നോക്കിക്കോണേ, പ്ലീസ്!

  • Episode 68
  • 29-11-2022
  • 10 Min Read
നോക്കിക്കോണേ, പ്ലീസ്!

ജീവിതത്തിലുണ്ടാകുന്ന ചില സംഭവവികാസങ്ങളുടെ അര്‍ഥം എത്ര ചുഴിഞ്ഞു ചിന്തിച്ചാലും അത്രയ്ക്കങ്ങട് ഗ്രഹിക്കാന്‍ കഴിയണമെന്നില്ല. പണ്ട് ട്വിന്‍ ടവര്‍ തകര്‍ന്നപ്പോള്‍ അവിടെ ആയിരിക്കേണ്ട ഒരാള്‍ക്ക് കാലുവേദന – അയാള്‍ പുതിയ ഷൂസ് വാങ്ങാന്‍ പോയി. വേറൊരാള്‍ക്ക് റയില്‍ സ്‌റ്റേഷനില്‍ ചെന്നപ്പോള്‍, വികാരിയച്ചനെ ഒന്ന് കാണണമെന്നു തോന്നി. ഏതായാലും ടവര്‍ താഴെ വീണപ്പോള്‍ അവരതിലുണ്ടായിരുന്നില്ല. പല കാരണങ്ങളാല്‍, അന്ന് ടവറില്‍പ്പോയി ജീവന്‍ കളഞ്ഞവരുടെ കഥകളും ധാരാളം. എന്താ ഇങ്ങനെ?
കാള്‍ യുന്‍ (Carl Jung) എന്ന സൈക്കോ അനലിസ്റ്റ് പറയുന്നത്, പ്രപഞ്ചവു മായുള്ള ഒരു സമന്വയം, ഓരോരുത്തരുടെയും ജീവിതത്തില്‍ സദാ സംഭവിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ്. ചുറ്റും രൂപം കൊണ്ടു കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ ഔചിത്യത്വം ശ്രദ്ധിച്ചാല്‍, സാഹചര്യം നമ്മോടെന്തോ പറയാന്‍ ശ്രമിക്കുന്നുവെന്നു തോന്നാം. ചിലപ്പോള്‍ ചില ദിശകളില്‍ ഒരു തെളിമ (luminousity) കൂടുതല്‍ കണ്ടേക്കാം. ആ വഴി തിരഞ്ഞെടുക്കാനാണ് കാള്‍ യുന്‍ (Carl Jung) പറയുന്നത്. സാഹചര്യത്തെ ധ്യാനപൂര്‍വ്വം ശ്രദ്ധിച്ചാലേ, അതു തരുന്ന സന്ദേശം കുരുക്കഴിക്കാന്‍ നമുക്കു കഴിഞ്ഞെന്നിരിക്കൂ. ഇത്തരമൊരവസരമെങ്കിലും നേരിട്ടിട്ടില്ലാത്ത ആരും കാണില്ല.
മരണത്തിന്റെ വ്യാപാരി അന്തരിച്ചുവെന്ന് ആല്‍ഫ്രഡ് നൊബേലിനെപ്പറ്റി ഫ്രഞ്ച് പത്രം തെറ്റായി റിപ്പോര്‍ട്ട് ചെയ്തത് വായിക്കാനിടയായതുകൊണ്ടാണല്ലോ, താന്‍ കണ്ടുപിടിച്ച വെടിമരുന്നു വരുത്തിയ വിനയെപ്പറ്റി നൊബേലിന് ബോധ്യമായതും നൊബേല്‍ പ്രൈസ് സ്ഥാപിക്കപ്പെട്ടതും. ഒരു യാദൃശ്ചികത!
ഒരിക്കല്‍ ബുദ്ധനോട് ഒരു സിത്താറിസ്റ്റ്, എങ്ങനെയാണ് ധ്യാനിക്കേണ്ടതെന്ന് ചോദിച്ചു. ബുദ്ധന്‍ ചോദിച്ചു,
”സിത്താറിന്റെ കമ്പി ഏറെ മുറുക്കിയാല്‍?”
”പൊട്ടിപ്പോകും!” അയാള്‍ മറുപടി പറഞ്ഞു.
”തീര്‍ത്തയച്ചിട്ടാലോ?” ബുദ്ധന്‍ ചോദിച്ചു.
”ശബ്ദം കേള്‍ക്കില്ല!” അയാള്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് ഗൗതമബുദ്ധന്‍ പറഞ്ഞു,
”ധ്യാനം, അത്രകണ്ട് മുറുകിയിരിക്കാനും പാടില്ല, അയഞ്ഞിരിക്കാനും പാടില്ല.” ഇങ്ങനെയൊരു മധ്യമാര്‍ഗമാണ് ബുദ്ധിസ്റ്റുകള്‍ പൊതുവെ ജീവിതത്തിലും അനുവര്‍ത്തിക്കുന്നത്.  എപ്പോഴും ഈശ്വരന്‍ ആരിലൂടെയോ അല്ലെങ്കില്‍ എന്തിലൂടെയോ നമ്മോട് സംവദിച്ചുകൊണ്ടേയിരിക്കുമെന്ന് കരുതി, അതും നോക്കിയിരിക്കരുത് – ആവശ്യത്തിനു സാമാന്യബോധം ഉപയോഗിക്കുകയും വേണം. ഈ സാഹചര്യ വ്യാഖ്യാനം ഒത്തിരി പരിശീലനം വേണ്ട ഒരു പ്രക്രിയയാണ്;  വ്യാഖ്യാനങ്ങളില്‍ തെറ്റുപറ്റാനുള്ള സാധ്യത വളരെയാണ്.
ഒരാള്‍ ഇറച്ചിക്കടയില്‍ ചെന്ന് ഒരു നല്ല കഷണം ആവശ്യപ്പെടുന്നു. ഒരു കഷണവും മോശമല്ലെന്ന് ഇറച്ചിക്കടക്കാരന്‍ പറഞ്ഞു കേട്ടതേ, ഒരു സെന്‍ ബുദ്ധിസ്റ്റ് സന്യാസിക്ക് ബോധോദയമുണ്ടായത്രേ! സാഹചര്യങ്ങളെ ‘ലക്ഷണങ്ങളു’ടെ പട്ടികയില്‍പ്പെടുത്തി ശാസ്ത്രീയമായ വിശകലനത്തിന് മുതിര്‍ന്നാലും, സന്ദേശം ശരിയായി നമുക്ക് കിട്ടിയിരിക്കണമെന്നില്ല. എങ്കിലും ഒരു കാര്യം ഉറപ്പ് – ദൈവം നമ്മോട് സദാ സംവദിച്ചുകൊണ്ടേയിരിക്കുന്നു, മതമേതായാലും, ഒരു മതവുമില്ലെങ്കിലും!

