തിരക്കുള്ള ബസ്സില്‍ ഒരാള്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നൊരു സീറ്റ് ഒഴിവായി. പക്ഷേ തൊട്ടടുത്ത് നിന്നിരുന്നയാള് അവിടിരിക്കാതെ മറ്റൊരാള്‍ക്ക് സീറ്റ് കൊടുത്തു. ആ സീറ്റ് ഒഴിവായപ്പോള്‍ അതയാള്‍ മറ്റൊരാള്‍ക്ക് നല്കി. യാത്രാവസാനം വരെ മറ്റുള്ളവര്‍ക്ക് സീറ്റു നല്‍കിക്കൊണ്ടിരുന്നതല്ലാതെ, അയാള്‍ ഇരുന്നതേയില്ല. അവസാനം ബസ് സ്റ്റാന്റിലെത്തി, അയാളും ഇറങ്ങി. ഇത് ശ്രദ്ധിച്ചുകൊണ്ടിരുന്നയാള് അയാളുടെ അടുത്തു ചെന്ന് ലോഹ്യംകൂടി ചോദിച്ചു,
”എന്താ താങ്കള്‍ ഒരിക്കല്‍ പോലും സീറ്റില്‍ ഇരിക്കാതിരുന്നത്?” അയാള്‍ പറഞ്ഞു,
”ഞാന്‍ ദൂരെയുള്ള നഗരത്തിലെ ഒരു ഫാക്റ്ററിയിലാണ് ജോലി ചെയ്യുന്നത്. കണക്കില്‍ മോശമായിരുന്നതുകൊണ്ട് ഒട്ടും പഠിച്ചില്ല, പ്രാരബ്ധങ്ങള്‍ ഏറെയുണ്ടായിരുന്നതുകൊണ്ട് ഒന്നും സമ്പാദിച്ചുമില്ല. അതുകൊണ്ടെനിക്ക് കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യേണ്ടിവരുന്നു. അറിവ് കൊണ്ടോ ധനംകൊണ്ടോ ആര്‍ക്കും ഒരുപകാരവും ചെയ്യാന്‍ എനിക്ക് കഴിയില്ല; പക്ഷേ, ദിവസം മുഴുവന്‍ നിന്നുകൊണ്ട് ജോലി ചെയ്യുന്ന എനിക്ക്, ഒന്നര മണിക്കൂര്‍കൂടി നില്ക്കാനാകും.”
പരോപകാരതല്പരതയെന്നത് ആത്മാവിനു മാത്രമല്ല ശരീരത്തിനും പ്രയോജനം ചെയ്യും. മദര്‍ തെരേസായുടെ സേവനങ്ങളുടെ ഹൃദയസ്പര്‍ശിയായ ചില രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു വീഡിയോ കണ്ട ആളുകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, അവരുടെ ശരീരത്തിലെ Immunoglobulin E (IgE) ഫാക്ടറില്‍ കാര്യമായ വ്യത്യാസം അനുഭവപ്പെടുന്നതായി കണ്ടെത്തി. IgE എന്ന് പറയുന്നത് ശരീരത്തിലെ പ്രതിരോധസംവിധാനം പുറപ്പെടുവിക്കുന്ന ഒരു പ്രതിദ്രവ്യം (antibody) ആണ്. ഈ മാറ്റത്തെ ‘മദര്‍ തെരേസാ എഫക്റ്റ്’ എന്നാണു ശാസ്ത്രം വിളിക്കുന്നത്.
ഒരു നന്മ ആഗ്രഹിക്കുന്നതുപോലും ശരീരത്തെ ആരോഗ്യവത്ക്കരിക്കും. അതുപോലെയാണ്, കോപവും അസൂയയുമൊക്കെ ഏതൊരാളെയും തകര്‍ക്കുന്നതും.