എന്തെങ്കിലും ചെയ്യുന്നതും എന്തെങ്കിലും സാധിക്കാന്‍ പരിശ്രമിക്കുന്നതും ഒന്നല്ല. ഇത് വിശദീകരിക്കാന്‍ ഒരു സന്യാസി പറഞ്ഞ കഥ ഞാനോര്‍മ്മിക്കുന്നു. മുക്കുവന് വലവീശി ധാരാളം മീനുകളും അതില്‍ കുടുങ്ങി. മുക്കുവന് വല വലിച്ചുതുടങ്ങിയപ്പോള്‍, കുടുങ്ങിയിരിക്കുന്നുവെന്ന് എല്ലാ മത്സ്യങ്ങള്‍ക്കും മനസ്സിലായി. അവര്‍ എല്ലാ ശക്തിയും പ്രയോഗിച്ച് കണ്ണികള്‍ പൊട്ടിക്കാന്‍ ശ്രമിച്ചു. വിഫലമാണെന്നറിഞ്ഞപ്പോള് ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ചെറുമത്സ്യം ഒരു കണ്ണിക്കിട്ട് തുടര്‍ച്ചയായി ഇടിച്ചുകൊണ്ടിരുന്നത് എല്ലാവരും ശ്രദ്ധിച്ചത്. അല്പം പിന്നോട്ട് നീന്തിയിട്ട്, അതിവേഗത്തില്‍ വന്ന് അതിശക്തമായി ഒരു വലക്കണ്ണിയില്‍ അതിടിച്ചുകൊണ്ടിരുന്നു. എല്ലാ മത്സ്യങ്ങളും അതിനോട്, വെറുതെ ചാകണ്ടായെന്നുപദേശിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനോടകം മുക്കുവന് വല വലിച്ചുകയറ്റിയിരുന്നു.
ഒരു നിമിഷം! ഇതാ ആ വലക്കണ്ണി പൊട്ടിയിരിക്കുന്നു. ആ കൊച്ചുമീന്‍ വെള്ളത്തിലേക്ക് നീന്തി പോവുകയുംചെയ്തു. വലിയ മല്‍സ്യങ്ങള്‍ നോക്കിയപ്പോള്‍ അവര്‍ക്കു രക്ഷപെടാന്‍ വേണ്ടത്ര വലിപ്പം അവിടെ ഉണ്ടായിരുന്നില്ല. സന്യാസി പറഞ്ഞു നിര്‍ത്തിയത്, ഒരു കാര്യം ചെയ്യുന്നതും അതിനുവേണ്ടി പരിശ്രമിക്കുന്നതും രണ്ടാണെന്ന് പറഞ്ഞുകൊണ്ടാണ്. ആ കൊച്ചു മത്സ്യം രക്ഷപെടാന്‍ അധ്വാനിക്കുകയും വലിയ മത്സ്യങ്ങള്‍ രക്ഷപെടാന്‍ ശ്രമിക്കുകയുമായിരുന്നു.
വളര്‍ച്ചയ്ക്ക്, ചെയ്യാനുള്ള മനസ്സും സ്വയം വിലയിരുത്തി മുന്നോട്ടു പോവാനുള്ള ആര്‍ജവവും വേണം. ഒരു ചെറുപ്പക്കാരന് ടെലിഫോണ്‍ ബൂത്തില്‍ ചെന്ന്, നഗരത്തിലെ ഒരു ധനാഢ്യയായ വീട്ടുടമയെ വിളിച്ചു.
”മാഡം, നിങ്ങളുടെ പൂന്തോട്ടം ശരിയാക്കുന്ന ജോലി എനിക്ക് തരുമോ?”
”ഇല്ല, കുറച്ചുകാലമായി ഒരു ജോലിക്കാരനുണ്ട്.”
”എനിക്കതിന്റെ പകുതി ശമ്പളം തന്നാല്‍ മതി!”
”ഇപ്പോള്‍ ചെയ്യുന്നവന് നന്നായി ചെയ്യുന്നുണ്ട്.”
”ഞായറാഴ്ചകളില്‍ നടപ്പാതകളും ഞാന്‍ വൃത്തിയാക്കാം. പ്രത്യേകിച്ചൊന്നും തരേണ്ടതില്ല.” വീണ്ടും ആ സ്ത്രീയുടെ മറുപടി ആശാവഹ മായിരുന്നില്ല.
ഈ സംഭാഷണം കേട്ടുകൊണ്ടിരുന്ന ബൂത്ത് ഓപ്പറേറ്റര്‍ക്ക് അയാളുടെ മനോഭാവം വളരെ ഇഷ്ടപ്പെട്ടു. അയാള്‍ പറഞ്ഞു.
”നിങ്ങളുടെ ചിന്താഗതി എനിക്കിഷ്ടപ്പെട്ടു. നിങ്ങള്‍ക്ക് ഞാനൊരു ജോലി തരാം.”
”വേണ്ട, വേണ്ട …. ഞാനെന്റെ ജോലിയെ ഒന്ന് വിലയിരുത്തുകയായിരുന്നു. ആ സ്ത്രീക്കുവേണ്ടി ജോലി ചെയ്തുകൊണ്ടിരിക്കുന്നത് ഞാന്‍ തന്നെയാണ്.”
ഇത്തരം വിലയിരുത്തലുകള്‍ ആരെയും മികച്ചതാക്കും. ലോകത്ത് ഏറ്റവും വലിയ സാധ്യതയെന്നത് വളരാനുള്ളതാണെന്നാണല്ലോ ചൊല്ല്.