രണ്ടാം സ്വാതന്ത്ര്യ സമരം !!

  • Episode 62
  • 29-11-2022
  • 08 Min Read
രണ്ടാം സ്വാതന്ത്ര്യ സമരം !!

ഇന്നത്തെ മനുഷ്യന്റെ നിസ്സഹായാവസ്ഥയെപ്പറ്റി ഓര്‍ക്കുമ്പോള്‍, രണ്ടു കഥകളാണ് ഓര്‍മ്മയിലേക്ക് വരുന്നത്. ഒന്ന്, ഒരു കുളത്തിന്റെയടുത്ത് താമസിച്ചിരുന്ന കര്‍ഷകന്റേതാണ്. മഴക്കാലമായാല്‍ അയാള്‍ക്ക് കിടന്നുറങ്ങാന്‍ പറ്റില്ല. കുളത്തിലുള്ള തവളകളെല്ലാം കൂടി ഭയങ്കരഭയങ്കരമായി ശബ്ദമുണ്ടാക്കും! ഈ വലിയ കുളത്തില്‍, കുറഞ്ഞത് ഒരുലക്ഷം തവളകളെങ്കിലും കാണുമെന്നയാള്‍ കണക്കു കൂട്ടി. ഇതവസാനിപ്പിച്ചേ മതിയാവൂ! അയാള്‍ വള്ളവും വലയുമെല്ലാം വാങ്ങി, ആളുകളെയും ഒരുക്കി. സര്‍വതിനേയും പിടിക്കാനും തീരുമാനിച്ചു. തുടര്‍ന്ന്, പട്ടണത്തിലേയ്ക്കു ചെന്ന്, ഒരു റിസോര്‍ട്ടുകാരനുമായി ദിവസവും നൂറു തവളകളെവെച്ച് വില്‍ക്കാനുള്ള കരാറും ഒപ്പിട്ടു.

പക്ഷേ, പിറ്റേന്ന് നഗരത്തിലേക്ക് കൊണ്ടുപോകാനായി രണ്ട് തവളകളെ പിടിക്കാനേ അയാള്‍ക്ക് കഴിഞ്ഞുള്ളു. വെറും രണ്ട് തവളകളായിരുന്നു ആ ശബ്ദം മുഴുവന്‍ ഉണ്ടാക്കിയത്. ഓരോ ദിവസവും വാര്‍ത്താമാധ്യമങ്ങളില്‍ നിറയെ കോരിത്തരിപ്പിക്കുന്ന കാര്യങ്ങളാണ്. ചിലയിടങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍! ഈ പത്രപ്രവര്‍ത്തകരെല്ലാം ഒരേ മനസ്സുകാരാണെന്ന് അറിയാത്തത്, ഇതിന്റെയൊക്കെ മുന്നില്‍ വായും പൊളിച്ചിരിക്കുന്നവര്‍ മാത്രമായിരിക്കാം. ഓരോന്നും തൊലി പൊളിച്ചു നോക്കിയാല്‍, ഉള്ളില്‍ ഒന്നും കാണണമെന്നില്ല. അവരുണ്ടാക്കിയ ബഹളം പക്ഷേ, ആറ്റംബോംബ് പൊട്ടിച്ചതിനു തുല്യവുമായിരിക്കും. ഒരു മാസം മുമ്പിലത്തെ ഏതെങ്കിലും പത്രമെടുത്ത് അതിലെ ബ്രേക്കിങ് ന്യൂസിന്റെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് വിലയിരുത്തുക – മനസ്സിലായേക്കാം.

അടുത്ത കഥയും തവളയുടേതാണ്. ഇവിടെ, ഒരു ജന്തുശാസ്ത്രജ്ഞനാണു താരം! അയാള്‍ക്ക് ഒരു തവളയെ ജീവനോടെ പുഴുങ്ങണം; അയാളെന്തു ചെയ്‌തെന്നോ? ഒരു വലിയ ചെരുവത്തില്‍ നിറയെ വെള്ളമൊഴിച്ച്, അതില്‍ തവളയെയും ഇട്ട്, അത് അടുപ്പത്ത് വെച്ചു. വളരെ സാവധാനം, വെള്ളത്തിന്റെ ചൂട് കൂട്ടിക്കൊണ്ടിരുന്നു. ചാടിക്കളിക്കാന്‍ പാകത്തിലുള്ള ചെറു ചൂടില്‍ തവള തുള്ളിമറിഞ്ഞു. പക്ഷേ, ചാടാനുള്ള ഊര്‍ജം പോലും നഷ്ടപ്പെട്ടുകൊണ്ടിരുന്നതും തവളയമ്മാവന്‍ അറിഞ്ഞില്ല! എന്തെല്ലാം തത്വശാസ്ത്രങ്ങളാണ് വളരെ സാവധാനം തലയ്ക്കുള്ളിലേക്ക് തിരുകി മനുഷ്യനെ ചിലര്‍ ഇളിഭ്യരാക്കുന്നത്? ആവര്‍ത്തിക്കപ്പെടുന്ന ഒരു കള്ളം, സത്യമാണെന്നു മനുഷ്യന് തോന്നുമെന്ന്, the illusory truth effect എന്ന സിദ്ധാന്തത്തിലൂടെ വില്ലനോവാ – ടെമ്പിള്‍ യൂണിവാഴ്‌സിറ്റികള്‍ സംയുക്തമായി നടത്തിയ ഒരു പഠനം 1977) വിശദീകരിക്കുന്നു. ഗീത പറയുന്നതോ, ബൈബിള്‍ പറയുന്നതോ ഖുര്‍ആന്‍ ആവശ്യപ്പെടുന്നതോ ഒന്നുമായിരിക്കില്ല നമ്മുടെ പുരോഹിതരും പൂജാരിമാരും മുല്ലാക്കാമാരുമൊക്കെ പലപ്പോഴും വിശദീകരിക്കുന്നത്. എന്താണെങ്കിലും, ചരുവങ്ങളില്‍ കിടക്കുന്ന നാമെന്ന തവളകള്‍ സദാ പുഴുങ്ങപ്പെട്ടുകൊണ്ടിരിക്കുന്നു.

