കോവിഡിന്റെ കടന്നുകയറ്റംകൊണ്ടും പ്രകൃതിക്ഷോഭത്തിന്റെ ഭീകരതകൊണ്ടും രാജ്യം വിറച്ചു നില്ക്കുന്നു. ഓരോ കാലത്തും, എന്തെങ്കിലുമൊക്കെ ശിക്ഷകള്‍ പ്രകൃതി നമുക്ക് തന്നുകൊണ്ടിരിക്കുമല്ലോ – എല്ലാം, മനുഷ്യന് ചെയ്തുകൂട്ടിയ അകൃത്യങ്ങളുടെ ഫലമായിരിക്കാനേ വഴിയുള്ളൂ. എയിഡ്സ് അതിന്റെ പാരമ്യത്തിലായിരുന്ന സമയത്ത്, എങ്ങനെ ഈ വിപത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് ഓഷോയോടൊരാള് ചോദിച്ചു. ഓഷോ പറഞ്ഞു,
”തെറ്റായ ചോദ്യമാണ് നിങ്ങള്‍ ചോദിക്കുന്നത്; ശരിയായ ചോദ്യം, ഈ വ്യാധി ഉണ്ടാക്കുന്ന മരണഭയത്തില്‍നിന്ന് എങ്ങനെ നിങ്ങള്‍ക്ക് രക്ഷപ്പെടാമെന്നായിരിക്കണമായിരുന്നു.” അദ്ദേഹം തുടര്‍ന്നു,
”വൈറസിനെ തുരത്താന്‍ കഴിഞ്ഞേക്കും, പക്ഷേ മനുഷ്യന്റെയുള്ളിലുള്ള ഭയത്തെ തുരത്തുക ബുദ്ധിമുട്ടാണ്……… ഈ മഹാവ്യാധിയാല് മരിക്കുന്നതിലും കൂടുതലാളുകള്‍ ഭയത്താല്‍ മരിക്കുന്നു…….. ഭയത്തേക്കാള്‍ മാരകമായ വൈറസുകളൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഭയത്തെ നിങ്ങള്‍ മനസ്സിലാക്കുന്നില്ലെങ്കില്‍, മരിക്കുന്നതിനെത്രയോ മുമ്പേ നിങ്ങള്‍ ശവങ്ങളായെന്നിരിക്കും? …… പരിഭ്രമിപ്പിക്കുന്ന ഈ സ്ഥിതിവിശേഷം, സമൂഹഭ്രാന്തിനു തുല്യമാണ്……” കോവിഡിന്റെ കാര്യത്തില്‍, ഭയം മരണകാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നത്, ഇതുമായി കൂട്ടിവായിക്കണം.
മുട്ട് വിറയ്ക്കുന്നതും അറിയാതെ മൂത്രം പോകുന്നതുമൊക്കെ ഭയവുമായി ബന്ധിപ്പിച്ചു നാം പറയാറുണ്ടല്ലോ. അതിനൊക്കെ അപ്പുറം ഒത്തിരി വിപത്തുകള്‍, ഭയം ശരീരത്തില്‍ വരുത്തുന്നുണ്ട്. ശരീരം മുഴുവന്‍ സ്തംഭിച്ചു പോവുന്ന സാഹചര്യംപോലും ഉണ്ടാവാം. ഹൃദയത്തിന്റെ സ്പന്ദനം വ്യത്യാസം വരും, അതു ശരിയാക്കാന്‍ പാരാ സിമ്പതറ്റിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കണം – പെട്ടെന്നൊരാവശ്യം വന്നാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഊര്‍ജം അങ്ങോട്ട് പമ്പ് ചെയ്യണം. ഇങ്ങനെയൊരു അസന്നിഗ്ദാവസ്ഥയില്‍ നന്നായി ചിന്തിക്കാനോ, കാണാനോ കേള്‍ക്കാനോ ഒന്നും കഴിഞ്ഞിരിക്കണമെന്നില്ല – ജീവന് തന്നെ പോകാനും മതി. ഇത് പതിവായാലോ? ഉറപ്പായിട്ടും നിങ്ങള്‍ ഒരു രോഗിയായിക്കഴിഞ്ഞിരിക്കും. എന്തിന്? ഭയന്നുകൊണ്ടേയിരിക്കുന്നുവെന്ന ചെറിയ കുറ്റത്തിന്.
