ശക്തിയുടെ രഹസ്യം

  • Episode 85
  • 29-11-2022
  • 06 Min Read
ശക്തിയുടെ രഹസ്യം

ഒരിക്കലൊരു സഞ്ചാരിക്ക്, ഗ്രാമങ്ങളിലൂടെയുള്ള യാത്രയില്‍ വഴിതെറ്റി, അതും പോരാഞ്ഞിട്ട് വണ്ടിയൊരു ചെളിക്കുഴിയില്‍ പ്പെടുകയും ചെയ്തു. കുഴിയില്‍നിന്നു വണ്ടി കയറ്റാനുള്ള  ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അയാള്‍ അടുത്തു കണ്ട ഒരു കര്‍ഷകന്റെ വീട്ടില്‍ ചെന്ന് കാര്യം പറഞ്ഞു.
”അതിനീ വാര്‍വിക് തന്നെ ധാരാളം.” മുറ്റത്തുനിന്നിരുന്ന മെലിഞ്ഞു തൊലിഞ്ഞ വയസ്സന്‍ കോവര്‍ കഴുതയെ നോക്കി കര്‍ഷകന്‍ പറഞ്ഞു. കര്‍ഷകന്‍ വന്ന് വാര്‍വിക്കിനെ കയറുകൊണ്ട് കാറുമായി ബന്ധിച്ചു. പിന്നെ ഒരലര്‍ച്ച,
”വലിയെടാ ഫ്രെഡ്, വലിയെടാ റ്റെഡ്, വലിയെടാ വാര്‍വിക്ക്, വലിയെടാ വലി!!”
ദാ … കാര്‍ ചെളിയില്‍നിന്ന് പുറത്ത്! സഞ്ചാരിക്ക് അതൊരത്ഭുതമായി. സഞ്ചാരി കര്‍ഷകന് നന്ദിയും പറഞ്ഞു, കഴുതയുടെ തോളില്‍ ഒരു തട്ടും തട്ടിയിട്ട് കര്‍ഷകനോട് ചോദിച്ചു.
”വാര്‍വിക്കിനോട് വലിക്കാന്‍ പറയുന്നതിനുമുമ്പ് മറ്റാരുടെയൊക്കെയോ പേരുകള്‍ വിളിച്ചല്ലോ. അവരാരാണ്?” കര്‍ഷകന്‍ സ്വതസിദ്ധമായ പരുപരുത്ത ശബ്ദത്തില്‍ പറഞ്ഞു.
”വാര്‍വിക്ക് വയസനാണ്. ഇപ്പോള്‍ കണ്ണുകള്‍ക്ക് തീരെ കാഴ്ചയുമില്ല. പക്ഷേ, കൂടെ കുറേപ്പേര്‍ക്കൂടിയുണ്ടെന്ന് തോന്നിയാല്‍, എന്ത് ചെയ്യാനും അതിനു മടിയില്ല!”
പൊതുവേ മനുഷ്യരില്‍ വേണ്ടത്ര ആത്മവിശ്വാസം കാണുന്നില്ലാത്തതിന്റെ കാരണത്തെപ്പറ്റി ചിന്തിച്ചപ്പോഴാണ് ഇക്കഥയും ഓര്‍ത്തത്. ഏതൊരുവനും ഒറ്റയ്ക്കാണെന്നും സ്വയം നിലനില്‍ക്കേണ്ടതു ണ്ടെന്നും, ഈശ്വരസാന്നിധ്യം നിയന്ത്രിത സാഹചര്യങ്ങളിലേ സാധ്യമായേക്കൂവെന്നുമവനെ പറഞ്ഞു വിശ്വസിപ്പിച്ച്, അപ്പാടെ നിരായുധനാക്കിയതിന്റെ പ്രധാന ഉത്തരവാദിത്വം മതങ്ങള്‍ക്കാണ്!
സത്യം എന്താണെന്ന് പറയുന്നത്, ചന്ദ്രനെ കാണിക്കാന്‍ അങ്ങോട്ട് വിരല്‍ ചൂണ്ടുന്നതുപോലെയാണെന്ന് സെന്‍ ബുദ്ധിസ്റ്റുകള്‍ പറയുന്നു. ചന്ദ്രനെ കാണണമെങ്കില്‍, വിരലിന്റെ അറ്റത്തേക്ക് നോക്കിയാല്‍ പോരെന്നാണവര്‍ ഉദ്ദേശിക്കുന്നത്. ആരോട് പറയാന്‍? വല്ലവരും ചൂണ്ടുന്ന വിരലുകളിലേയ്ക്കും നോക്കി നെടുവീര്‍പ്പിട്ടു കൊണ്ടിരിക്കുന്ന മനുഷ്യരാണ് ചുറ്റും.
രാജാവ് നടക്കാനിറങ്ങിയ കഥയും ഓര്‍മ്മവരുന്നു. വഴിയരുകില്‍ മഴവെള്ളം കിടക്കുന്നതും, പലരുടെയും കാലുകളില്‍ ചെളി പറ്റുന്നതും രാജാവിനിഷ്ടപ്പെട്ടില്ല. വഴികളെല്ലാം തുകല്‍ വിരിക്കാന്‍ അദ്ദേഹം മന്ത്രിയെവിളിച്ചുത്തരവിട്ടു. ഓരോരുത്തരെയും, അവരവരുടെ കാലുകളില്‍ ചെളി പറ്റാതെ നടക്കാന്‍ പഠിപ്പിക്കാനായിരുന്നല്ലോ ശ്രമിക്കേണ്ടിയിരുന്നത്.