”ഞാന്‍ കണ്ടു”വെന്ന് ഒരാള്‍ പറയുമ്പോള്‍ ശരീരത്തിലെ എത്ര മാത്രം ഭാഗങ്ങള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു കാണണം. പ്രകാശം റെറ്റിനായില്‍ നിന്ന് ഇലക്ട്രിക് സിഗ്‌നലുകളായി ഓപ്റ്റിക് നേര്‍വിലൂടെ മസ്തിഷ്‌കത്തിലെത്തണം. മസ്തിഷ്‌കമാണ് അതിനെ ചിത്രമായി വ്യാഖ്യാനിക്കേണ്ടത്. യാതൊന്നും മറ്റെല്ലാത്തില്‍ നിന്നും വേര്‍പെട്ടു നില്‍ക്കുന്നതല്ല. ഒരു ലൈംഗിക അതിക്രമം നടക്കുമ്പോള്‍, അതു കേള്‍ക്കാന്‍ കൊതിക്കുന്ന ഒരു സമൂഹത്തെ, നിരന്തരവും ബോധപൂര്‍വവുമായുള്ള അധ്വാനത്തിലൂടെ സൃഷ്ടിച്ചെടുത്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങളെ എങ്ങനെ മറക്കാന്‍! നമ്മുടെ ആഗ്രഹങ്ങളല്ലേ, സൃഷ്ടിക്കപ്പെടുന്നത്? നമുക്ക് ചുറ്റുമുള്ളതിന്റെ ദര്‍പ്പണ പ്രതിബിംബമായിരിക്കുമല്ലോ നമ്മുടെ ഉള്ളിലുള്ളതും.

എന്തുമാത്രം സമയമാണ് മൊബൈലില്‍ കണ്ടും കേട്ടും നമുക്ക് നഷ്ടപ്പെടുന്നതെന്നത് ഒരു കാര്യം. എന്തുമാത്രം തെറ്റായ ചിന്തകള്‍ക്കാണ് നാം അടിമപ്പെടുന്നതെന്നത് മറ്റൊരു കാര്യം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും കണ്ട പൊതുവിജ്ഞാനം കൊണ്ട് ജീവിത ത്തില്‍ എന്ത് പ്രയോജനം ഉണ്ടായിയെന്നു ചോദിച്ചാല്‍, ഉത്തരം പറയാന്‍ വിഷമിക്കും. ഓരോ കണ്ടുപിടുത്തവും നമ്മെ കൂടുതല്‍ കൂടുതല്‍ അടിമകളാക്കുന്നുവെന്ന് നാം അറിയുന്നതേയില്ല. കാറില്ലാതെ, മൊബൈലില്ലാതെ, വൈഫൈ ഇല്ലാതെ നമുക്ക് ജീവിക്കുകയേ സാധ്യമല്ലെന്നു വന്നാല്‍?

പിന്നെങ്ങനെ ജീവിക്കണം? ഗീതയുടെ ആന്തരിക സന്ദേശമെടുത്താല്‍, നാം യാതൊന്നിനോടും അടുപ്പം കാണിക്കാതെ, സര്‍വയിടങ്ങളിലും ഒരു സാക്ഷിയായി നിന്നുകൊണ്ട് ആത്മാര്‍ഥമായി കര്‍മ്മം ചെയ്യുക. ഏതൊന്നിനോടെങ്കിലും ബന്ധിക്കപ്പെട്ടിരിക്കുമ്പോഴാണ് ദു:ഖവും സന്തോഷവുമെല്ലാം ഉണ്ടാകുന്നത്. ബുദ്ധന്റെ വഴിയെന്നാല്‍ ഒന്നിനോടും അടുപ്പമോ അകല്‍ച്ചയോ ഇല്ലാത്ത equanimity യുടേതാണ്. എല്ലാം ഉദ്ദേശിക്കുന്നത് ഒന്നുതന്നെ – നിരന്തരമായ പരിശീലനം കൊണ്ടുമാത്രം പ്രാപ്യമാകുന്ന പൂര്‍ണ്ണ വൈകാരിക സന്തുലിതാവസ്ഥ!

Select your favourite platform