പ്രചോദനത്തിന്റെ ശക്തി

  • Episode 52
  • 29-11-2022
  • 08 Min Read
പ്രചോദനത്തിന്റെ ശക്തി

ഗൗതമബുദ്ധന്‍ വളരെ അകലെയുള്ള ഒരു ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനശിഷ്യനായിരുന്ന ആനന്ദനെയും ഒപ്പം കൂട്ടിയിരുന്നു. ബുദ്ധമതക്കാര്‍ രാത്രിയില്‍ നടക്കാറില്ലല്ലോ? ഗ്രാമം അകലെയായിരുന്നതുകൊണ്ട്! ഗൗതമബുദ്ധന്റെ നടത്തയ്ക്കു നാലാള്‍ വേഗതയുണ്ടായിരുന്നു; ആനന്ദന്‍ ഒപ്പമെത്താന്‍ ബുദ്ധിമുട്ടി. ഏറെ ഗ്രാമങ്ങള്‍ അവര്‍ കടന്നുകഴിഞ്ഞിരുന്നു. ഒരു ഗ്രാമത്തില്‍ കണ്ട ഗ്രാമീണനോട് ആനന്ദന്‍ ചോദിച്ചു, ഇനിയങ്ങോട്ട് എത്ര ദൂരമുണ്ടെന്ന്.  ഏതാനും മൈലുകള്‍ കൂടെയെന്നയാള്‍ പറഞ്ഞു.

ഏതാനും മൈലുകള്‍ കഴിഞ്ഞപ്പോളെത്തിയ ഗ്രാമവും ഉദ്ദേശിച്ച ഗ്രാമം ആയിരുന്നില്ല. അവിടെയുള്ള ഒരാളോട് ആനന്ദന്‍ ചോദിച്ചപ്പോഴും, ഏതാനും മൈലുകള്‍കൂടിയെന്നാണ് പറഞ്ഞത്. പക്ഷേ, അതും ശരിയായിരുന്നില്ല. എല്ലാവരും ഇങ്ങിനെ ഒരേ നുണതന്നെ പറയുന്നതെന്തുകൊണ്ടാണെന്ന് ഗുരുവിനോട് ചോദിക്കാന്‍ ആനന്ദന്‍ തീരുമാനിച്ചു. ഗുരു പറഞ്ഞ മറുപടി ആനന്ദനെ ഞെട്ടിച്ചു കളഞ്ഞു.
”അവരെല്ലാം എന്റെ ശിഷ്യര്‍ തന്നെയാണ് ആനന്ദാ.” ബുദ്ധന്‍ പറഞ്ഞു.
‘കള്ളം പറയാനാണോ അങ്ങവരെ പഠിപ്പിച്ചിരിക്കുന്ന’തെന്ന് ചോദിക്കാന്‍ ആനന്ദന്‍ നാക്കു വളച്ചതാണ്, പക്ഷേ ചോദിച്ചില്ല. അല്പനേരം കഴിഞ്ഞു ഗൗതമബുദ്ധന്‍ തുടര്‍ന്നു,
”ഗ്രാമം വളരെ ദൂരെയാണെന്നാണവര്‍ താങ്കളോട് പറഞ്ഞിരുന്നതെങ്കില്‍, എത്രയോ മുമ്പേ താങ്കള്‍ നടത്തം നിര്‍ത്തിയേനെ. ഇനി ഞാന്‍ പറയാം, ഇനിയങ്ങോട്ട് ഏതാനും മൈലുകളെയുള്ളു.”

പ്രചോദനത്തിന്റെ പ്രസക്തിയെപ്പറ്റിയാണിത് പറയുന്നത്. അതില്ലെങ്കില്‍ ഒരുവനും യാതൊന്നും ചെയ്യാന്‍ സാധിക്കണമെന്നില്ലത്രെ. അതിന്റെ ശക്തി മനസ്സിലാക്കിയതുകൊണ്ടാണ് ഗ്രാമീണര്‍ അങ്ങനെ പറഞ്ഞതെന്ന് ആനന്ദന് മനസ്സിലായി. ഒരു നല്ല ഉപദേശം തരാന്‍ ആരെങ്കിലും തന്നോട് ചോദിച്ചാല്‍ പറയാനൊരു സിദ്ധാന്തം പഠിച്ച സന്തോഷത്തിലായിരുന്നു ആനന്ദന്‍.
ശരിയല്ലേ? അപരനെ പ്രചോദിപ്പിക്കുകയെന്നതിനേക്കാള്‍ എന്ത് മെച്ചപ്പെട്ട കാര്യമാണ് ഒരാള്‍ക്ക് ചെയ്യുവാനുള്ളത്? ആനന്ദന്‍  സ്വയം ചോദിച്ചുകൊണ്ടിരുന്നു.

Select your favourite platform