എല്ലാവര്ക്കും വണ്ടിക്കൂലിക്കും നിത്യച്ചെലവിനുള്ളതും കൊടുത്താണ് ദൈവം ഭൂമിയിലേക്ക് വണ്ടി കയറ്റിവിടുന്നതെന്നാണ് മന:ശാസ്ത്രജ്ഞന്മാര് പറയുന്നത്. ആര്‍തര്‍ റോബര്‍ട്ട് ആഷേ (Arthur Robert Ashe 1943 – 1993), പ്രസിദ്ധനായ ഒരു ടെന്നീസ് പ്ലെയര്‍ ആയിരുന്നു. മൂന്ന് ഗ്രാന്റ് സ്ളാം കിരീടങ്ങള്‍ അണിഞ്ഞ ഈ അമേരിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരനെ സ്നേഹിക്കാത്ത വെള്ളക്കാരാരും ഇല്ല തന്നെ. അദ്ദേഹത്തിന്റെ ടെന്നീസ് റാങ്കിങ്, നമ്പര്‍ 1 ആയിരുന്നു. ഹൃദ്രോഗസംബന്ധമായി നിരവധി സര്‍ജറികള്‍ക്ക് വിധേയനായ അദ്ദേഹത്തിന്, ഒരിക്കല്‍ കിട്ടിയ രക്തം ഒരു എയിഡ്സ് രോഗിയുടേതായിരുന്നു. അങ്ങനെ എയിഡ്സ് രോഗിയായ അദ്ദേഹത്തിന്, ആരാധകരില്‍നിന്നു വന്ന കത്തുകളിലൊന്ന് പ്രസിദ്ധമാണ്.
”ദൈവം ഇത്തരമൊരു മോശം രോഗത്തിന് താങ്കളെ എന്തിനു തിരഞ്ഞെടുത്തു?” അതായിരുന്നു ചോദ്യം.
അദ്ദേഹം എഴുതി,
”ലോകമാകെ അഞ്ചു കോടി കുട്ടികള്‍ ടെന്നീസ് പഠിക്കുന്നു; അതില്‍ അമ്പത് ലക്ഷം ടെന്നീസ് കളിക്കുന്നു; അഞ്ചു ലക്ഷം പേര് പ്രഫഷണല്‍ ടെന്നീസ് പരിശീലിക്കുന്നു. അതില്‍, അമ്പതിനായിരം മത്സരങ്ങളില്‍ എത്തുന്നു; അയ്യായിരം പേര് ഗ്രാന്റ് സ്ളാമിലെത്തുന്നു; അതില്‍ അമ്പത്പേര്‍ വിംബിള്ഡണിലുണ്ടാവും. പക്ഷേ, നാലേ നാലുപേരേ സെമി ഫൈനലില്‍ എത്തുന്നുള്ളു. അതില്‍ രണ്ട് പേര് ഫൈനലിലെത്തും. ഒന്നാം സ്ഥാനക്കാരന്റെ കപ്പും കൈകളിലുയര്‍ത്തി ഞാന്‍ നിന്നപ്പോള്‍, ഒരിക്കല്‍ പോലും ഞാന്‍ ദൈവത്തോട് ചോദിച്ചില്ല, ”എന്താ എന്നെ ഇങ്ങനെയാക്കിയതെന്ന്!”