ഉത്തരവാദിത്വം

  • Episode 90
  • 29-11-2022
  • 08 Min Read
ഉത്തരവാദിത്വം

എവിടെങ്കിലും ഒരിക്കലെങ്കിലും മാനേജ്‌മെന്റ് പ്രശ്‌നം നേരിടേണ്ടിവരാത്തവരല്ലല്ലോ നാം. ഈ പ്രശ്‌നം, നാലുപേരു കൂടുന്നിടത്ത് മുഴുവനുള്ള പ്രശ്‌നമാണ് – നമ്മുടെ മേജര്‍ പ്രശ്‌നവും മാനേജ്‌മെന്റ് സംബന്ധംതന്നെ. ആരുടെയാണെങ്കിലും, വ്യക്തിത്വവുമായി ബന്ധപ്പെട്ടതുമാണിത്. അതിനൊരു മറുമരുന്നുണ്ട്.  ഈ രഹസ്യക്കൂട്ട് നമ്മോട് പറഞ്ഞത് നമ്മുടെ മുന്‍ പ്രസിഡന്റായിരുന്ന A P J അബ്ദുള്‍ കലാം സാറായിരുന്നു.
രംഗം, ഫിലഡെല്‍ഫിയായില്‍ നടന്നുകൊണ്ടിരുന്ന Wharton India Economic Forum (March 22, 2008). ഇവിടെവെച്ചൊരാള്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു – മില്യണ്‍ ഡോളര്‍ ചോദ്യം!! നേതാക്കന്മാര്‍ പരാജയത്തെ എങ്ങനെ നേരിടണമെന്നുള്ളതിന് ഒരുദാഹരണം പറയുമോ? അബ്ദുള്‍ കലാം സാര്‍ ഒരു സംഭവകഥ പറഞ്ഞു. അദ്ദേഹത്തിന്റെ പൂര്‍ണ്ണ നേതൃത്വത്തിലും ഉത്തരവാദിത്വത്തിലും ISRO ഒരുപഗ്രഹം നിര്‍മ്മിച്ചു. നിരവധി വര്‍ഷങ്ങളിലായി അനേകരുടെ പരിശ്രമങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമുണ്ടായ അവരുടെ റോക്കറ്റ്, 1979 ഓഗസ്റ്റില്‍ ഭ്രമണപഥത്തിലേക്കു വിക്ഷേപിച്ചു – മിനിറ്റുകള്‍ക്കകം, മുകളിലേക്ക് പോയതെല്ലാം  ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു!വിക്ഷേപണം വൈകിട്ട് 7 മണിക്കായിരുന്നു, ISRO ചെയര്‍മാന്‍ പ്രൊഫ. ധവാന്‍ പത്രസമ്മേളനം വിളിച്ചിരുന്നത് 7.45 നും. പത്രലേഖകര്‍ വന്നു; ആരും ഒന്നും മിണ്ടുന്നില്ല. പക്ഷേ, പ്രഫ. ധവാന്‍ ഇതിന്റെ പിന്നിലുള്ള പ്രയത്‌നത്തെ കാര്യമായി പരാമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. മാത്രമല്ല, പരാജയത്തിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഏറ്റെടുക്കുകയും ചെയ്തു. പ്രവര്‍ത്തിക്കാതെ പോയ ഒരു  വാല്‍വിന്റെ കാര്യവും അദ്ദേഹം പറഞ്ഞില്ല, A P J അബ്ദുള്‍ കലാം കാട്ടിയിരിക്കാനിടയുള്ള ഏതെങ്കിലും ഒരബദ്ധത്തിന്റെ കാര്യവും അദ്ദേഹം പറഞ്ഞില്ല.അടുത്ത വര്‍ഷം, 1980  ജൂലൈയില്‍, നടത്തിയ പരീക്ഷണം വന്‍വിജയമായിരുന്നു. പ്രഫ. ധവാന്‍ കലാം സാറിനെ വിളിച്ചു പറഞ്ഞു, ഇപ്രാവശ്യം പത്രസമ്മേളനം താങ്കള്‍ നടത്തുക. വിജയം വരുമ്പോള്‍ അതിന്റെ നേട്ടം മറ്റുള്ളവര്‍ക്കു വിട്ടുകൊടുക്കാനും, നഷ്ടമുണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും കഴിയുന്ന ഏതൊരാളും മാനേജ്‌മെന്റ് വൈഭവത്തില്‍ മികച്ചു നില്‍ക്കും. അമേരിക്കയില്‍ നടത്തിയ ഒരു പഠനസര്‍വേയില്‍ കണ്ടത്, നേട്ടങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാകാത്തതാണ് അവിടുത്തെ  തൊഴില്‍ പ്രശ്‌നങ്ങളില്‍ പ്രധാനമെന്നാണ്. പോരായ്മകള്‍ കൃത്യമായി കണ്ടെത്താനവസരമൊരുക്കുകയും, വേണ്ട തിരുത്തലുകള്‍ നല്‍കുകയും ചെയ്താല്‍ നമ്മുടെ വ്യക്തിത്വത്തിലെ മാനേജ്‌മെന്റ് പ്രശ്‌നങ്ങളും തീരും.
പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, വിവിധങ്ങളായ സാഹചര്യങ്ങളില്‍ നിന്ന് വരുന്ന വ്യത്യസ്തങ്ങളായ സ്വഭാവ സവിശേഷതകളുള്ളവരെ, അതും ടീം നന്നാകണമെന്നൊരാഗ്രഹവും ഇല്ലാതിരിക്കുന്നുവെങ്കില്‍, ആര്‍ക്കെന്തു ചെയ്യാന്‍ പറ്റും?അത് തികച്ചും നയപരമായ ഒരു പ്രശ്‌നമാണ്. ഉത്തരവാദിത്വമേറ്റെടുക്കാന്‍ കെല്‍പ്പുള്ളവനെയും, അതിനു യോഗ്യതയുള്ളവനേയും മാത്രമേ പ്രപഞ്ചം ഉന്നതസ്ഥാനങ്ങളില്‍ അവരോധിക്കുന്നുള്ളു – അവര്‍ മാത്രമേ വലിയവരാകുന്നുമുള്ളു. ഈ വാചകം ഒരിക്കല്‍ക്കൂടി പറയുകയാണ്; വലുതാകാന്‍ ആഗ്രഹിക്കുന്നവരെല്ലാം, നിര്‍ബന്ധമായും, ഉത്തരവാദിത്വപൂര്‍വം കാര്യങ്ങള്‍ ചെയ്യുന്നവരായേ തീരൂ.ആദം പറഞ്ഞു, ഞാനല്ല അവളാണ് പഴം തന്നതെന്ന്. ഹവ്വാ പറഞ്ഞു, ഞാനല്ല പിശാചാണ് പഴം തന്നതെന്ന്. സ്വന്തം ജീവിതത്തിന്റെ  ഉത്തരവാദിത്വമെങ്കിലും ആരും ചൂണ്ടിക്കോണ്ട് പോകാതെ നോക്കാന്‍ താല്പര്യമുള്ളതായി അധികംപേരില്ലല്ലോ ഭഗവാനേ!

Select your favourite platform