പ്രതിസന്ധികളില്ലാത്തവരില്ല; ഒരേ പ്രതിസന്ധിയാണെങ്കിലും, ഓരോരുത്തരും അതിനെ നേരിടുന്നത് വിവിധ രീതികളില്‍. പ്രതിസന്ധികളെ നേരിടേണ്ടത് ആഘോഷമായിട്ടുതന്നെ വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. പേടിച്ചോടാന്‍ തയ്യാറെടുക്കുന്നവന് എവിടംവരെ ഓടേണ്ടിവരുമെന്ന് പറയാന്‍ വയ്യ. മദ്യത്തിന് പിന്നില്‍ ഒളിക്കാന്‍ പരിശീലിക്കുന്നവനും എന്നെങ്കിലും പുറത്തു വന്നേ മതിയാവൂ.
യൂണിവാഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ പേരെടുത്ത ഒരു മോട്ടിവേഷണല്‍ പ്രഭാഷകനും പ്രത്യേക വിദ്യാഭ്യാസ വിഭാഗത്തില്‍ പ്രൊഫസറുമായിരുന്നു, ലിയോ ബസ്കാഗ്ലിയാ. അദ്ദേഹത്തിന്റെ അമ്മ അവരുടെ വീട്ടില്‍ വെച്ച് നടത്തിയ, ‘ദുരിത അത്താഴം’ (misery dinner ) എന്ന് വിളിക്കുന്ന ഒരു ചടങ്ങിന്റെ കഥ അദ്ദേഹം പറയുന്നു.
ഒരു ദിവസം ജോലിയും കഴിഞ്ഞു പപ്പാ വീട്ടില്‍ വരുന്നു, എല്ലാവരെയും വിളിച്ചു ചുറ്റും നിര്‍ത്തി പറയുന്നു,
”എന്റെ ബിസ്സിനസ്സ് പാര്‍ട്ട്ണര്‍ എന്നെ വഞ്ചിച്ചു, സര്‍വതും കൈക്കലാക്കി അയാള്‍ അപ്രത്യക്ഷനായിരിക്കുന്നു. നാമിനി പൂര്‍ണ്ണ ദാരിദ്ര്യത്തിലായിരിക്കും കഴിയേണ്ടിവരിക!”
എല്ലാവരും സ്തബ്ധരായി നിന്നു പോയി!
പിറ്റേന്ന് സ്കൂളില്‍ പോയ കുട്ടികള്‍ തിരിച്ചു വന്നത്, ഇന്നു വൈകിട്ട് എന്ത് കഴിക്കുമെന്നതിനെപ്പറ്റിക്കൂടി ചിന്തിച്ചുകൊണ്ടായിരുന്നുവത്രെ. പ്രൊഫ. ലിയോ ബസ്കാഗ്ലിയാ പറയുന്നത്, അന്നായിരുന്നു, ആ വീട്ടില്‍ ഏറ്റവും വലിയ ആഘോഷം നടന്നതെന്നാണ്. ആരോടും ചോദിക്കാതെ, അല്പം ആഭരണമൊക്കെ വിറ്റ്, മനോഹരമായ ഒരു അത്താഴം ഉണ്ടാക്കി തയ്യാറായിരുന്നു, ലേഡി ബസ്കാഗ്ലിയാ. ആ സദ്യയെയാണ് ‘ദുരിത സദ്യ’ എന്ന് പ്രൊഫസ്സര്‍ ലിയോ വിളിക്കുന്നത്. പപ്പാ ഇതുകണ്ട് തെറ്റിദ്ധരിച്ചുവെന്നു പറയാം. മമ്മായ്ക്കെന്തോ കുഴപ്പമുണ്ടായിരിക്കുന്നുവെന്നുതന്നെയായിരുന്നു പപ്പാ കരുതിയത്.
”നിനക്കെന്തു പറ്റി?” പപ്പാ ചോദിച്ചു.
