സേവ് ദി മോമെന്റ്!

  • Episode 61
  • 29-11-2022
  • 08 Min Read
സേവ് ദി മോമെന്റ്!

അടുത്ത നിമിഷം എന്താണ് സംഭവിക്കുക? കൃത്യമായ ഉത്തരം അറിഞ്ഞുകൂടായെന്നായിരിക്കും മിക്കവരും പറയുക. മുകളിലേക്കെറിഞ്ഞ കല്ല് താഴേക്ക് വരും – അത് പ്രകൃതിനിയമം. താഴേക്കു വരുന്ന കല്ല് എവിടെയൊക്കെ തട്ടും, തുടര്‍ന്ന് എന്തൊക്കെ സംഭവിക്കുമെന്നൊക്കെയുള്ളതും പ്രകൃതിനിയമങ്ങള്‍ക്കു വിധേയം. നമുക്കത് കൃത്യമായി പറയാന്‍ കഴിയണമെന്നില്ല; കാരണം, ആ സമയത്തുണ്ടായേക്കാവുന്ന കാറ്റിനു പോലും കല്ലിന്റെ ഗതി മാറ്റാന്‍ കഴിഞ്ഞേക്കാം. ഇന്നലെ ഒരാള്‍ വീണ അതേ ഉയരത്തില്‍നിന്ന് ഇന്നൊരാള്‍ വീണാല്‍, ഗതി ഒന്നായിരിക്കില്ല. അതായത്, കൃത്യമായി ഭാവി പ്രവചിക്കാന്‍ കഴിയുന്ന ഒരാള്‍, ഉള്‍ക്കണ്ണുകൊണ്ട്കൂടി വരാനിരിക്കുന്ന ആ അവസരത്തെ കണ്ടിരിക്കണം എന്നു സാരം. പ്രവ ചനങ്ങളുടെ ലോകത്തില്‍ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞവരുമുണ്ട്, അല്ലാത്തവരുമുണ്ട്.

ഭാവി അറിയാനുള്ള ആഗ്രഹം ഇല്ലാത്തവരുമില്ല, ജ്യോതിഷം തീര്‍ത്തും തെറ്റുമല്ല. പക്ഷേ, വാസ്തുവിനു പറ്റുന്നതുപോലെ, അബദ്ധങ്ങള്‍ ജ്യോതിഷപ്രവചനങ്ങള്‍ക്കും പറ്റും. അതുപോലെയാണ് പലപ്പോഴും കര്‍മ്മഗതി വ്യത്യാസം വരുത്താനുള്ള ശ്രമങ്ങളും. പൊരുത്തങ്ങള്‍ 10 ആണെങ്കിലും 11 ആണെങ്കിലും, പൊരുത്തക്കേടുകള്‍ കൊണ്ട് വിവാഹം നടക്കാതെ വിഷമിച്ചവര്‍ ധാരാളം. അവര്‍ക്കു 40 കഴിഞ്ഞാല്‍ കൊടുക്കുന്ന ഇളവ്, യുക്തിയെമാത്രം അടിസ്ഥാനമാക്കിയുള്ളതാവാം, പട്ടണങ്ങളില്‍ വാസ്തുവിനുള്ളതുപോലെ.

പ്രസിദ്ധമായ കഥയാണ് വരരുചിയുടേത്. വിക്രമാദിത്യരാജാവിന്റെ സദസ്സിലെ പണ്ഡിതനായിരുന്ന വരരുചിയുടെ ജാതകത്തില്‍ ഹീനജാതിയില്‍നിന്നും വിവാഹം ചെയ്യണമെന്നായിരുന്നു വിധി. അതൊഴിവാക്കാന്‍, അതിനായി ജനിച്ച കുഞ്ഞിനെ കൊല്ലാന്‍ അദ്ദേഹം ഏര്‍പ്പാട് ചെയ്തു; എന്നിട്ടു കെട്ടിയതതേ പറച്ചിയെ. ആ പറച്ചി പെറ്റതാണ് നാറാണത്തു ഭ്രാന്തന്‍ ഉള്‍പ്പെട്ട പന്തിരുവരെ.

