ഏറ്റവും വലിയ അത്ഭുതം!

  • Episode 7
  • 28-11-2022
  • 10 Min Read
ഏറ്റവും വലിയ അത്ഭുതം!

ചെറുതും വലുതുമായ എഴുപതിനായിരത്തോളം നാഡികള്‍ ശരീരത്തിലുണ്ടെന്നാണ് ഒരേകദേശ കണക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും തലമുടിനാരിന്റെ ആയിരത്തിലൊന്നിലും താഴെമാത്രം വ്യാസമുള്ളതാണ്. അതിലൂടെ ഒഴുകുന്ന ഊര്‍ജവും, അതിസൂഷ്മം! നാഡി ചികിത്സയില്‍, ഈ ഊര്‍ജപ്രവാഹം സുഗമമാക്കി രോഗസൗഖ്യം ലഭ്യമാക്കുന്നു. അക്കുപ്രഷറും അക്കുപ്പങ്ചറുമൊക്കെ പ്രവര്‍ത്തിക്കുന്നതും ഈ തത്വത്തെ അടിസ്ഥാനമാക്കിത്തന്നെ. ഈ നാഡികളും, അവയെ നിയന്ത്രിക്കുന്ന ചക്രകളും, അവയെ ഭരിക്കുന്ന കോശ ങ്ങളില്‍നിന്നു പ്രസരിക്കുന്ന പ്രകാശതരംഗങ്ങളും, അവ ശരീരത്തിനു പുറത്തനുഭവവേദ്യമാകുമ്പോളുള്ള ബയോ-എനര്‍ജി ഫീല്‍ഡുമൊക്കെ ഇന്ന് വിശദമായി പഠിക്കപ്പെടുന്നു. ഇന്നതെല്ലാം തെളിയിക്കുന്ന ഉപകരണങ്ങളുമുണ്ട്  ആ സാധ്യതകളിലൂടെയും രോഗചികിത്സ നടക്കുന്നു  റയ്ക്കിയും പ്രാണിക് ഹീലിംഗുമൊക്കെ ഉദാഹരണങ്ങള്‍!

ഏറ്റവും വലിയ അത്ഭുതം, പ്രപഞ്ചം തന്നെ! ഇതൊക്കെ മനസ്സിലാക്കാന്‍ പത്തരമാറ്റ് മതഭക്തനാവണമെന്നില്ല, ഒരു നല്ല ശാസ്ത്രകുതുകി ആയാലും മതി. മതത്തിന്റെ അവസാനം ശാസ്ത്രവും ശാസ്ത്രത്തിന്റെ അവസാനം മതവുമാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. പ്രപഞ്ചം ഉണ്ടായതിനെപ്പറ്റി ഏഴോളം സിദ്ധാന്തങ്ങളുണ്ട്. എത്ര ചിന്തിച്ചാലും ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരു വസ്തുത, ഇവിടെ ആയിരിക്കുന്ന ഓരോ അണുവിനും വേണ്ടിയാണ്, ഈ പ്രപഞ്ചം മുഴുവന്‍ ആയിരിക്കുന്നതെന്ന് ഓരോന്നിനും അനുഭവേദ്യമാകുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പനയെന്നതാണ്. അതായത്, നാമോരോരുത്തരും സദാ ഈശ്വരന്റെ ഉള്ളം കൈയിലാണെന്ന്. അവിശ്വസനീയം!! ഈശ്വരന്‍ ഉണ്ടെന്നു പറയുന്നവനും, മതമാണ് ജീവിതമെന്നു പറയുന്നവനും യുക്തിവാദിക്കും ഒരു വാദവുമില്ലാത്തവനുമെല്ലാം ഇതു ബാധകം.

ഇങ്ങനെയൊരു ശക്തി നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് എന്നെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? കാള്‍ യുന്‍ (Karl Yung ) എന്ന പ്രസിദ്ധനായ സൈക്കോ അനലിസ്റ്റ് പറയുന്നത്, അങ്ങനെയൊന്നുണ്ടെന്നാണ്. ചിലപ്പോള്‍ അസാധാരണ തെളിമയായി (luminousity), അല്ലെങ്കില്‍ വിശദീകരിക്കാനാവാത്ത ഒരു സാഹചര്യമായി ഈ ശക്തി നമ്മുടെ മുമ്പില്‍ വരുന്നുവെന്നും നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പ്രപഞ്ചം സൃഷ്ടിച്ച എല്ലാറ്റിനോടും അനുനിമിഷം അതു സംവദിച്ചുകൊണ്ടിരിക്കുന്നു! സൃഷ്ടിതമായ സര്‍വതും പ്രപഞ്ചത്തിന്റെ നാവുകളും കൈകളുമൊക്കെയാണ്  അവയിലൂടെയാണെന്നു പറയാം പ്രപഞ്ചം നമ്മോട് സംവദിക്കുന്നത്. പ്രപഞ്ചമെന്ന പദം മാറ്റി ദൈവമെന്നോ ഈശ്വരനെന്നോ അള്ളാഹുവെന്നോ ഭഗവാനെന്നോ ഒക്കെ പ്രയോഗിച്ചാല്‍ കുറേപ്പേര്‍ക്കിതു മനസ്സിലായെന്നിരിക്കും. പ്രപഞ്ചമെന്ന ആ ഊര്‍ജ സമാഹാരത്തെ മഹാബോധമെന്നു ഞാന്‍ വിളിക്കട്ടെ? ഇതിനെ വിളിക്കാന്‍ ഭാഷകളില്‍ വേറെ വാക്കില്ല!

