ലാക്കാര്യങ്ങളും നന്നായിപ്പോകുമെന്ന് നാം കരുതുന്നു. അങ്ങനെയല്ല സംഭവിച്ചതെങ്കില്‍ നാമതിനെ ദൗര്‍ഭാഗ്യമെന്നു വിളിക്കുന്നു. ആഗ്രഹിച്ചതുപോലെയാണ് സംഭവിച്ചതെങ്കില്‍ അതിനെ സൗഭാഗ്യമെന്നും വിളിക്കുന്നു. ചില കാര്യങ്ങള്‍ സംഭവിക്കുമെന്ന് നമുക്കറിയാം. പക്ഷേ, കൃത്യമായും അതെങ്ങനെയെന്ന് അറിയുകയുമില്ല. അപ്പോള്‍, ഭാവി പ്രവചനാതീതമെന്നും നാം പറയുന്നു.

ടോമിന്റെ കഥ ഓര്‍ക്കുമ്പോള്‍ എനിക്കും സങ്കടം വരും. അനേകം മിടുക്കരിലെ ഒരാളായിട്ടാണ് ഞാന്‍ ടോമിനെയും കരുതുന്നത്. ടോം എന്നുംതന്നെ ഓഫീസില്‍ വരുമായിരുന്നത് ലെയിറ്റായിട്ടായിരുന്നെന്നു പറയാം  വഴക്കു കേട്ട് ടോം മടുത്തു. അവസാനം, ടോം ഒരു ഡോക്ടറുടെ അടുത്തു ചെന്നു. അദ്ദേഹമൊരു മരുന്നിനു കുറിച്ചു കൊടുത്തു. പറഞ്ഞിരുന്നപോലെ, കിടക്കുന്നതിനു മുമ്പ് ടോം ഗുളികയും കഴിച്ചു. രാവിലെ എണീറ്റപ്പോഴേ വാച്ചില്‍ നോക്കി ഓ! ഇന്ന് നേരത്തെ എണീറ്റിരിക്കുന്നു. സന്തോഷത്തോടെ ടോം ഓഫീസിലേക്കു ചെന്നു. അന്നും അയാളെ ഓഫീസര്‍ പിടികൂടി. ഇന്നു കൃത്യസമയത്തു വന്ന കാര്യം ടോം പറഞ്ഞു. പക്ഷേ, ഓഫീസര്‍ ചോദിച്ചു.

”അത് ശരി തന്നെ, ഇന്ന് സമയം തെറ്റിച്ചിട്ടില്ല. പക്ഷേ, നീ ഇന്നലെ എവിടെയായിരുന്നു?” ഒരു ദിവസം കൂടുതല്‍ ഉറങ്ങിപ്പോയത് ടോം അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അത് ശരിയായേക്കാം എന്ന നിഗമനത്തിലാണ് നമ്മുടെ നീക്കങ്ങള്‍; അല്ലാതെ, ചെയ്തതെന്തെങ്കിലും ഉറപ്പായും ശരിയായിരിക്കുമെന്ന് നാം കരുതുന്നില്ല.

ഒരിക്കല്‍ ആതന്‍സിലെ ഒരു ധനികന്‍ സോക്രട്ടീസിനെ കാണാന്‍ വന്നു. അദ്ദേഹം ക്‌ളാസ്സെടുത്തുകൊണ്ടിരിക്കുകയായിരുന്നതുകൊണ്ട് ഇയാളെ ശ്രദ്ധിച്ചില്ല. പക്ഷെ, ഞാനാരാണെന്നിയാള്‍ക്കറിയില്ലെന്നു ധനവാന്‍ പറയുന്നത് സോക്രട്ടീസ് കേട്ടു. നമുക്കതിപ്പോള്‍ തീരുമാനിക്കാമെന്നു പറഞ്ഞുകൊണ്ട് സോക്രട്ടീസ് ലോകത്തിന്റെ മാപ്പെടുത്തു നിവര്‍ത്തി. അതില്‍, അയാള്‍ നില്‍ക്കുന്നിടം കാണിച്ചു തരാന്‍ ധനികനോട് ആവശ്യപ്പെട്ടു. സാമാന്യം വലിയ ആ മാപ്പിലും ആതന്‍സ് ഒരു പൊട്ടുപോലെയേ കാണാമായിരുന്നുള്ളു.

ഒരര്‍ഥത്തില്‍ നോക്കിയാല്‍, ഒരു മനുഷ്യനെന്നു പറയുന്നത് തന്നെ അപ്രസക്തമായ ഈ പ്രപഞ്ചത്തില്‍, ഞാന്‍ വലിയവനാണെന്നുകൂടി അവന്‍ കരുതിയാലോ? അനുമാനങ്ങളില്‍ മാത്രം ആശ്രയിച്ചാര്‍ക്കെങ്കിലും വിജയിക്കാനാവുമോ? വിജയിച്ചിരിക്കു ന്നുവെന്ന് അനുമാനിച്ചാല്‍ മതിയെങ്കില്‍ കുഴപ്പമില്ല!

ഏതൊരുവന്റെയാണെങ്കിലും ശരിയായ സ്ഥിതിയും, ശരിയായ ശേഷിയും, ശരിയായ മാര്‍ഗവും അവന്‍ അറിയുന്നുവെങ്കില്‍ അവനെ വിജയികളുടെ ഗണത്തില്‍പ്പെടുത്താം.

Select your favourite platform