പിച്ചക്കാരെന്തിന്?

  • Episode 30
  • 29-11-2022
പിച്ചക്കാരെന്തിന്?

നല്ല ഉള്‍ക്കാഴ്ചകള്‍ തരുന്ന മികച്ച സന്ദേശങ്ങള്‍ എന്റെ അധ്യാപകര്‍ മിക്കപ്പോഴും തരാറുണ്ട്. സങ്കടമെന്താണെന്നു ചോദിച്ചാല്‍ ഇതൊന്നും, ജീവിതത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടാക്കുന്നില്ലെന്നതാണ്. അറിവിന്റെ ഖജനാവുകളായ ജ്ഞാനികളുടെ നാടാണ് ഭാരതം. അറിവെന്ന് പറയുന്നത് സൂഫി ബുദ്ധിസ്റ്റ് സന്യാസികളുടെ മാത്രം കുത്തകയുമല്ല.
ആ കാലഘട്ടത്തിലെ വലിയൊരു ജ്ഞാനിയും വിശുദ്ധനുമായിരുന്ന ഒരാളെപ്പറ്റി തുളസീദാസ് കേള്‍ക്കാനിടയായി. കവിയും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന റഹിം പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആളാണ്. മങ്കോള്‍ചക്രവര്‍ത്തിയുടെ സദസ്സിലെ നവരത്‌നങ്ങളില്‍ ഒരാളുമായിരുന്നു റഹിം. ദാനം കൊടുക്കുമ്പോള്‍ അപരന്റെ മുഖത്തു നോക്കാറില്ലായിരുന്നദ്ദേഹം. ഈ സ്വഭാവത്തെ പരാമര്‍ശിച്ച് തുളസീദാസ് ഒരു കവിത തയ്യാറാക്കി റഹിമിനയച്ചു കൊടുത്തു. അതിങ്ങനെയായിരുന്നു:
”അല്ലയോ മനുഷ്യാ, ഈ സ്വഭാവം താങ്കള്‍ക്കെങ്ങനെ കിട്ടി? ദാനം ചെയ്യാന്‍ കൈ മുകളിലേക്ക് പോവുമ്പോള്‍, താങ്കളുടെ  കണ്ണുകള്‍ അടഞ്ഞു പോകുന്നു…”
അതിനു റഹിം മറുപടി കൊടുത്തു,
”രാവും പകലും ലോകം പറയുന്നത്, അതാണ് ദാതാവെന്നാണ്. അങ്ങനെ ചിന്തിക്കാന്‍ എനിക്ക് ലജ്ജയായതുകൊണ്ടാണ് ഞാനെന്റെ കണ്ണുകളടച്ച്, താഴേക്കു നോക്കുന്നത്.”
റഹിമിനോളമോ തുളസീദാസിനോളമോ വളര്‍ന്നിട്ടില്ലാത്തതു കൊണ്ടുതന്നെ ഞാന്‍ ചിന്തിച്ചിരുന്നത്, ബുദ്ധിമുട്ടി സമ്പാദിച്ച പണം ദാനം ചെയ്യുമ്പോള്‍ അത് അനാവശ്യമായി ചെലവഴിക്കപ്പെടരു തെന്നും, പണം ഒരിക്കലും ശ്രദ്ധയില്ലാതെ ചെലവിടരുതെന്നുമൊക്കെ യായിരുന്നു. ലോബ്‌സാങ് റാമ്പാ എഴുതിയ ‘മൂന്നാം കണ്ണ്’ (Third Eye) എന്ന പുസ്തകം എന്റെ സങ്കല്പങ്ങളെ മാറ്റിമറിച്ചെന്നു പറയാം.
കഥയിങ്ങനെയാണ്: റാമ്പാ ഉന്നത പഠനത്തിനായി ഒരു ബുദ്ധിസ്റ്റ് ജ്ഞാനിയെ സമീപിക്കുന്നു. അദ്ദേഹം റാമ്പായുടെ ഉള്‍ക്കണ്ണ് തുറക്കുന്നു. തുടര്‍ന്ന് ഭൂതവും ഭാവിയുമെല്ലാം ഭംഗിയായി കാണാന്‍ റാമ്പായ്ക്ക് കഴിയുന്നു.