വളരെ ചുരുക്കിപ്പറഞ്ഞാല്‍, ഭയം നമ്മുടെ പ്രതിരോധശേഷിയെ തകര്‍ക്കും, ഹൃദയസംബന്ധമായ തകരാറുകള്‍ ഉണ്ടാക്കും, അള്‍സര്‍ പോലുള്ള ഉദരരോഗങ്ങള്‍ക്കും, അലര്‍ജികള്‍ക്കും വ്യാപകമായ രീതിയില്‍ ഇത് കാരണമാകും. ഭയക്കുന്നതെന്തോ അത് സംഭവിക്കുമെന്നൊരു ചൊല്ലുമുണ്ട്. കുട്ടികളെപ്പറ്റിയുള്ള മാതാപിതാക്കന്മാരുടെ അമിത ഭയവും ആകാംക്ഷയും അവരുടെ ഭാവിയെത്തന്നെ വികലമാക്കിയേക്കാം. പലപ്പോഴും നമ്മുടെ ജീവിതങ്ങളിലുണ്ടാകുന്ന ദുരന്തങ്ങള്‍ തുടങ്ങിയത്, ആരുടേയോ ഭയത്തിലാണെന്ന് ഇടയ്ക്കിടെ ഓര്‍ക്കുന്നത് നല്ലത്. ദൈവഭയമാണെങ്കിലും, ശരീരത്തെ ബാധി ക്കാതെ നോക്കുന്നത് നന്നായിരിക്കും!
ഒരിക്കല്‍ ഒരു തവള, മൂര്‍ഖന്‍ പാമ്പിന്റെ മുമ്പിലകപ്പെട്ട കഥയോര്‍മ്മിക്കുന്നു. തന്റെ കാര്യം ഉറപ്പായെന്നു തന്നെ തവള തീര്‍ച്ചപ്പെടുത്തി. എങ്കിലും, ഒരു സൂത്രം പ്രയോഗിക്കാമെന്ന് തവളയുറപ്പിച്ചു. തവള പറഞ്ഞു, ”തിന്നുന്നതൊക്കെ കൊള്ളാം, പക്ഷേ, അപ്പോഴേ നീയും മരിച്ചുവീഴും. നിന്നെക്കാള്‍ പതിന്മടങ്ങ് വിഷമുള്ള ഇനമാണ് ഞാന്‍.” ഇതൊന്നു തെളിയിക്കാന്‍ മൂര്‍ഖന്‍ പറഞ്ഞു. തവള പാമ്പിനെയും കൊണ്ട് വീതി കുറഞ്ഞ ഒരു നടപ്പാതയുടെ അരുകില്‍ കാത്തിരുന്നു. ആദ്യം വരുന്നയാളെ നീ കടിക്ക്, അടുത്തു വരുന്നയാളെ ഞാനും കടിക്കാമെന്ന് തവള പറഞ്ഞു. ആദ്യം വന്നയാളെ ഒരൊറ്റച്ചാട്ടത്തിനു കടിച്ചിട്ട്, മൂര്‍ഖന്‍ അടുത്ത പറമ്പിലേക്ക് ചാടി. അയാള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അയാളെ നോക്കി വായും പൊളിച്ച് വഴിയരുകില്‍ ഒരു തവളയിരിക്കുന്നു. അയാള്‍ ഒന്നും സംഭവിക്കാത്തതുപോലെ നടന്നുപോയി. വീണ്ടും അവര്‍ തയ്യാറായി നിന്നു. ഇപ്രാവശ്യം വന്ന യാത്രക്കാരന്റെ കാലില്‍ തൊട്ടിട്ട് തവള അപ്പുറത്തേയ്ക്ക് ചാടി. അയാള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ പത്തിയും വിരിച്ചു നില്ക്കുന്ന മൂര്‍ഖനെയാണ് കണ്ടത്. അപ്പോള്‍തന്നെ അയാളവിടെ ബോധംകെട്ടു വീണു. മൂര്‍ഖനാവട്ടെ, ജീവനും കൊണ്ട് സ്ഥലംവിട്ടെന്നും പറഞ്ഞാല്‍ മതിയല്ലോ!
നമ്മില്‍ ഭയം രൂപപ്പെട്ടാല്‍, അത് നമുക്ക് ചുറ്റും വ്യാപിക്കും. അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന കമ്പനങ്ങള്‍ക്ക് നാം കാരണക്കാരാവുകതന്നെ ചെയ്യും. കോവിഡ് തകര്ത്തുമറിയുമ്പോള്, പ്രകൃതിക്ഷോഭങ്ങള്‍ അരങ്ങുവാഴുമ്പോള്‍, മീഡിയാക്കാരോടൊപ്പം നാമുംകൂടി ചേര്‍ന്ന് ജനത്തെ ഭീഷണിപ്പെടുത്തിയാലോ? ഇതല്ല ശരിയെന്നു ചിന്തിക്കുന്നവര്‍ ധാരാളം. ഇതില്‍നിന്നെങ്ങനെ രക്ഷപ്പെടാമെന്ന് അവര്‍ക്കുമറിയില്ല! കോവിഡിനേക്കാള്‍ വലിയ മീഡിയാ വിപത്തിനെ നേരിടാന്‍ മാസ്കുകള്‍ മാത്രം പോരാ. അല്‍പ്പം ഇച്ഛാശക്തിയും കൂടി വേണ്ടിവരും. നല്ലതു സങ്കല്പിക്കാന് ശ്രദ്ധിക്കുക – വലിയൊരു മാറ്റത്തിനതു തുടക്കമാവും, ഉറപ്പ്!