‘എക്സ്ട്രാ മൈല്‍’ എന്നൊരു പ്രയോഗമുണ്ട്. അതിന്റെ അര്‍ഥം, ആവശ്യത്തിലേറെ കൊടുക്കുക, ചെയ്യുക എന്നൊക്കെയാണ്. ശരീരത്തിന് മുകളില്‍ മനസ്സിനെ പ്രതിഷ്ഠിച്ചിട്ടുള്ളരാണ് ഈ ‘എക്സ്ട്രാ മൈല്‍’ അനുഭാവികള്‍. അവരാണ് ഒളിമ്പിക്സിലാണെങ്കിലും വിജയിക്കുന്നവര്‍.
ഈ ‘എക്സ്ട്രാ മൈല്‍’ ഓടണമെങ്കില്‍ മനസ്സ് അത്രമേല്‍ തീവ്രമായി ചലിക്കുന്നുണ്ടാവണം. 2008 ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ മത്തിയാസ് സ്റ്റെയ്നെര്‍ എന്നൊരു യുവ ഭാരോദ്വാഹകന്‍ ഉണ്ടായിരുന്നു. 105+ കി. വിഭാഗത്തില്‍ അദ്ദേഹം സ്വര്‍ണ്ണം കരസ്ഥമാക്കിയപ്പോള്‍ പ്രായം 25 മാത്രം. ഒളിമ്പിക്സ് സ്വര്‍ണ്ണവും സ്വപ്നം കണ്ട് പരിശീലനം നടത്തിപ്പോന്ന സ്റ്റെയ്നറിന്റെ ജീവിതത്തിലെ വലിയ ഒരു ഷോക്കായിരുന്നു, ഭാര്യ സൂസെന്നിന്റെ അപകട മരണം. അദ്ദേഹം ഒളിമ്പിക്സിനു വണ്ടി കയറിയപ്പോള്‍ അദ്ദേഹത്തിന്റെ പോക്കറ്റില്‍ ചിരിക്കുന്ന സൂസെന്നുമുണ്ടായിരുന്നു.
മത്സരസമയത്ത് സ്റ്റെയിനറുടെ മുമ്പില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്, ‘എക്സ്ട്രാ മൈല്‍’ ഉപയോഗിച്ച് സ്വര്‍ണ്ണം നേടിയവരുടെ ധാരാളം കഥകളുണ്ട്. എടുത്തു പറയാവുന്ന എല്ലാ വിജയങ്ങളുടെയും പിന്നില്‍ ഈ ‘എക്സ്ട്രാ മൈല്‍’ കാണും.
ജാവലിനില്‍ സ്വര്‍ണ്ണം നേടിയ സുബൈദാര്‍ നീരജിന്റെ ഒരു ചിത്രം അദ്ദേഹം സ്വര്‍ണ്ണമെഡല്‍ അണിയുന്നതിന്റെ ഒന്നുമായിരുന്നില്ല – കൂട്ടുകാരുമൊത്ത് ഉല്ലസിക്കുന്നതിന്റെയുമായിരുന്നില്ല. അതദ്ദേഹം തോളില്‍ ഒരു ഓപ്പറേഷനും കഴിഞ്ഞു കിടക്കുന്നതിന്റെ ചിത്രമായിരുന്നു. 2019 ല്‍ ദോഹയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല; എറിയുന്ന കൈയുടെ തോളിലെ വേദനയായിരുന്നു കാരണം.
മനസ്സു ശരീരത്തിന്റെ മുകളില്‍ പായിക്കുന്നവര്ക്കെന്തു വേദന? എന്ത് സര്‍ജറി? സ്വര്‍ണ്ണവും കൊണ്ട് നീരജ് മടങ്ങിയെത്തിയപ്പോള്‍ മരത്തിന്റെ കൊമ്പില്‍നിന്നും മരത്തിന്റെ കൊമ്പിലേക്കു ചാടുന്ന പുലിയായിരുന്നു, എന്റെ മനസ്സില്‍. ചിലപ്പോള്‍ കുരങ്ങന്മാരെ പിടിക്കാന്‍ പത്തമ്പതു കിലോയിലേറെ ഭാരമുള്ള ഇവറ്റകള് മരം കയറും. ശിഖരത്തില്‍ നിന്നു ശിഖരത്തിലേക്കുള്ള ചാട്ടത്തില്‍ കുത്തനെയായാണെങ്കിലും വിലങ്ങനെയാണെങ്കിലും ആ കൈകളിലെ നഖത്തിന്റെ പിടിയില്‍ അവ താഴെവീഴാതെ നില്ക്കും. അതേ ബലവും അതേ ആകൃതിയിലുമുള്ള നഖങ്ങള്‍കൊണ്ട് അത്രയും ഭാരം അത്രയും വേഗതയില്‍ ഒരു മരത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശാസ്ത്രത്തിനാവില്ല. അത് സാധിക്കണമെങ്കില്‍ അതിനു പിന്നിലൊരു മനസ്സുംകൂടി വേണം. ആ മനസ്സാണ്,
”നീ ചാടിക്കോ നിനക്കവിടെ പിടിച്ചു നില്ക്കാനാവും” എന്ന് പറഞ്ഞു കൊടുക്കുന്നത്.
”നിനക്ക് IAS ഓ IPS ഓ ഒക്കെ പാസ്സാകാനാവും; നീ പൊയ്ക്കോ” എന്നു പറയുന്ന ഒരു മനസ്സ് പലര്‍ക്കുമില്ല. മനസ്സ് പറഞ്ഞിട്ടും കാര്യമില്ല. നമുക്കറിയാമല്ലോ, കിട്ടിയാല്‍ കിട്ടിയെന്ന് മാത്രമേ ഉള്ളെന്ന്. ചാട്ടങ്ങള്‍ പിഴയ്ക്കുന്നതിന്റെ കാരണം വേറെ പറയേണ്ടതുണ്ടോ?