ഒരു സര്‍വേ നടന്നു – ഒരൊറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു.
”പുറം ലോകത്തിലെ ഭക്ഷണക്ഷാമം പരിഹരിക്കുന്നതിനെപ്പറ്റിയുള്ള നിങ്ങളുടെ സത്യസന്ധമായ അഭിപ്രായം, സദയം പറയുക?”
ആഫ്രിക്കയിലുള്ളവര്ക്ക്, ഭക്ഷണം എന്നതുകൊണ്ട് എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല; കി. യൂറോപ്പിലുള്ളവര്‍ക്ക് സത്യസന്ധമായ എന്ന വാക്കിന്റെ അര്‍ഥമാണ് അറിയാതിരുന്നത്; പ. യൂറോപ്പില്‍ ക്ഷാമം എന്ന വാക്കിന്റെ അര്‍ഥമായിരുന്നു മനസ്സിലാകാതെ പോയത്; ചൈനയില്‍ വന്നപ്പോള്‍ അഭിപ്രായം പറയുന്നതെങ്ങനെയെന്നായിരുന്നു സംശയം. മധ്യപൂര്വദേശത്തുള്ളവര്ക്ക് പരിഹാരം എന്ന വാക്കായിരുന്നു അറിയേണ്ടിയിരുന്നത്; ദക്ഷിണാഫ്രിക്കയിലുള്ളവര്ക്ക് സദയം എന്ന വാക്കിന്റെ അര്ഥമറിയാമായിരുന്നില്ല. അമേരിക്കയിലുള്ളവര്ക്കാകട്ടെ പുറംലോകം എന്നതുകൊണ്ട് എന്താണെന്നും അറിയാമായിരുന്നില്ല. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും തമ്മില്‍ വ്യത്യാസങ്ങളുണ്ട്, അവ പരിഹരിക്കപ്പെടണം.ഗ്രാമത്തിലൊരു അന്ധനായ മനുഷ്യനുണ്ടായിരുന്നു. ഒരിക്കല്‍ രാംദാസെന്നൊരു ഭിക്ഷക്കാരന് അയാളുടെ അടുത്തുചെന്നു.
”താങ്കളാരാണ് സഹോദരാ?” ഈ അന്ധന് ചോദിച്ചു.
”ഞാന്‍ ഭിക്ഷക്കാരന് രാംദാസാണ്.” ഭിക്ഷക്കാരന് പറഞ്ഞു. അന്ധന് അടുത്തു ചെന്ന് രാംദാസിന്റെ കൈകളില്‍ തൊട്ടു. രാംദാസ് പിറ്റേന്നും വന്നു. അയാളുടെ കൈകളില്‍ തൊട്ട് അന്ധന് അയാളെ തിരിച്ചറിഞ്ഞു.
എല്ലാ ദിവസവും ഭിക്ഷക്കാരന് ഈ അന്ധനെ കാണാന്‍ വന്നുതുടങ്ങി. ഒരു ദിവസം അന്ധനായ മനുഷ്യന് ചോദിച്ചു.
”എനിക്കൊന്നും തരാനില്ലെന്നു താക്കള്ക്കറിയില്ലേ സഹോദരാ; പിന്നെന്തിനാണ് എന്നും വരുന്നത്?” രാംദാസ് പറഞ്ഞു,
”എല്ലാവരും എനിക്ക് ഭിക്ഷ തരും, പക്ഷേ, താങ്കള്‍ മാത്രമേ സഹോദരായെന്നു വിളിക്കുകയും എന്നെ സ്പര്‍ശിക്കുകയും ചെയ്യുന്നുള്ളു.”
വാസ്തവത്തില്‍, ഗ്രാമത്തിലെ അന്ധനെപ്പോലെ സഹാനുഭൂതിയുള്ള മനുഷ്യരെയാണു ലോകത്തിനാവശ്യം. അവരെവിടെച്ചെന്നാലും സൂര്യനെപ്പോലെയായിരിക്കും – പ്രകാശം മാത്രമേ കാണൂ! ഒരൊറ്റ സൂര്യനുണ്ടാക്കുന്ന പകലിനേക്കാള്‍ എത്ര ശാന്തവും മനോഹരവുമാണ് ദശലക്ഷം നക്ഷത്രങ്ങൾ മിന്നുന്ന നീലാകാശം?
സഹാനുഭൂതിയുടെ ലോകം
- Episode 89
- 29-11-2022
- 10 Min Read