പ്രാര്‍ഥനയെപ്പറ്റി എത്ര പറഞ്ഞാലും തീരണമെന്നില്ല. പ്രാര്‍ഥനയെന്ന് പറയുന്നത് സ്വതന്ത്രമായി നില്ക്കുന്ന ഒരു സംവിധാനവുമല്ല, നിരുപദ്രവകരമായ ഒരു പ്രക്രിയയുമല്ല. ഒരു ലക്ഷ്യം എങ്ങനെ സ്വരൂപിക്കണം, എങ്ങനെ ചിന്തിക്കണം, എന്നുള്ള ഘടകങ്ങളും ഇതിനോട് ചേര്‍ന്നുവരും. ഏതെങ്കിലും ഗുരുവിനെ മുറുകെപ്പിടിച്ചിരി ക്കുന്നവരുടെ കാര്യത്തില്‍ പ്രാര്‍ഥനയ്ക്ക് രൂപമാറ്റം സംഭവിക്കാം – അറിയാതെതന്നെ. പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു; ഒരു പരിധിവരെ നമ്മുടെ മനസ്സിലാക്കലനുസരിച്ചെന്നും പറയാം.
എന്റെ ചെറുപ്പത്തില്‍, പ്രാര്‍ഥനയെന്നാല്‍ ചില ജപങ്ങളുടെ ആവര്‍ത്തനമാണെന്നാണ് ഞാന്‍ പഠിച്ചിരുന്നത്. പതിയെ, സ്വന്തം പ്രാരബ്ദങ്ങളും സങ്കടങ്ങളും വേര്‍തിരിച്ചെടുക്കുകയും അവ പരിഹരിച്ചുകിട്ടാന്‍ വേണ്ടിയുള്ള സ്വര്‍ഗീയ ഇടപെടല്‍ ഉറപ്പാക്കുകയുമാണ്, പ്രാര്‍ഥന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നായി, എന്റെ മനസ്സിലാക്കല്‍. എവിടെയും എപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു ജിജ്ഞാസുവായി വളര്‍ന്നപ്പോള്‍, ഉള്ളിലും പുറത്തും സംഘര്‍ഷങ്ങളായി. എല്ലാം അറിയുകയും വേണ്ടത് ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ദൈവത്തെ വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി ശല്യപ്പെടുത്തുന്നത് അനുചിതമായി എനിക്ക് തോന്നി. അതു വളര്‍ന്ന്, മറ്റുള്ളവരുടെ നന്മ ലക്ഷ്യമാക്കി പ്രാര്‍ഥിക്കുകയെന്നത് പ്രായോഗികമായും ദൈവശാസ്ത്രപരമായും ശരിയാണല്ലോ എന്ന ചിന്തയിലേക്കായി.
പക്ഷേ, എന്റെ അധ്യാപകരെന്നെ അവിടെ സ്ഥിരതാമസമാക്കാനും സമ്മതിച്ചില്ല. അവരുടെ ചോദ്യം, അപരന്റെ കര്മ്മായില് ഇടപെടാന്‍ നമുക്കെന്തവകാശമെന്നായിരുന്നു. അവര്‍ സ്വയം തിരഞ്ഞെടുത്ത അല്ലെങ്കില്‍ ദൈവം അവര്‍ക്കു നിശ്ചയിച്ചു കൊടുത്ത ജീവിത സാഹചര്യം, സുഖത്തിന്റേതായാലും ദു:ഖത്തിന്റേതായാലും, മാറ്റിക്കൊടുക്കണമെന്ന് പ്രാര്‍ഥിക്കാന്‍ നാമാര്? ശരിയല്ലേ? മുമ്പ് സമ്പാദിച്ചിരുന്ന മാലിന്യങ്ങള്‍ ഒഴിവാക്കാനായി അവനവന് തിരഞ്ഞെടുത്ത വഴികളിലായിരിക്കുമല്ലോ ഓരോരുത്തരും?
