ഒരു കര്ഷകന്, തന്റെ വിളവ് നശിപ്പിക്കുന്ന പക്ഷികളെ പിടിക്കാനായി വല വിരിച്ചു. കര്ഷകന് വന്നുനോക്കിയപ്പോള്‍ വലയിലൊരു കൊക്കും കുടുങ്ങിയിരിക്കുന്നു. വിള തിന്നുന്ന പക്ഷികള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. പക്ഷേ, കൊക്ക് കര്‍ഷകനോട് പറഞ്ഞു,
”എന്നെ ഉപദ്രവിക്കരുത്, ഞാന്‍ നിങ്ങളുടെ ഒരു മണി വിളവ്പോലും തിന്നിട്ടില്ല.” കര്ഷകന് മറുപടി പറഞ്ഞു,
”നീ പറയുന്നതു മുഴുവന്‍ ശരിയായിരിക്കാം, പക്ഷേ നീ കുടുങ്ങിയിരിക്കുന്നത്, എന്റെ വിളവുകള്‍ നശിപ്പിച്ചുകൊണ്ടിരുന്ന പക്ഷികളോടൊപ്പമാണ്. എല്ലാവര്‍ക്കുമുള്ള ശിക്ഷ ഒന്ന് തന്നെ!”
മിക്കവാറും എല്ലാ കേസുകളിലും, കൂട്ടുപ്രതികള്‍ അവതരിപ്പിക്കുന്ന ഒരു വാദഗതിയാണിത് ഞാനൊരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്. സത്യത്തില്‍ നിരപരാധികളായ ഇവരെ മോചിപ്പിക്കേണ്ടതില്ലേ? ഇല്ല, കര്‍ഷകന്റെ നിലപാടാണെന്റേതും.
”നിന്റെ സുഹൃത്തുക്കളാരെന്നു കാണിക്കൂ, നിന്റെ ഭാവി ഞാന്‍ പറയാം.” എന്നൊരു ചൊല്ലുണ്ട്.
സമാനമായ വാചകം ഡോണ്‍ ക്വിക്സോട്ടിന്റെ കഥയില്‍ സാഞ്ചോ പാന്സായും പറയുന്നുണ്ട്. ‘”Thy friendship makes us fresh.” എന്നെഴുതുമ്പോള്‍ ഷേക്സ്പിയര് ഉദ്ദേശിച്ചതും ഇത് തന്നെ – സൗഹൃദം ഏതിനമായാലും ആള് പുതുക്കപ്പെടും. കൗരവസദസില്‍ ദ്രൗപതി അപമാനിക്കപ്പെട്ടപ്പോള്‍ ഇതധര്മ്മമാണെന്നു പറയാന്‍ ഭീഷ്മര്‍ക്ക് കഴിയാതെ പോയത്, ദുര്യോധനനുമായുള്ള സമ്പര്‍ക്കത്തിലൂടെ വന്ന ബോധക്ഷയമാണെന്ന്, മഹാഭാരതം സൂചിപ്പിക്കുന്നു.
ഇതിന്റെ ശാസ്ത്രീയ അടിത്തറ എന്താണെങ്കിലും, വളരെ സുപ്രധാനമായ ഒരു തത്വമാണിത്. വളരാന്‍ ആഗ്രഹിക്കുന്നവര്‍ അല്ലെങ്കില്‍ കുട്ടികളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍, അവരേതുതരം സവിശേഷതകളാണോ സ്വപ്നം കാണുന്നത്, സമാന സവിശേഷതകളുള്ളവരുമായി ഇടപെടാനുള്ള സാഹചര്യം പരുവപ്പെടുത്തേണ്ടതുണ്ട്. ഇത് കല്ലില്‍ കൊത്തിയതുപോലെയുള്ള ഒരു പ്രമാണം തന്നെ. ഭാഷ പഠിക്കണമെങ്കില്‍ ആ ഭാഷ ഉപയോഗിക്കുന്നവരുടെ ഇടയില്‍ ആയിരിക്കുകയാണല്ലോ ഏറ്റവും എളുപ്പം!
ബോധോദയം ഉണ്ടായ ഒരാളാണെങ്കില്‍ പോലും, അസത്തുക്കളുമായുള്ള ദീര്‍ഘമായ സഹവാസം അപകടകരമാണെന്ന് ബുദ്ധിസ്റ്റുകളും വിശ്വസിച്ചിരുന്നു. ‘സംഘം ശരണം ഗച്ഛാമി’ (ഉണര്വിലെത്തിയവരും സംഘമായിട്ടായിരിക്കണം) എന്ന ബുദ്ധദര്‍ശനം സൂചിപ്പിക്കുന്നതും ഇതു തന്നെ.