തൊട്ടടുത്ത ദിവസം ഗുരുവും ശിഷ്യനുംകൂടി നടക്കുമ്പോള്‍ വഴിയരികിലിരിക്കുന്ന ഒരു ഭിക്ഷക്കാരനെ റാമ്പാ ശ്രദ്ധിച്ചു. റാമ്പാ നോക്കിയപ്പോള്‍, സ്വന്തമായി ഒരു ഇരുനിലക്കെട്ടിടമുള്ള ധനവാനായ ഒരാളാണതെന്നു മനസ്സിലായി. ഇയാള്‍ക്ക് ഭിക്ഷ കൊടുക്കുന്നത് ഉചിതമാണോയെന്ന് റാമ്പാ ഗുരുവിനോട് ചോദിച്ചു. ഗുരു മറുപടിയായിപ്പറഞ്ഞത്, സഹജീവികളോടുള്ള നമ്മുടെ മനോഭാവം പ്രപഞ്ചത്തെ അറിയിക്കാന്‍ ഇത്തരക്കാര്‍ ഉണ്ടായിരിക്കേണ്ടതുണ്ടെന്നാണ്. അവരെങ്ങനെയാണ് പണം ചെലവഴിക്കുന്നതെന്നതിനെപ്പറ്റി നാം അന്വേഷിക്കേണ്ടതില്ലെന്നും ഗുരു പറഞ്ഞു. നമ്മെ ദൈവം ഉള്ളവരുടെ പട്ടികയില്‍ കാണാന്‍, ഇത്തരക്കാര്‍ ആവശ്യമുണ്ട്. നാം എവിടെ ആയിരിക്കുന്നുവോ അവിടെ നിലനിര്‍ത്തുകയാണല്ലോ ദൈവം ചെയ്യുക?

വേണ്ടത്ര ഇല്ലായെന്ന് സ്വയം കരുതുന്നതുകൊണ്ടാണല്ലോ കൊടുക്കാതിരിക്കാന്‍ പലരും കാരണം അന്വേഷിക്കുന്നത്. ‘തരണേ ഭഗവാനേ’യെന്ന് പ്രാര്‍ഥിക്കുന്നവരുടെയും, താന്താങ്ങളെപ്പറ്റിയുള്ള വിലയിരുത്തല്‍ അതുതന്നെ. എത്ര പണം സേഫില്‍ ഉണ്ടെങ്കിലും, ദൈവത്തിന്റെ മുമ്പില്‍ ഇല്ലാത്തവരുടെ പട്ടികയിലും, ഉള്ളത് എടുക്കപ്പെടുന്നവരുടെ പട്ടികയിലുമായിരിക്കും ഇവരെന്ന് ഉറപ്പു പറയാം.
അതിനുശേഷം, സംഭാവന കൊടുക്കുന്ന പണം ഓരോരുത്തരും എങ്ങനെ ചെലവഴിക്കുന്നുവെന്നതിനെപ്പറ്റി ഞാന്‍ ചിന്തിച്ചിട്ടേയില്ല; മാത്രവുമല്ല, കൊടുക്കാനുള്ള ഒരവസരവും കളയുകയുമില്ല. അതായത്, ആവശ്യക്കാരായും യാചിക്കുന്നവരായും ആളുകള്‍ എപ്പോഴും ഉണ്ടായിരിക്കേണ്ടതുണ്ടെന്നുള്ളത് ഒരു വലിയ അറിവായിരുന്നുവെന്നു പറയാം. നിര്‍ബന്ധമായും ഒഴിവാക്കിയ ഒരു കാര്യം, ഇല്ലാത്തതുകൊണ്ടാണ് തരാത്തതെന്നുള്ള പ്രസ്താവനയാണ്. ഉള്ളവന് സമൃദ്ധിയായി കൊടുക്കുകയും ഇല്ലാത്തവന്റെ കൈയില്‍നിന്ന് ഉള്ളതും കൂടി എടുക്കുകയും ചെയ്യുന്ന ഈശ്വരന്‍ കേള്‍ക്കെ ഞാനില്ലാത്തവനാണെന്നു പറയുന്നത് അപകടകരം തന്നെ.

Select your favourite platform