യോഗാ ഡിസ്ട്രിക്ട് എന്ന പേരിലുള്ള ബ്ലോഗില്‍ പ്രസിദ്ധീകരി ച്ചിരിക്കുന്ന ഒരു സംഭവ കഥയാണിത്. എത്ര ശ്രമിച്ചിട്ടും ഒഴിവാക്കാന്‍ കഴിയാത്ത ദുശ്ശീലങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ടെങ്കില്‍ ഉപകാരപ്പെടും.
ഒരിക്കലൊരാള്‍ ആചാര്യ രജനീഷിനെ കാണാന്‍ ചെന്നു. 30 വര്‍ഷമായി സ്ഥിരമായി പുകവലിച്ചുകൊണ്ടിരുന്ന ഒരാളായിരുന്ന യാള്‍. അയാള്‍ രോഗിയുമായി, പുകവലി നിര്‍ത്താതെ ഒരിക്കലും ആരോഗ്യം മെച്ചപ്പെടുകയില്ലെന്നു ഡോക്ടര്‍മാരും പറഞ്ഞിരുന്നു. പക്ഷേ, പുകവലി അദ്ദേഹത്തിനൊരു വിട്ടുമാറാത്ത ശീലമായിക്ക ഴിഞ്ഞിരുന്നു. പരിശ്രമിച്ചിരുന്നു, കഠിനമായിത്തന്നെ പരിശ്രമിച്ചിരുന്നു; അതിന്റെ പേരില്‍ ഒത്തിരി വിഷമിച്ചിട്ടുമുണ്ട്. പക്ഷേ, ഒന്നല്ലെങ്കില്‍ രണ്ടുദിവസങ്ങളില്‍ കൂടുതല്‍ അതു വിജയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആത്മവിശ്വാസവും പോയി, ഒരു ചെറുകാര്യം പോലും തനിക്കു ചെയ്യാന്‍ സാധിക്കില്ലെന്ന് അയാള്‍ക്ക് തന്നെ അറിയാമായിരുന്നു. അദ്ദേഹം ഓഷോയോട് ചോദിച്ചു,
”ഞാനെന്തു ചെയ്യണം? എനിക്കെങ്ങനെ ഇത് നിര്‍ത്താന്‍ കഴിയും?” ഓഷോ പറഞ്ഞു,
”ആര്‍ക്കും ഈ പുകവലി നിര്‍ത്താന്‍ സാധിക്കില്ലെന്ന് ആദ്യം താങ്കള്‍ അറിയണം. താങ്കളുടെ ചോദ്യവുമായി ബന്ധപ്പെട്ട ഒരു കാര്യം മാത്രമല്ല, ഇപ്പോള്‍ പുകവലി. ഇത്, താങ്കളുടെ ശീലങ്ങളുടെ ലോകത്തേക്ക് കടന്നിരിക്കുന്നു. അവിടെ അതിന്റെ വേരുകളും ഉറച്ചിരിക്കുന്നു. മുപ്പതു വര്‍ഷം എന്ന് പറഞ്ഞാല്‍ അതൊരു നീണ്ട കാലഘട്ടമാണ്. അത്, താങ്കളെന്ന സംവിധാനത്തില്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു. താങ്കളുടെ തല തീരുമാനിച്ചതുകൊണ്ട് ഇവിടെ യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇവിടെ തല നിസ്സഹായനായിരിക്കുന്നു. ഒരിക്കല്‍ തുടങ്ങിയത്, ഈ മുപ്പതു വര്‍ഷക്കാലവും തുടരാന്‍ കഴിഞ്ഞതുകൊണ്ട് താങ്കളൊരു യോഗി തന്നെയാണ്. ആ പരിശീലനം താങ്കളെ ഒരു സ്വയം ഭരണാധികാരമുള്ളവനാക്കിയിരിക്കുന്നു (autonomous). ആ പദവിയില്‍ നിന്നാണ് നീ മുക്തനാവേണ്ടത്.”