ഒരു ധനവാന് മിടുക്കനായ ഒരു മത്സരക്കുതിരയുണ്ടായിരുന്നു. ഒരു ദിവസം മുതല്‍ അത് ഞൊണ്ടി നടക്കാന്‍ തുടങ്ങി. ആരെല്ലാം നോക്കിയിട്ടും എന്തെല്ലാം ചെയ്തിട്ടും അതിനൊരു പരിഹാരം കാണാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അവസാനം ഒരു സന്യാസിയെ ഇവര്‍ സമീപിച്ചു. സന്യാസി ചോദിച്ചു
”പരിശീലകനു മുടന്തുണ്ടോ?”
”ഉണ്ട്!” കുതിരയുടെ മുടന്തിനുള്ള ചികിത്സ, സന്യാസി വിശദീകരിക്കുകയേ വേണ്ടിവന്നില്ല.
ഒരു ഇലക്ട്രോ മാഗ്നറ്റ് ഉണ്ടാക്കാന്‍ നാമൊരു കോയിലിലൂടെ വൈദ്യുതിയെ കടത്തി വിടുന്നു. ഓരോ ചുറ്റിലുമുണ്ടാകുന്ന കാന്തിക മേഖലകള്‍ ഒന്നായി ശക്തവും പുതിയതുമായ മറ്റൊരു കാന്തിക മേഖല ഉണ്ടാകുന്നു. അതുപോലെയാണ് വിവിധ സ്വഭാവങ്ങളുള്ള ആളുകള്‍ കൂടിച്ചേരുമ്പോഴും. ഓരോരുത്തരുടെയും ഊര്ജശരീരങ്ങള് ഒന്നു ചേര്‍ന്ന് വ്യത്യസ്തമായ ഒരു സമൂഹമേഖല രൂപം കൊള്ളുന്നു. സ്വന്തം നേട്ടങ്ങള്‍, വീതംവെയ്ക്കപ്പെടാന് ഇത് കാരണമാകുന്നതുപോലെ അപരന്റെ ദോഷങ്ങളുടെ വീതം പറ്റേണ്ട ബാധ്യതയും സംഘത്തില്‍പ്പെട്ട എല്ലാവര്ക്കും ഉണ്ടാകുന്നു. നല്ലതിങ്ങോട്ടു കിട്ടുന്നതുകൊണ്ടാണ് സത്തുക്കളുടെ സമീപം ഏറെ നേരം ആയിരിക്കാന്‍ ആരും ഇഷ്ടപ്പെടുന്നത്!
മക്കളുടെ കാര്യത്തില്‍, പോസിറ്റീവായി ആരെങ്കിലും ചിന്തിക്കുന്നതുകൊണ്ടുമാത്രം ആരും നന്നാവണമെന്നില്ല. പക്ഷേ, അവര്‍ക്ക് നല്ല സ്നേഹിതരെ കൊടുക്കുന്നുവെങ്കില്‍, ധ്യാനകേന്ദ്രങ്ങളിലോ കാശിയിലോ പോയി ആയിരം രാവുകള്‍ നോമ്പെടുത്ത് പ്രാര്ഥിക്കുന്നതിനേക്കാള് പ്രയോജനം ചെയ്യും!
മൂന്നുതരം സുഹൃത്ബന്ധങ്ങളെപ്പറ്റിയാണ് അരിസ്റ്റോട്ടില്‍ പറഞ്ഞത്. ഫലത്തിനു വേണ്ടിയുള്ളത്: ഇത് ഒരുവനും അവന് ഏതെങ്കിലും രീതിയില്‍ ഉപകാരമുള്ള മറ്റൊരുവനും തമ്മിലുള്ളതാണ്. സന്തോഷത്തിനു വേണ്ടിയുള്ളത്: ഇത് ഒരുവന് മറ്റാരുമായി ഒപ്പമായിരിക്കുമ്പോഴാണോ സന്തോഷം തോന്നുന്നത്, അവരുമായുള്ളതാണ്. നന്മയുടെ സൗഹൃദം: പരസ്പരം ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നവര്‍ തമ്മിലുള്ളതാണിത്.