കാര്യം ശരിയാണ് – ശാസ്ത്രം ഒരുപാട് വളരുന്നുണ്ട്. അത്യാധുനിക ഡ്രോണുകള്‍ വരുന്നു, ഹൈഡ്രജന്‍ വാഹനങ്ങള്‍ വരുന്നു, സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു… വളര്‍ച്ച ഇങ്ങനെയിങ്ങനെ മാത്രം പോവുകയല്ല ചെയ്യുന്നത്. പോസിറ്റിവ് തിങ്കിങ് എങ്ങനെ ലക്ഷ്യ സാദ്ധ്യത്തിനുപകാരപ്പെടുന്നു, അബോധമനസ്സിനെ എങ്ങനെ പ്രവര്‍ത്തനനിരതമാക്കാം, സിദ്ധികളെ എങ്ങനെ സ്വന്തമാക്കാം, ഓര്‍മ്മശക്തി എങ്ങനെ വര്‍ദ്ധിപ്പിക്കാം, എങ്ങനെ വാര്‍ദ്ധക്യത്തെത്തന്നെ തടഞ്ഞു നിര്‍ത്താം …. ഇതുപോലുള്ള ത്രസിപ്പിക്കുന്ന ചോദ്യങ്ങള്‍ക്കും നാമുത്തരം കണ്ടെത്തിക്കൊണ്ടാണിരിക്കുന്നത്.  ഒരു തീവ്രമതവാദിക്ക് ഇതെല്ലാം അത്ഭുതങ്ങളാണ്! ഒരുകാലത്ത് രണ്ട് ആഗോള ശക്തികളായിരുന്ന റഷ്യയും അമേരിക്കയും സൈനിക ഫയലുകളിലെ രഹസ്യങ്ങള്‍ ടെലിപ്പതിയിലൂടെയും ചോര്‍ത്തിയിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അബോധമനസ്സിനെ സ്വാധീനിച്ച് പ്രാപഞ്ചിക രഹസ്യങ്ങളുടെ കുരുക്കഴിച്ച നിരവധി സന്ദര്‍ഭങ്ങളുടെ കഥകള്‍ വായിക്കാന്‍ എനിക്കു തന്നെ ഇടവന്നിട്ടുണ്ട്.
അറിവുകളുടെ കവാടങ്ങള്‍ മുമ്പില്‍ മലര്‍ക്കെ തുറന്നിട്ടിട്ടും, സ്വന്തം ഉള്ളറകളിലെ വാതിലുകള്‍ തുറക്കാതെ ഭയന്നിരിക്കുന്ന സാധുക്കളെയോര്‍ത്ത് സഹതാപം തോന്നുന്നു!
ഒരു പ്രഭുവിന്റെ വീട്ടില്‍ രണ്ട് കാക്കകളെ വളര്‍ത്തിയിരുന്നു. ആ വീട്ടിലെ മിച്ചമായിരുന്നെങ്കിലും, വിശിഷ്ട ഭക്ഷണം കഴിച്ച് അവ തടിച്ചു കൊഴുത്തു. അങ്ങനെയിരിക്കെ, അടുത്തുള്ള കടല്‍ത്തീരത്ത് രണ്ട് അരയന്നങ്ങള്‍ പറന്നിറങ്ങി. അതിന്റെ ഭംഗി യജമാനന്‍ പ്രശംസിച്ചത് കാക്കകള്‍ക്ക് ഇഷ്ടമായില്ല. അവ അരയന്നങ്ങളെ പറക്കല്‍ മത്സരത്തിനു വെല്ലുവിളിച്ചു. അരയന്നങ്ങള്‍ എത്ര വിസമ്മതിച്ചിട്ടും കാക്കകള്‍ സമ്മതിച്ചില്ല. അവസാനം, കാക്കകളോട് മത്സരിക്കാനായി അരയന്നങ്ങള്‍ വീണ്ടും കടലിലേയ്ക്ക് പറന്നു. കാക്കകള്‍ അതിവേഗം പറന്നപ്പോള്‍ അരയന്നങ്ങള്‍ വളരെ സാവധാനമാണ് പറന്നിരുന്നത്. അധികം കഴിയുന്നതിനു മുമ്പ് കാക്കകള്‍ തുരുത്തന്വേഷിച്ചു തുടങ്ങി. ചക്രവാളങ്ങള്‍ മാത്രമുള്ള കടലില്‍ തുരുത്തെവിടെ? കാക്കകള്‍ കടലില്‍ പതിക്കുന്നത് കണ്ട്, ദു:ഖത്തോടെ അരയന്നങ്ങള്‍ തിരിച്ചു പറന്നു. ഏത് സമൂഹത്തില്‍ ചെന്നാലും, ഇത്തരം കാക്കകളെ എത്ര വേണമെങ്കിലും കാണാന്‍ കഴിയും! അവരറിഞ്ഞിരിക്കുന്നതാണ് അവസാനജ്ഞാനം എന്നാണവരുടെ ധാരണ!

Select your favourite platform