ജീവിതം വിചിത്രമാണ്; നാം പ്രതീക്ഷിക്കുന്നതാണ് സംഭവിക്കുന്നതെങ്കില്‍ അതിലൊരു ത്രസിപ്പും കാണില്ല. കൃത്യമായും ഇതാണ് സംഭവിക്കാന്‍ പോകുന്നതെന്നറിഞ്ഞുകൊണ്ട് നമ്മിലാര്‍ക്കും ഒരു കര്‍മ്മത്തിലും 100% ആത്മാര്‍ഥത നിക്ഷേപിക്കാനും കഴിയില്ല. അടുത്ത ചോദ്യം, നാം എന്തിനാണിവിടെ ആയിരിക്കുന്നതെന്നാണ്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഉത്തരം വ്യക്തമാണ്- ജന്മജന്മാന്തരങ്ങളായി സ്വരുക്കൂട്ടിയിട്ടുള്ള കര്‍മ്മദോഷങ്ങളില്‍ നിന്നു മുക്തി നേടുവാന്‍! അതായത്, സുഗമമായ ഒരു ജീവിതമല്ല വേണ്ടതെന്നു സാരം. അവിടെ തടസ്സങ്ങളും പ്രതിബന്ധങ്ങളുമെല്ലാം ഉണ്ടാവാം – ഉണ്ടാവണം! ആരും ഒന്നും ചെയ്തില്ലെങ്കിലും, ഏതു ജീവിതത്തിലും സുഖവും ദു:ഖവും കാണും. എന്തിനെയാണെങ്കിലും ഒഴിവാക്കി ജീവിക്കുകയെന്നാല്‍ ഈ ജന്മം ഒരര്‍ഥവുമില്ലാത്തതാകുന്നുവെന്നു സാരം. ഭാവിയറിഞ്ഞു സന്തുലിതാവസ്ഥയില്‍ ജീവിച്ച സാത്വികര്‍ ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്നതും മറക്കുന്നില്ല.

ഭൗതിക ലോകത്ത് നിയമങ്ങളുണ്ടെങ്കില്‍, സൂക്ഷ്മലോകത്തും നിയമങ്ങളുണ്ട്. അതുകൊണ്ടാണ്, നന്മ ചെയ്യുന്നവന്‍ സ്വര്‍ഗത്തിലേക്കും തിന്മ ചെയ്യുന്നവന്‍ നരകത്തിലേക്കും പോകുമെന്ന് ഉറപ്പിച്ചു പറയുന്നത്. കഴിഞ്ഞ ജന്മത്ത് ഒരാള്‍ ഒരാളെ തല്ലിയെന്നിരിക്കട്ടെ; ആ കര്‍മ്മദോഷം തീരണമെങ്കില്‍ സമാനമായ ഒരു സാഹചര്യത്തില്‍, പണ്ടു തല്ലിയവന്‍ എന്നെങ്കിലും തല്ലുകൊള്ളേണ്ടതുണ്ട്. അല്ലെങ്കില്‍, അതിലേക്കുള്ള കാരണം ആരെങ്കിലും ഇല്ലായ്മ ചെയ്തിരിക്കണം. മതമേതായാലും, കാരണമുണ്ടെങ്കില്‍ ഫലവുമുണ്ട്. ഒരു ദര്‍ശനക്കാരന്‍ മുന്നേ പറഞ്ഞതുകൊണ്ട് ഒരാള്‍ തല്ലു കൊള്ളേണ്ട സാഹചര്യം ഒഴിവായെങ്കില്‍, ആ ദര്‍ശനക്കാരനാണ് മറ്റൊരുവന്‍ കൊള്ളേണ്ടിയിരുന്ന അടി കൊള്ളേണ്ടത്.

അഹം വര്‍ദ്ധിപ്പിക്കാനാവട്ടെ, സമ്പാദ്യം വര്‍ദ്ധിപ്പിക്കാനാവട്ടെ, ഭാവി പ്രവാചകര്‍ തങ്ങളുടെ വാക്കുകളിലൂടെ പ്രപഞ്ചഗതി മാറ്റുന്നു. ചെറിയ ഒരു ചലനത്തിനു പോലും പ്രപഞ്ചത്തില്‍ വലിയ മാറ്റം വരുത്താന്‍ പര്യാപ്തമാണെന്നു മറക്കരുത്. ഓരോന്നുകൊണ്ടുമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ കെല്‍പ്പില്ലാത്തവര്‍, ഒരിക്കലും ചെയ്യരുതാത്ത ഒരു ജോലിയാണ് പ്രവചനമെന്നത്. അതുകൊണ്ടാണ്, അറിയുന്നവന്‍ പറയുന്നില്ല, പറയുന്നവന്‍ അറിയുന്നുമില്ലെന്ന് ഭാവി പ്രവചിക്കുന്നവരെപ്പറ്റി പറയുന്നത്.

ഗതി നിശ്ചയമില്ലാത്ത ഭാവിയെ ഗൗനിക്കാതെ, ആത്മവിശ്വാസത്തോടും നന്ദിയോടും കൃത്യതയോടും സമചിത്തതയോടും കൂടി കര്‍മ്മം ചെയ്യാന്‍ ആര്‍ക്കു കഴിയുന്നോ, അവനായിരിക്കും പരിണാമത്തിന്റെ പാതയില്‍, ഏറ്റവും മുന്നില്‍. അത്തരക്കാര്‍ നിശ്ചയദാര്‍ഢ്യം കൊണ്ട് വിധിയെ മറികടക്കുന്നു. അവനവന്റെ കര്‍മ്മം അനുഷ്ഠിക്കാന്‍ ഓരോരുത്തരെയും സഹായിക്കുകയാണ് നാം ചെയ്യേണ്ടത്.

Select your favourite platform