മിസ്സസ്സ് ബസ്കാഗ്ലിയാ പറഞ്ഞു,
”ഇപ്പോഴാണ് സന്തോഷിക്കേണ്ടത്; ആഘോഷം വേണ്ടത്, നമുക്കാവശ്യമുള്ളപ്പോഴാണ്; അല്ലാതെ അടുത്താഴ്ച്ചയല്ല.”
അത്താഴത്തിനെല്ലാവരും ഒത്തു കൂടിയപ്പോള്‍ മൂത്തമകള്‍ പറഞ്ഞു:
”ഞാനല്‍പ്പം ഓവര്‍ ടൈം ജോലി ചെയ്യാം.” ലിയോ പറഞ്ഞു,
”ഞാന്‍ മാസികകള്‍ വില്‍ക്കാം,” തകര്‍ച്ചയുടെ ദൈന്യത, പെട്ടെന്ന് ഉയരാനുള്ള ആവേശമായി മാറി. ബസ്കാഗ്ലിയാ ദമ്പതികള്‍ കടന്നുപോയത്, അവര്‍ക്കു പോയതിനെക്കാളേറെ സമ്പാദിച്ചുകൊണ്ടായിരുന്നു!
ഒരിക്കല്‍, ഒരു യോദ്ധാവ് ആയുധ പരിശീലനത്തിനായി കളരിയില്‍ ചെന്നു. ഒന്നൊന്നായി പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും ചുവടുകള്‍ യോദ്ധാവ് പഠിച്ചു. പരിശീലകന് വ്യാളിയെ കൊല്ലുന്നതില്‍ കൂടുതല്‍ പരിശീലനവും യോദ്ധാവിനു നല്കി. ഇനി യഥാര്‍ഥ വ്യാളികളെ കൊല്ലാന്‍ തയ്യാറായിക്കൊള്ളുകയെന്ന് പരിശീലകന് പറഞ്ഞു. ഇതു കേട്ടതേ, യോദ്ധാവ് വിറയ്ക്കാന്‍ തുടങ്ങി. പരിശീലകന് അയാളോട് പറഞ്ഞു,
”ഞാന്‍ നിനക്കൊരു മന്ത്രവും തരുന്നു, വ്യാളിയെ കാണുമ്പോള്‍ ഈ മന്ത്രം ചൊല്ലുക, വ്യാളി നിസ്സഹായനായി മാറും.”
പരിശീലകനെ യോദ്ധാവിനു വലിയ വിശ്വാസമായിരുന്നു. താമസിയാതെ അയാള്‍ പ്രസിദ്ധനായ വ്യാളിക്കൊലയാളിയായി മാറി. പട്ടണത്തിലെങ്ങും അയാളുടെ പ്രശസ്തി വ്യാപിച്ചു. കുറച്ചുനാള്‍ കഴിഞ്ഞ് പഴയ പരിശീലകനെ വീണ്ടും കാണാനിടയായപ്പോഴാണ്, മന്ത്രത്തില്‍ ഒരു കഥയുമില്ലായിരുന്നെന്ന് യോദ്ധാവ് അറിഞ്ഞത്.
