പ്രകൃതിയോടൊപ്പം ജീവിക്കുക

  • Episode 22
  • 29-11-2022
  • 12 Min Read
പ്രകൃതിയോടൊപ്പം ജീവിക്കുക

T N ശേഷന്‍, ഒരു മാനേജ്‌മെന്റ് സെമിനാറില്‍ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കുമ്പോള്‍ ഒരു വിനോദയാത്രയ്ക്കായി ഭാര്യയോടൊപ്പം  ഉത്തര്‍പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയില്‍ ഒരു വലിയ മാവിന്‍താട്ടത്തില്‍ നിറയെ കീഴ്ക്കണാം കുരുവിയുടെ കൂടുകള്‍! ഇത് കണ്ട് അവരവിടെ ഇറങ്ങി. കൂട്ടത്തില്‍ ഭാര്യയ്‌ക്കൊരാഗ്രഹം, ഇതില്‍ രണ്ടു കൂടു വീട്ടില്‍ വയ്ക്കാന്‍ വേണം. തോട്ടത്തില്‍ പശുക്കളെ മേയ്ച്ച് നിന്ന ഒരു ബാലനെ പോലീസുകാര്‍ വിളിച്ച് ആവശ്യം അറിയിച്ചു. T N ശേഷന്‍ അവന് 10 രൂപ കൊടുക്കാമെന്നായി. അവന്‍ പറ്റില്ലാ എന്ന് പറഞ്ഞു. എന്നാല്‍ 50 രൂപ തരാമെന്നായി ശേഷന്‍. പോലീസ് അവനെ നിര്‍ബ്ബന്ധിച്ചു, ‘വലിയ സാറാണ്  ചെയ്തു കൊടുക്കണം’.

ഉടന്‍ അവന്‍ ശേഷനോടും ഭാര്യയോടും പറഞ്ഞു.
”എന്ത് തന്നാലും ഞാനിത് ചെയ്യില്ല സാബ്ജി. ആ കൂടിനുള്ളില്‍ കിളിയുടെ കുഞ്ഞുങ്ങള്‍ ഉണ്ടാവും; ഞാനിത് സാബിന് തന്നാല്‍ വൈകുന്നേരം അതിന്റെ അമ്മക്കിളി കുഞ്ഞിനുള്ള ഭക്ഷണവുമായി വരും – കുഞ്ഞുങ്ങളെ കണ്ടില്ലങ്കില്‍ അത് കരയും. അതെനിക്ക് കാണാന്‍ വയ്യ!”
ഇതു കേട്ട് ശേഷനും ഭാര്യയും സ്തബ്ദരായി. ശേഷന്‍ പറയുന്നു, എന്റെ എല്ലാ സ്ഥാനങ്ങളും, IAS ഉം ആ കാലിമേയ്ക്കുന്ന കൊച്ചു ബാലനു മുന്നില്‍ ഉരുകി ഇല്ലാതായിയെന്ന്, അവന്റെ മുന്നില്‍ ഒരു കടുക് മണിയോളം ചെറുതായിയെന്ന്.
ആഗ്രഹം ഉപേക്ഷിച്ച് തിരികെ വന്ന ശേഷനെ ദിവസങ്ങളോളം കുറ്റബോധത്താല്‍ ആ സംഭവം വേട്ടയാടി. വിദ്യാഭ്യാസവും സ്യൂട്ടും കോട്ടും ഒരിക്കലും മാനവീയതയുടെ അളവുകോലല്ലെന്ന് അന്നദ്ദേഹത്തിനു മനസ്സിലായി.

മാനിഷാദ പ്രതിഷ്ഠാംത്വ… എന്ന് പറഞ്ഞുകൊണ്ട്, കൊക്കുരുമ്മിയിരുന്ന രണ്ട് ക്രൗഞ്ചപക്ഷികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനെ ശപിച്ചുകൊണ്ടാണ് രാമായണം വാത്മീകി എഴുതിത്തുടങ്ങിയത്. ഇത് സംസ്‌കൃതത്തിലെ ആദ്യ ശ്ലോകവുമാണെന്ന് കരുതപ്പെടുന്നു. പ്രകൃതിയിലെ വലിയൊരു നിയമമാണ് എല്ലാ ജീവജാലങ്ങള്‍ക്കും ഇവിടെ ഇടം കൊടുക്കാനുള്ള ബാദ്ധ്യത നമുക്കുണ്ടെന്നത്. ജൈനമതക്കാര്‍ ഉച്ഛ്വസിക്കുന്ന ശ്വാസംകൊണ്ട് പോലും അണുക്കളെ കൊല്ലാതെ നോക്കുന്നു. ജീവികളുടെ  ആഹാരച്ചങ്ങലയില്‍ മറ്റു മൃഗങ്ങളെയും സസ്യങ്ങളെയുമൊക്കെ കൊല്ലേണ്ട തായി വരും. മൃഗങ്ങളാവട്ടെ വിശപ്പടക്കാന്‍ വേണ്ടി മാത്രമേ അത് ചെയ്യുന്നുമുള്ളു. സിംഹം വേനല്‍ക്കാലത്തേയ്ക്കു വേണ്ടി മാനിനെ കൊന്ന് ഇറച്ചി ഉണക്കി സൂക്ഷിക്കാറില്ല. മനുഷ്യന്‍ നശിപ്പിക്കുന്നത് കൗതുകത്തിനുവേണ്ടിയോ വീണ്ടുവിചാരമില്ലാതെയോ ആണെന്നാണ് പൊതു വിലയിരുത്തല്‍. അതുകൊണ്ടാണ് ഇണപ്പക്ഷിയെ കൊന്ന പാപം മരിച്ചാലും തീരില്ലെന്ന് വാല്‍മീകി പറയുന്നത്.

ചെടികളോടാണെങ്കിലും ജന്തുക്കളോടാണെങ്കിലും സഹജീവിയോടെന്നപോലെ ആയിരിക്കട്ടെ നമ്മുടെ സമീപനം! ഇവയെല്ലാം ഇല്ലാതായാല്‍ മനുഷ്യനും അവസാനിക്കുമെന്ന് കാണാതിരിക്കരുത്. ലോകത്ത് 75 % പൂക്കളിലും പരാഗണം നടത്തുന്നത് തേനീച്ചകളാണ്. അവയില്ലാത്ത ആറു മാസങ്ങള്‍ തുര്‍ച്ചയായി ഉണ്ടായാല്‍ മനുഷ്യ ജീവിതം ദുഃഷ്‌കരമായിരിക്കുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.

Select your favourite platform