“നിനക്കിതെന്തു പറ്റി ഭീമാ?”

  • Episode 77
  • 29-11-2022
  • 08 Min Read
“നിനക്കിതെന്തു പറ്റി ഭീമാ?”

ദൈ്വതവനത്തിലെ ദുരിതങ്ങള്‍ക്കിടയിലാണ്, തന്റെ അരണിക്കോല്‍ ഒരു മാനിന്റെ കൊമ്പില്‍ ഉടക്കിയെന്നും അത് കണ്ടുപിടിച്ചു തരണമെന്നും പറഞ്ഞൊരു ബ്രാഹ്മണന്‍ യുധിഷ്ഠിരനെ സമീപിക്കുന്നത്. പാണ്ഡവന്മാര്‍ മാനിനെ അന്വേഷിച്ചു പോകുന്നു, വഴിക്കു യുധിഷ്ഠിരന് ദാഹിക്കുന്നു, വെള്ളം കൊണ്ടുവരാനായി പാണ്ഡവന്മാര്‍ ഓരോരുത്തരായി പോകുന്നു. യക്ഷന്റെ ആജ്ഞയെ ധിക്കരിച്ച് എല്ലാവരും തടാകത്തില്‍നിന്ന് വെള്ളം കുടിക്കുന്നു, മരിക്കുന്നു. ആ കഥയുടെ അവസാനം, യക്ഷന്റെ 36 ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കി സഹോദരന്മാരെയും കൊണ്ട് തടാക തീരത്തുനിന്നു മടങ്ങുന്ന യുധിഷ്ഠിരനെ നാം കാണുന്നു. ഈ യക്ഷപുരാണം വായിച്ചാല്‍ എത്ര അർഥങ്ങളും മുനകളുമുള്ള ചോദ്യങ്ങളാണ് യക്ഷന്‍ ചോദിച്ചതെന്നു മനസ്സിലാകും. ഏറ്റവും വലിയ ആശ്ചര്യമെന്താണെന്നു ചോദിച്ചതിന്, അനുക്ഷണം ജീവജാലങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നത് കണ്ണാല്‍ക്കണ്ടിട്ടും താന്‍ മാത്രം മരിക്കില്ല എന്നു കരുതി ജീവിക്കുന്നതാണ് മഹാശ്ചര്യം, എന്നാണ് യക്ഷന് കിട്ടിയ മറുപടി.

ആ ചോദ്യങ്ങള്‍ ചോദിച്ച യക്ഷനും അതിനുത്തരം പറഞ്ഞ യുധിഷ്ഠിരനും എത്ര പണ്ഡിതന്മാരായിരുന്നുവെന്നും നമുക്ക് മനസ്സിലാകും. യുധിഷ്ഠിരന്‍ പോലും മറന്നതും, നമ്മെപ്പോലുള്ളവര്‍ സദാ മറക്കുന്നതുമായ ഒരു കാര്യമാണ്, ഭീമന്‍ തന്റെ ഒരൊറ്റ ചിരിയിലൂടെ എല്ലാവരെയും പഠിപ്പിച്ചത്. ഒരു ദരിദ്രന്‍, മകളുടെ വിവാഹത്തിനു സഹായമഭ്യര്‍ഥിച്ചു വന്ന അവസരത്തിലായിരുന്നു, ഈ സംഭവം. അയാളോട് പിറ്റേന്നു വരാനും പരിഹാരമുണ്ടാക്കാമെന്നും യുധിഷ്ഠിരന്‍ പറഞ്ഞു. ഇതു കേട്ടപാടെ അടുത്തുണ്ടായിരുന്ന ഭീമന്‍ ഒരൊറ്റച്ചിരി! തുടര്‍ന്നു സേവകരോടായിപ്പറഞ്ഞു,
”വേഗം പെരുമ്പറയടിക്കുവിന്‍, എല്ലാവരും അറിയട്ടെ! ……” ഭീമന്റെ അസാമാന്യമായ പെരുമാറ്റം കണ്ട് യുധിഷ്ഠിരന്‍ ചോദിച്ചു,
”നിനക്കിതെന്തു പറ്റി ഭീമാ?” അപ്പോള്‍ ഭീമസേനന്‍ പറഞ്ഞു,
”അങ്ങു മരണത്തെ ജയിച്ചില്ലേ, അതുകൊണ്ടായിരിക്കണമല്ലോ അയാളോട് നാളെ വരാന്‍ അങ്ങ് പറഞ്ഞത്. അപ്പോള്‍ നാളെവരെ അങ്ങ് ജീവിച്ചിരിക്കുമെന്ന് ഉറപ്പല്ലേ?……”
ദ്വയാര്‍ഥപ്രയോഗങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇതിഹാസങ്ങളില്‍, ഇവിടെയും മറ്റൊരര്‍ഥത്തിനു സാധ്യത കാണുന്നു. സമയമെന്നത് ഒരു ആപേക്ഷിക അനുഭവമാണെന്നു കാണുമ്പോള്‍, അങ്ങനെയും ചിന്തിച്ചു പോകുന്നു. ഇതിന്റെ ശാസ്ത്രീയ ഉപജ്ഞാതാവായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റെയിന്‍ പറയുന്നത്, കാമുകിയുടെ അടുത്തായിരിക്കുമ്പോള്‍ ഒരു മണിക്കൂര്‍ ഒരു സെക്കന്റായി തോന്നുമെന്നും, ചുട്ടു പൊള്ളുന്നിടത്ത്  ഒരു സെക്കന്റ് ഇരുത്തിയാല്‍ അത് ഒരു മണിക്കൂറായി തോന്നുമെന്നും, അതാണ് ആപേക്ഷികസിദ്ധാന്തം എന്നുമാണ്.