ഒരു സംഭവ കഥ കേട്ടോളൂ: Marcel Sternberger എന്നൊരാള്‍ വാഷിംഗ്ടണ്‍ D C യില്‍ നിന്നും ബ്രോക്‌ലിന്‍ സബ്‌വേയിലൂടെ ട്രെയിനില്‍ പോവുകയായിരുന്നു – മരണാസന്നനായിക്കിടന്ന ഒരു സ്‌നേഹിതനെ കാണാന്‍. ഒരു പ്രവൃത്തിദിവസം ഉച്ചയ്ക്ക്, അങ്ങനെയൊരു യാത്ര അദ്ദേഹം ചെയ്യുമായിരുന്നില്ല. ട്രെയിനില്‍ നല്ല തിരക്കായിരുന്നു. ഭാഗ്യം, അദ്ദേഹം ഉള്ളിലേക്കു കയറിയതേ ഒരാള്‍ സീറ്റില്‍ നിന്നെണീറ്റു  അദ്ദേഹമവിടെ ഇരിക്കുകയും ചെയ്തു. Sternberger ന്റെ അടുത്തിരുന്ന മധ്യവയസ്‌കനായ യാത്രക്കാരന്‍, ഒരു പത്രം വിടര്‍ത്തിപ്പിടിച്ചു നോക്കുന്നു. Sternberger നോക്കിയപ്പോള്‍ അദ്ദേഹം ഒരു പത്രത്തിന്റെ പരസ്യ പേജുകളാണ് വായിക്കുന്നത്.
”താങ്കളൊരു ജോലിക്കു ശ്രമിക്കുകയാണോ?” Sternberger ചോദിച്ചു.
”ജോലിയോ, ഞാനെന്റെ ഭാര്യയെ അന്വേഷിക്കുകയാണ്.” Sternberger ക്ക് ആ മറുപടി വളരെ രസകരമായി തോന്നി. അദ്ദേഹം ചോദിച്ചു,
”താങ്കള്‍ എന്താ ഉദ്ദേശിക്കുന്നത്?”
ആ വൃദ്ധന്‍ കഥ പറഞ്ഞു തുടങ്ങി.
”ഞാന്‍ ഹംഗറിയില്‍ നിന്നാണ് വരുന്നത്. യുദ്ധത്തിന്റെ സമയത്ത്, മരിച്ചു വീഴുന്ന ജര്‍മ്മന്‍കാരെ കുഴിച്ചിടാന്‍ എന്നെ റഷ്യന്‍ സൈന്യം നിയോഗിച്ചിരുന്നു. ഞാന്‍ തിരിച്ചുവന്നപ്പോള്‍ എന്റെ നഗരം സ്വതന്ത്രമായിരുന്നു. പക്ഷേ, എന്റെ ഭാര്യയ്‌ക്കെന്തു സംഭവിച്ചുവെന്ന് ഒരു രൂപരേഖയും ഉണ്ടായിരുന്നില്ല. അവര്‍ ഓഷ്‌വിച്ചിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ പെട്ടുപോയിരിക്കാമെന്നും ഞാന്‍ സംശയിക്കുന്നു. അവരെപ്പറ്റി ഒരു സൂചനയും, ഇത്രയും കാലമായിട്ടും, എനിക്കില്ല. നഗരത്തില്‍ നിന്നു കുറേപ്പേര്‍ അമേരിക്കയിലും എത്തിയിട്ടുണ്ടെന്ന് കേട്ടു. അതുകൊണ്ടാണ് ഞാനിവിടെയും എത്തിയത്.”
ഇത് ശരിയായിരിക്കാമെന്നും അങ്ങനെ ധാരാളംപേര്‍ അമേരിക്കയില്‍ ഉണ്ടാവാമെന്നും Sternberger ചിന്തിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ അങ്ങനെ മോചിപ്പിക്കപ്പെട്ടതും ഭര്‍ത്താവിനെ അന്വേഷിക്കുന്നതുമായ ഒരു സ്ത്രീയെ  Sternberger കണ്ടിരുന്നുവല്ലോയെന്നോര്‍ത്തു. ആ സ്ത്രീയുടെ വിശദവിവരങ്ങള്‍ താന്‍ കുറിച്ചെടുക്കുകയും  ചെയ്തിരുന്നല്ലോ.
”നിങ്ങളുടെ ഭാര്യയുടെ പേരെന്താണ്?” Sternberger ചോദിച്ചു.
”Maria Paskin!!” അയാള്‍ പറഞ്ഞു. Sternberger പോക്കറ്റിലുള്ള പേഴ്‌സില്‍ പരതി നോക്കി.  ആ കുറിപ്പപ്പോഴും അവിടെയുണ്ടായിരുന്നു. അതില്‍ എഴുതിയിരുന്നതും Maria Paskin എന്ന് തന്നെയായിരുന്നു. 1948 ലെ ഒരു Readers Digest  ല്‍ വന്ന ഈ സംഭവ കഥ എന്റെയും കണ്ണ് നനച്ചിട്ടുണ്ട്. Sternberger ന്റെ നിരവധി ചോദ്യങ്ങളും ഒപ്പം അക്കഥയിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ട്രെയിനില്‍ യാത്രചെയ്യുമായിരുന്നില്ലാത്ത താനെന്തിന് അന്നു യാത്ര ചെയ്തു? ആ തിരക്കേറിയ ട്രെയിനില്‍ എനിക്കു വേണ്ടി സീറ്റൊഴിഞ്ഞു തരാന്‍ എന്തുകൊണ്ട് ആ ചെറുപ്പക്കാരന്‍ അവിടെയായിരുന്നു? എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തു കൊണ്ട്…. എന്തുകൊണ്ട് താനന്നാ പാര്‍ട്ടിയില്‍ പോയി, ഒരു പരിചയവുമില്ലാതെയിരുന്ന ആ സ്ത്രീ എന്തിനെന്നെ മാത്രം പരിചയപ്പെട്ടു…..? നിരവധി ചോദ്യങ്ങള്‍. എന്തിനായിരുന്നയാള്‍ അത്രയും വിടര്‍ത്തിപ്പിടിച്ചു പത്രം വായിച്ചുകൊണ്ടിരുന്നത്? ഇതേ ട്രെയിനില്‍ ഇതേ സീറ്റില്‍ എന്തിനയാള്‍ വന്നിരുന്നു?