ഇവിടെ ജനിക്കുന്ന സര്‍വര്‍ക്കും അവനവന്റേതായ ദൗത്യങ്ങളാണല്ലോ ഉള്ളത്! സൂക്ഷിച്ചു നോക്കിയാല്‍, അത് ചിലപ്പോള്‍ ആര്‍ക്കും കാണാനും കഴിഞ്ഞേക്കും. ഒരുവന് ജീവിക്കുന്ന സാഹചര്യം, അവനിലുള്ള വിശേഷസിദ്ധികള്‍, അവന്റെ സ്വഭാവരീതികള്‍ – ഇതെല്ലാം, അവനെന്തു ചെയ്യാനാണ് പ്രപഞ്ചം ഉദ്ദേശിച്ചിരിക്കുന്നത് എന്നതിന്റെ സൂചനകള്‍ നമുക്കു തരും. എല്ലാ മതങ്ങളും പറയുന്നതൊന്നുതന്നെ; കാര്യങ്ങള്‍ക്കെല്ലാം ഇവിടെയൊരു അടുക്കും ചിട്ടയുമുണ്ട്. അങ്ങനെയൊക്കെയാണെങ്കില്‍, അപരന് താനുദ്ദേശിക്കുന്നതു പോലെയായിരിക്കണമെന്ന് പ്രാര്‍ഥിക്കാന്‍ നമ്മളാര്? നമ്മുടെ പ്രിയപ്പെട്ടവരുടെ കാര്യത്തില്‍ വരുമ്പോള്‍ ഇങ്ങിനെ നാം ചിന്തിക്കില്ല. എന്നിരിക്കിലും ചോദ്യം, ചോദ്യം തന്നെയല്ലേ? ബന്ധപ്പെട്ടവരുടെ അനുവാദമുണ്ടെങ്കിലോ അവരുടെ അഭ്യര്‍ഥന മാനിച്ചോ അപരനുവേണ്ടി പ്രാര്‍ഥിക്കാനും അപരന്റെ കാര്യത്തില്‍ ഇടപെടാനും സാധിക്കും. അങ്ങനെയുള്ള അവസരങ്ങളില്‍ കര്മ്മായിലുള്ള വ്യത്യാസത്തിന്റെ ഉത്തരവാദികള്‍ അപരവര് തന്നെയായിരിക്കും.
അഥവാ, പ്രാര്‍ഥിക്കാന്‍ അനുവാദം ഉണ്ടെന്നുവെക്കുക. പ്രാര്‍ഥിക്കുമ്പോള്‍ നമ്മില്‍ സംഘര്‍ഷം ഉണ്ടാകാറില്ലേ? മരണാസന്നനായിക്കിടക്കുന്ന അപ്പനുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍, അധികകാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നൊരിച്ഛ മനസ്സില്‍ സ്ഥാപിച്ചിട്ടല്ലേ, ദിര്ഘായുസിനു വേണ്ടി പ്രാര്‍ഥിക്കുന്നത്? മനസ്സിലൊന്നും വാക്കുകളില്‍ മറ്റൊന്നുമാവുമ്പോള്‍ ഏതാ പ്രവര്‍ത്തിക്കുക?
പതിയെ, ഇവിടെ സംഭവിക്കുന്നതും ആയിരിക്കുന്നതുമെല്ലാം കൃത്യമായ സമയത്തും സ്ഥലത്തുമാണെന്ന ചിന്തയിലായി. തുടര്‍ന്ന്, എന്റെ പ്രാര്‍ഥനയെന്ന് പറയുന്നത് പ്രപഞ്ചത്തിന്റെ ഔചിത്യബോധത്തിനു നന്ദി പറയലായി. അത് വീണ്ടും മാറി, യേശു ശിഷ്യന്മാരെ പഠിപ്പിച്ച ‘സ്വര്‍ഗസ്ഥനായ പിതാവേ’യെന്ന പ്രാര്ഥനയിലെത്തി നില്ക്കുന്നിപ്പോള്. ആ പ്രാര്‍ഥനയുടെ അവസാനത്തെ വാചകം, ‘അവിടുത്തെ ഇഷ്ടംപോലെ ഇവിടെയും ഭവിക്കട്ടെയെന്നാണല്ലോ’. ഇതനുസരിച്ചാണെങ്കില്‍ എനിക്കും പ്രശ്നമില്ല, ദൈവത്തിനും പ്രശ്നമുണ്ടാവാന്‍ കാര്യമില്ല. പ്രപഞ്ചത്തിന്റെ സ്ഥലകാല ഔചിത്യത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെയെന്നാണല്ലോ അതിന്റെയര്‍ഥം; അല്ലാതെ, ക്രിസ്ത്യാനികളുടെ സ്വര്‍ഗം ഇവിടെയും വരട്ടെന്നായിരിക്കില്ലല്ലോ!