ഇവിടെ ഭീമന്‍ ചിരിച്ചത്, നാളെ ആരാണുണ്ടായിരിക്കുകയെന്നതിനെപ്പറ്റിയുള്ള അവ്യക്തതയെ മാത്രം ചൂണ്ടിക്കാട്ടിയായിരിക്കുമെന്ന് കരുതുന്നത് ശരിയല്ല. ഇതിനേപ്പറ്റി  യുധിഷ്ഠിരന്  അറിവില്ലായിരുന്നുവെന്നും ഞാന്‍ കരുതുന്നില്ല. ഭീമന്‍ ചിരിച്ചത്, പരാതി പറഞ്ഞ മനുഷ്യനും, തീരുമാനം പറയുന്ന യുധിഷ്ഠിരനും അടുത്ത ദിവസം  ഇന്നത്തെ ചിന്താധാരയിലോ ഭൗതികാവസ്ഥയിലോ ആരോഗ്യത്തിലോപോലും ആയിരിക്കുകയില്ലെന്നും, ഇന്നത്തെ പ്രശ്‌നത്തിന് നാളെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നുമുള്ള ഒരു മഹാസത്യം ഓര്‍മ്മിപ്പിക്കാനായിരുന്നിരിക്കണം!

ഇതിലൊരു വലിയ ചിന്തയുണ്ട്, എല്ലാം സദാ മാറിക്കൊണ്ടിരിക്കുമെന്ന പ്രമാണവുമുണ്ട്. ഒരിക്കല്‍ കുളിച്ച നദിയില്‍ ആര്‍ക്കാണ് വിണ്ടും കുളിക്കാന്‍ കഴിയുക? ഒരു നിമിഷം കഴിഞ്ഞാല്‍ തന്നെ ആ വെള്ളമായിരിക്കില്ലല്ലോ നമുക്ക് ചുറ്റും. വിവിധങ്ങളായ പ്രശ്‌നങ്ങളാല്‍ വിഷണ്ണരായിരിക്കുന്നവര്‍ ചെവിയൊന്നു വട്ടം പിടിച്ചാല്‍, ഭീമന്റെ ചിരി കേട്ടെന്നിരിക്കും. അപ്പോള്‍ മൂന്നു കാര്യങ്ങള്‍ കൂടി മനസ്സിലാക്കാനും ശ്രമിക്കുക – യാതൊന്നും മാറാതെയിരിക്കുന്നില്ലെന്നും, സമയംപോലെതന്നെ പ്രശ്‌നങ്ങളും ആപേക്ഷികമാണെന്നും, അപ്പപ്പോള്‍ ചെയ്യേണ്ടത് അപ്പപ്പോള്‍ ചെയ്യണമെന്നും.

Select your favourite platform