അന്വേഷണം

  • Episode 58
  • 29-11-2022
  • 08 Min Read
അന്വേഷണം

സര്‍വ അലുഗുലുത്തും സമൃദ്ധമായുള്ള ഒരു രാജ്യമേതെന്നു ചോദിച്ചാല്‍, ഒരിന്ത്യക്കാരനാണെങ്കില്‍ സ്വന്തം രാജ്യത്തെയെ ചൂണ്ടിക്കാണിക്കുകയുള്ളു. എങ്കിലും, വലിയ കണ്ടുപിടുത്തങ്ങളാണ് ഇന്ത്യയില്‍ നടന്നിരുന്നതെന്നതാണ് വാസ്തവം. ദന്തചികിത്സ ആദ്യം തുടങ്ങിയത് ഇന്ത്യയിലാണ്, ഭാരം അളക്കാനുള്ള ഉപകരണം കണ്ടുപിടിച്ചത് ഇന്ത്യയാണ്. ആദ്യം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതും ഇന്ത്യയാണ്. തുരുമ്പെടുക്കാത്ത സ്റ്റീല്‍ ഉണ്ടാക്കാനും, ഭൂമിയുടെ ഭ്രമണപഥത്തെപ്പറ്റിയും, ക്ഷീരപഥത്തെപറ്റിയുമെല്ലാം ഭാരതീയര്‍ക്കറിയാമായിരുന്നു….. ഒരു നീണ്ട ലിസ്റ്റിവിടുണ്ട്. ഭാഷയുടെ കാര്യമെടുത്താല്‍ തമിഴും സംസ്‌കൃതവും കഴിഞ്ഞല്ലേ, മറ്റു ഭാഷകള്‍ ലോകത്ത് ഉണ്ടായുള്ളൂ?

ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, ഭാഷയില്ലാതെ കാര്യങ്ങള്‍ അര്‍ഥലോഭമില്ലാതെ കൈമാറാനും ഭാരതീയന് കഴിയുമായിരുന്നു.
ആയുര്‍വേദത്തെ അഷ്ടാംഗങ്ങളിലായി അടുക്കിത്തിരിച്ച്, വാതം പിത്തം കഫം എന്നിവയുടെ നിയന്ത്രണത്തിലുള്ളവയെന്നു രോഗങ്ങളെയും തരം തിരിച്ച്, ഓരോന്നിന്റെയും ചികിത്സക്കുവേണ്ട സസ്യങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്നും സൂചിപ്പിച്ച്, 500 ഓളം സസ്യങ്ങളെപ്പറ്റി ചരകസംഹിത വിശദമായി പ്രതിപാദിക്കുന്നു. ഇവിടെ, ചരക മഹര്‍ഷി ഓരോ സസ്യത്തോടും അതിന്റെ ഗുണവും ദോഷവും ചോദിച്ചു മനസ്സിലാക്കിയിരുന്നുവെന്ന് പറയപ്പെടുന്നു. മനുഷ്യരല്ലാത്തവയുമായി ഇത്ര വിശാലമായി മനുഷ്യന്‍ ആശയ വിനിമയം നടത്തിയതായി മറ്റൊരു സംസ്‌കാരവും അവകാശപ്പെട്ടിട്ടില്ല.

കണക്കിലും ശാസ്ത്രത്തിലുമെല്ലാം ഇന്ത്യാക്കാര്‍ കേമന്മാരായിരുന്നുവെന്ന് നിസ്സംശയം പറയാം. ഗുരുകുലങ്ങളില്‍ ഗുരുവിനൊപ്പം കഴിഞ്ഞ ശിഷ്യരെ ‘ക്ലാസ്സ് റൂം’ തരത്തിലുള്ള ക്രമീകരണങ്ങളിലൂടെയായിരുന്നു പരിശീലിപ്പിച്ചിരുന്നതെന്ന് ഞാന്‍ കരുതുന്നില്ല. ഉള്ളിലുള്ള മഹാവിജ്ഞാന സംഭരണിയില്‍നിന്നു സ്വന്തം ഇച്ഛക്കനുസരിച്ചും അര്‍ഹിക്കുന്നതിനനുസരിച്ചും വേണ്ടത്ര കൈമാറുന്ന ഒരു തന്ത്രം, അന്ന് ഇന്ത്യന്‍ ഗുരുക്കന്മാര്‍ അറിഞ്ഞിരുന്നു. അതാണല്ലോ, ഗുരുദക്ഷിണയ്ക്ക് അത്രമേല്‍ വില വന്നത്!
കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നതിനു മുമ്പുള്ള, ഏതാണ്ട് 50 മിനിറ്റുകള്‍കൊണ്ട് കൃഷ്ണ ഭഗവാന്‍ അര്‍ജ്ജുനന് ഭഗവത്ഗീത ഉപദേശിച്ചുവെന്ന് പറയപ്പെടുന്നു – 700 ശ്ലോകങ്ങള്‍ 18 അധ്യായങ്ങളിലായുള്ള ഭഗവത് ഗീത!

ഗ്രീക്കുകാര്‍ പ്രസിദ്ധമായ ഡല്‍ഫിയിലെ അപ്പോളോ ദേവന്റെ ക്ഷേത്രം എടുത്തു കാട്ടി, അതിന്റെ പ്രവേശന  കവാടത്തില്‍ ‘Know Thyself’ എന്ന് എഴുതപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. ‘’Be Thyself’, തന്നില്‍ത്തന്നെ വിശ്വസിക്കുകയെന്ന്, ഇന്ത്യയും പഠിപ്പിച്ചിരുന്നു. ഇന്ന് ഭാരതീയര്‍ക്ക് ചലിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നുവോ? പാശ്ചാത്യരിന്നു മനുഷ്യസൗഹാര്‍ദ്ദത്തെപ്പറ്റി പറയുമ്പോള്‍, ഇന്ത്യ മതസൗഹാര്‍ദ്ദത്തെപ്പറ്റി ആകുലപ്പെടുന്നു.

ഭൂമി മുതല്‍ ചന്ദ്രന്‍ വരെയെങ്കിലും എത്താന്‍ മാത്രം ഗ്രന്ഥങ്ങളിലൂടെയായി നാം പറഞ്ഞുവെച്ചതെല്ലാം ആരോ കുത്തിമറിച്ചെന്നു തോന്നുന്നു. ഈ കുസൃതി ഒപ്പിച്ചത് നാം തന്നെ ആയിരിക്കാനെ വഴിയുള്ളൂ!! എന്താണ് സത്യമെന്നും ആരാണ് സദ്ഗുരുവെന്നും എവിടെയാണ് മോക്ഷമെന്നും ഇന്ന് ഭാരതീയര്‍ ചോദിക്കുന്നു. പഠിച്ച തത്വങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കാനും ഭാരതീയര്‍  വിഷമിക്കുന്നു. ഇല്ലായെന്നുള്ളതല്ല, ഉള്ളത് സമൃദ്ധമായി രിക്കുന്നുവെന്നതാണിന്ത്യയുടെ പ്രശ്‌നം!

Select your favourite platform