ഒരാള്‍ ബിസിനസില്‍ അടിപടലം തകര്‍ന്ന് ബീച്ചില്‍ വന്നിരുന്ന ഒരു കഥയുണ്ട്. യാദൃശ്ചികമായി അയാള്‍ ഒരു മധ്യവയസ്കനുമായി പരിചയപ്പെട്ടു. തന്റെ തകര്‍ച്ചയുടെ കഥ ഈ ബിസിനസുകാരന് അയാളോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ തന്റെ പോക്കറ്റില്‍ നിന്നു ചെക്കുബുക്കെടുത്ത് ഒരു ലക്ഷം ഡോളറിന്റെ ഒരു ചെക്കെഴുതിക്കൊടുത്തിട്ടു പറഞ്ഞു,
”അടുത്ത വര്‍ഷം ഇതേ ദിവസം ഇതേ സമയത്തു ഞാന്‍ വരും. അപ്പോള്‍ മുഴുവന്‍ തുകയും തിരിച്ചു തരണം, ഇല്ലെങ്കില്‍ ……” ഇത്രയും പറഞ്ഞിട്ട് അപരിചിതന് പോവുകയും ചെയ്തു. ഈ ചെക്കില്‍ ഒപ്പിട്ടിരിക്കുന്നതാരാണെന്ന് ബിസിനസുകാരന് നോക്കി Huero Buff എന്നാണെഴുതിയിരുന്നത്. ഇയാള്‍ പോയിക്കഴിഞ്ഞപ്പോഴാണ്, ഇത് കുപ്രസിദ്ധമായ അമേരിക്കന്‍ മയക്കുമരുന്ന് സംഘത്തിന്റെ തലവന്റെ പേരാണല്ലോ എന്നോര്‍ത്തത്. ബിസിനസുകാരന് ആകെ പരവശനായി; പണം തിരിച്ചു കൊടുക്കാതിരുന്നാലും കൊല്ലും, ബിസിനസ് മെച്ചപ്പെടുത്താതിരുന്നാലും കൊല്ലും – ചിലപ്പോള്‍ ചെക്ക് കൈപ്പറ്റിയതിനും അയാള്‍ വിധിക്കുന്നത് മരണമായിരിക്കാം. അയാളുടെ ചരിത്രം അത്ര ഭീകരമായിരുന്നു.
ആ ചെക്കയാള് ഭദ്രമായി വെച്ചു. പതിയെ, ചെറിയ ചെറിയ കടങ്ങളെടുത്ത് വ്യാപാരങ്ങള്‍ ചെയ്തു തുടങ്ങി. ഒക്കെയാണെങ്കിലും, അത്യാവശ്യം വന്നാല്‍ ചെക്ക് മാറണമെന്നും അയാള്‍ വിചാരിച്ചിരുന്നു. ഒന്നും വേണ്ടിവന്നില്ല, ബിസിനസ് വളര്‍ന്നു. കൃത്യം 365 ദിവസം കഴിഞ്ഞപ്പോള്‍ ചെക്കുമായി ഇയാള്‍ ബീച്ചിലെത്തി. ഏറെനേരം നിന്നിട്ടും ആളെ കാണാതായപ്പോള്‍, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനോട് ഇങ്ങനെയൊരാളെപ്പറ്റി അന്വേഷിച്ചു. അയാള്‍ക്ക് മനസ്സിലായില്ല. പിന്നെ അയാളോട് അദ്ദേഹത്തിന്റെ പേര് പറഞ്ഞു, ഇങ്ങനെയൊരു ചെക്ക് കിട്ടിയിരുന്നെന്നും പറഞ്ഞു. അത്രയും കേട്ടപ്പോള്‍ ഗാര്‍ഡിനു കാര്യം മനസ്സിലായി. മാനസികാശുപത്രിയില്‍ നിന്നു ചാടി, ആ പേരില്‍ ഒരാള്‍ ബീച്ചിലൂടെ കുറച്ചുനാളലഞ്ഞു നടന്നിരുന്നെന്നും, കുറെ ചെക്കുകള്‍ വിതരണം ചെയ്തിരുന്നെന്നും ഗാര്‍ഡ് പറഞ്ഞു!
അത്രയും പണം, കൈയിലുണ്ടെന്ന ആത്മവിശ്വാസം ആ ബിസിനസുകാരന്റെ ഭാവി മാറ്റിമറിച്ചു. യഥാര്‍ഥ ജീവിതത്തിലാണെങ്കിലും, പ്രതിസന്ധികളില്‍ നമ്മുടെ ജയാപജയങ്ങള്‍ നിശ്ചയിക്കുന്നത് മനസ്സ് തന്നെ! ഈ മനസ്സിനെ മെരുക്കാന്‍ പഠിച്ചാല്‍, പടുകുഴിയില്‍ നിന്നുപോലും ഉയിര്ത്തെണീല്ക്കാന് ആര്‍ക്കും കഴിഞ്ഞെന്നിരിക്കും.
പ്രതിസന്ധികള്‍ക്ക് മിക്കപ്പോഴും നായ്ക്കളുടെ സ്വഭാവമാണ്, തിരിഞ്ഞുനിന്നാല്‍ ഓടിക്കളയും!