”എന്താണ് മുക്തനാകല്‍ (de-autonomisation) എന്നതുകൊണ്ടു ദ്ദേശിക്കുന്നത്?” അയാള്‍ ചോദിച്ചു. ഓഷോ തുടര്‍ന്നു,
”താങ്കള്‍ ഒരു കാര്യം ചെയ്യുക, ആദ്യം പുകവലി നിര്‍ത്തുന്ന കാര്യം മറക്കുക. മാത്രവുമല്ല, അത് നിര്‍ത്തേണ്ട ആവശ്യവുമില്ല. മുപ്പതു വര്‍ഷം താങ്കള്‍ വലിച്ചുകൊണ്ട് ജീവിക്കുകയായിരുന്നല്ലോ; തീര്‍ച്ചയായും അസഹ്യം തന്നെയായിരുന്നു. പക്ഷേ, താങ്കള്‍ അതുമായി സമരസപ്പെട്ടു കഴിഞ്ഞല്ലോ. വലിക്കാതിരുന്നിരുന്നെങ്കില് മരിക്കുമായിരുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ മുമ്പ് വലിച്ചു കൊണ്ടിരുന്നതുകൊണ്ട് മരിക്കേണ്ടി വന്നതുകൊണ്ട് എന്തു വലിയ വ്യത്യാസമാണ് നിങ്ങളിലതു സൃഷ്ടിക്കാന്‍ പോവുന്നത്? നിങ്ങളെന്താണിവിടെ ചെയ്യാന്‍ പോകുന്നത്? നിങ്ങളെന്താണിവിടെ ചെയ്തത്? നിങ്ങള്‍ തിങ്കളാഴ്ച്ചയാണോ, ചൊവ്വാഴ്ച്ചയാണോ, ബുധനാഴ്ച്ചയാണോ മരിക്കുന്നതെന്നതുകൊണ്ടോ, അത് ഈ വര്‍ഷമാണോ അടുത്ത വര്‍ഷമാണോ എന്നതുകൊണ്ടോ നിങ്ങള്‍ക്കെന്താണ്?”
”ശരിയാണ്, അത് വലിയ കാര്യമൊന്നുമല്ല.” അയാള്‍ പറഞ്ഞു. ഓഷോ തുടര്‍ന്നു,
”പിന്നെ, അതങ്ങു മറന്നുകൂടെ? ഏതായാലും താങ്കളത് നിര്‍ത്താന്‍ പോകുന്നില്ല. എങ്കില്‍ പിന്നെ അതിനെ മനസ്സിലാക്കി ജീവിച്ചുകൂടെ? ഒരു കാര്യം ചെയ്യുക. അടുത്ത പ്രാവശ്യം വലിക്കുമ്പോള്‍, അതിനെ ഒരു ധ്യാനമാക്കി മാറ്റുക.”
”പുകവലി ധ്യാനമോ?” അയാള്‍ ചോദിച്ചു. ഓഷോ പറഞ്ഞു,
”സെന്‍ ബുദ്ധിസ്റ്റ് സന്യാസികള്‍ ചായകുടിയിലൂടെ ധ്യാനം നടത്തുക മാത്രമല്ലല്ലോ. അതൊരു വലിയ ആഘോഷമായല്ലേ അവര്‍ കൊണ്ടാടുന്നത്? പിന്നെ നമുക്കെന്താ ഇത് ചെയ്താല്‍? പുകവലിയും നല്ലൊരു മികച്ച ധ്യാനമാകും.”
”ഗുരുജീ, അങ്ങെന്താണുദ്ദേശിക്കുന്നത്?” അയാള്‍ ചോദിച്ചു. അയാള്ക്കുമൊരാവേശമായി.
”വേഗം പറയുക, എനിക്ക് കേള്‍ക്കാന്‍ ധൃതിയായി.” ഓഷോ അയാള്‍ക്ക് ധ്യാനം പറഞ്ഞുകൊടുത്തു.
”താങ്കളൊരു കാര്യം ചെയ്യുക. പോക്കറ്റില്‍ നിന്ന് സിഗരറ്റ്കൂട് പുറത്തെടുക്കുന്നത് സാവധാനമാകട്ടെ. അതാസ്വദിക്കുക. ഒരു തിരക്കുമില്ലല്ലോ? ബോധവാനായിരിക്കുക – അവബോധത്തോടെയാവട്ടെ ഓരോ നിമിഷവും. പഴയതുപോലെ ഒരു ബോധവുമില്ലാതെ ധൃതിക്കായിരിക്കരുത്. തുടര്‍ന്ന്, സിഗരറ്റ് പുറത്തെടുത്ത് ശ്രദ്ധാപൂര്‍വ്വം അതുകൊണ്ട് പായ്ക്കറ്റില്‍ അല്പനേരം വളരെ ക്ഷമയോടെയും ശ്രദ്ധയോടെയും കൊട്ടിക്കൊണ്ടിരിക്കുക. അതിന്റെ ശബ്ദം കേട്ടുകൊണ്ടേയിരിക്കുക. ഇങ്ങനെയാണ്, തിളയ്ക്കാന്‍ തുടങ്ങുമ്പോഴുള്ള ചായക്കലത്തിന്റെ സംഗീതം ബുദ്ധശിഷ്യന്മാര് കേട്ടിരിക്കുന്നത്. പിന്നെ സിഗരറ്റിന്റെ ഗന്ധം ആസ്വദിക്കുക… ആസ്വദിക്കാന്മാത്രം സൗന്ദര്യവും അതിനുണ്ട്.”