ഓരോരുത്തരും അവരവരുടെ പിന്നിലേക്ക് നോക്കിയാല്‍ ജീവിതം വഴിതിരിച്ചുവിട്ട നിരവധി സന്ദര്‍ഭങ്ങള്‍ കാണാം, ഒക്കെയും പ്രപഞ്ചം നമ്മോട് സംസാരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭങ്ങള്‍. അത് ശ്രദ്ധിച്ചവരുടെ ജീവിതം വിജയിക്കുന്നു. ഇന്നും പടുകുഴിയില്‍ കിടക്കുന്നവര്‍ ഇനിയെങ്കിലും ഒന്ന് തിരിഞ്ഞുനോക്കുക. എന്തുകൊണ്ട്, എന്തുകൊണ്ട് …. ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ സ്പര്‍ശനം നാമറിയും.
ലോകത്തിലെ നിരവധിപ്പേരുണ്ട്  ഈ പ്രതിഭാസത്തെ ‘വെറും യാദൃശ്ചികം’ എന്ന് വിശേഷിപ്പിച്ച് കഴിയുന്നവര്‍. അരരശറലിമേഹ രീശിരശറലിരല െഎങ്ങനെ സംഭവിക്കുന്നുവെന്ന് ശാസ്ത്രത്തിനും നിശ്ചയമില്ല. വിശ്വാസിയാണെങ്കിലും അല്ലെങ്കിലും നാം അറിഞ്ഞിരിക്കേണ്ട ഒരു സത്യമാണിത്. സാഹചര്യങ്ങളിലൂടെ നമ്മുടെ ഗതി നിര്‍ണയിച്ചുക്കൊണ്ടിരിക്കുന്ന ഒരു ശക്തി ഇവിടുണ്ട്. ചെവിയൊന്നു വട്ടം പിടിച്ചാല്‍ ആ ശക്തിയുടെ സ്വരം ആരും കേട്ടെന്നിരിക്കും.

Select your favourite platform