”അയ്യോ! എന്താ അങ്ങ് പറയുന്നത്? സിഗരറ്റിനു സൗന്ദര്യമുണ്ടെന്നോ?” അയാള്‍ ചോദിച്ചു. ഓഷോ തുടര്‍ന്നു,
”തീര്‍ച്ചയായും, മറ്റെല്ലാ വസ്തുക്കളെയും പോലെ പുകയിലയും ദിവ്യമാണ്. അത് മണത്തു നോക്കുക, ദൈവത്തിന്റെ മണമായിരിക്കും അതിനുമുള്ളത്.” അയാള്‍ ചോദിച്ചു,
”അങ്ങെന്തു തമാശയാണ് പറയുന്നത്?” ഓഷോ പറഞ്ഞു,
”ഞാന്‍ തമാശ പറയുകയല്ല. ഗൗരവമായിത്തന്നെ പറയുകയാണ്. തമാശകളില്‍ പോലും ഞാന്‍ തമാശ കാണാറില്ലാത്തവനാണ്. ഞാന്‍ വളരെ ബോധത്തോടെതന്നെയാണ് സംസാരിക്കുന്നത്. ഏതു ചെറിയ കാര്യവും നിങ്ങള്‍ക്കാസ്വദിക്കാന്‍ കഴിയും. ഏതു ചെറിയ കാര്യവും വീണ്ടും ചെറുതായി വിഭജിച്ച് വിഭജിച്ച് അതിനെ ആസ്വദിക്കാന്‍ പറ്റുമോയെന്നു നോക്കുക – ഇനി ആദ്യത്തെ പുക. ഹിന്ദുക്കള്‍ പറയാറുണ്ടല്ലോ, ആഹാരമാണ് ദൈവമെന്ന്. പിന്നെന്തിനു പുകയുടെ കാര്യത്തില്‍ വ്യത്യാസം? എല്ലാം ദൈവമാണ്. ശ്വാസകോശം മുഴുവന്‍ സാവധാനം പുകകൊണ്ട് നിറയ്ക്കുക. അത് പ്രാണായാമമാണ്. ഈ കാലഘട്ടത്തിനു വേണ്ട യോഗായാണ് ഞാനിപ്പോള്‍ തരുന്നത്. ഇനി ആ പുക പതിയെ പുറത്തേക്കു വിടുക. പിന്നെ അടുത്ത പുക. ഇതുപോലെ തന്നെ അകത്തേക്ക്…. എല്ലാം അതിസാവധാനം.
”ഇത് നിനക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍, നീ പോലും അത്ഭുതപ്പെട്ടുപോകും. കാണിച്ചുകൊണ്ടിരുന്നതിലെ വിഡ്ഢിത്തരം നിനക്കപ്പോള്‍ മനസ്സിലാകും. കാണിക്കുന്നത് മണ്ടത്തരമാണെന്ന് മറ്റുള്ളവര്‍ പറഞ്ഞതുകൊണ്ടുമല്ല, ഇത് മോശമാണെന്ന് മറ്റുള്ളവര്‍ പറഞ്ഞതുകൊണ്ടുമല്ല: വാസ്തവമെന്താണെന്ന് നിനക്കുതന്നെ കാണാന്‍ സാധിക്കും. കാണുകയെന്നത് വെറും ബൗദ്ധികമായിരിക്കില്ല, ആകമാനതയെ സ്പര്‍ശിച്ചു കടന്നുവരുന്ന ഒരു ദര്ശനമായിരിക്കുമത്. അങ്ങനെ, ഒരു ദിവസം അതു നിന്നു പോകുന്നെങ്കില്‍ നിന്നുപോകും. അത് തുടരുകയാണെങ്കില്‍ തുടരും. നിങ്ങള്‍ക്കതിനെപ്പറ്റി ഒരാകുലതയും വേണ്ട.”
മൂന്നു മാസത്തിനു ശേഷം അയാള്‍ വീണ്ടും ഓഷോയെ കാണാന്‍ വന്നു. അയാള്‍ അദ്ദേഹത്തോട് പറഞ്ഞു,
”ഗുരുജീ, അത് നിന്നുപോയി!” ഓഷോ അയാളോട് പറഞ്ഞു,
”ഇനിയിത് മറ്റു സ്വഭാവങ്ങളിലും പരിശീലിക്കുക. മദ്യപാന ധ്യാനം, വെറുതെയിരിക്കല്‍ ധ്യാനം, സിനിമാ കാണല്‍ ധ്യാനം, പരദൂഷണം പറയല്‍ ധ്യാനം … അങ്ങനെയങ്ങനെ. നടക്കുമ്പോള്‍ ശ്രദ്ധിച്ചു നടക്കുക, കേള്‍ക്കുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കുക, സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ചു സംസാരിക്കുക. അത്യാവശ്യമല്ലാത്ത ഒരു വാക്കുപോലും ഉച്ചരിക്കരുത്. അങ്ങനെ വളരെ സാവധാനം, നിങ്ങളുടെ സ്വയംഭരണാധികാരത്തില്നിന്ന് പതിയെ പുറത്തു വരിക.”