വയലിലെ ലില്ലിപ്പൂക്കളെപ്പറ്റി യേശു പറഞ്ഞത്, സോളമന്‍ രാജാവ്, അയാളുടെ എല്ലാ ചമയങ്ങളോടും കൂടി ആയിരുന്നാലും ഇതിന്റെയത്ര ഭംഗിയുണ്ടാവില്ലായെന്നാണ്. ഈശ്വരന്റെ സംരക്ഷണയെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന ലില്ലിച്ചെടികളുടെ കാര്യമായിരുന്നു, യേശു പറഞ്ഞത്. ലില്ലിച്ചെടി ഒരു പ്രതീകം മാത്രമാണിവിടെ. ദൈവരാജ്യം പ്രസംഗിക്കാന്‍ നിയോഗിക്കപ്പെട്ട തന്റെ ശിഷ്യരോട് യേശു പറഞ്ഞത്, നിങ്ങളെന്താണ് പറയേണ്ടതെന്ന് അതാതു നിമിഷം പരി. ആത്മാവ് നിങ്ങള്‍ക്കു തോന്നിക്കുമെന്നാണ്. അതായത്, ഓരോരുത്തര്‍ക്കും വേണ്ടത് അപ്പപ്പോള്‍ ഈശ്വരന്‍ തരുമെന്നും, നാം ആകുലപ്പെടേണ്ടതില്ലെന്നും. അതാണോ നമ്മുടെ വഴിയെന്ന് ചോദിച്ചാല്‍ അല്ല!! ഇത്തരമൊരു ജീവിതത്തെ, ആയിരിക്കുന്ന നിമിഷത്തില്‍ അവബോധത്തോടെ ആയിരിക്കുന്നതെന്നു പറയാം.ദുഃഖങ്ങളുടെയും കഷ്ടപ്പാടുകളുടെയും ഈ ദുരിതജീവിതം, ഈശ്വരന്‍ തന്നതായിരിക്കുമോ? ഈ ചോദ്യം ചോദിക്കുമ്പോള്‍ ദുരിതത്തെയും വേദനയേയുമൊക്കെ നിര്‍വചിക്കുകയും കൂടി ചെയ്തിരിക്കണമെന്നുള്ളത് ഒരു കാര്യം; രണ്ടും ഒന്നല്ല, ഒരുമിച്ച് ഒരേവീട്ടില്‍ കഴിയുന്നവരുമല്ല. തുടര്‍ന്ന്, ഇത്തരമൊരു കര്‍മ്മമണ്ഡലത്തിലൂടെ കടന്നുപോകാനാണോ നാം ഈ ജന്മം തിരഞ്ഞെടുത്തതെന്നും സ്വയം ചോദിക്കുക. ഇതിനു കഴിയാത്തവര്‍, ഈശ്വരന്‍ ഈ നിയോഗമാണോ തന്നെ ഭരമേല്‍പ്പിച്ചിരിക്കുന്നതെന്ന് ചിന്തിച്ചാലും മതി. അയ്യോ, നല്ലൊരാലോചനയായിരുന്നല്ലോ, എനിക്കതു കാണാന്‍ കഴിഞ്ഞി ല്ലല്ലോ, ഈശ്വരായെന്ന് ചിന്തിക്കുന്നവരും കണ്ടേക്കാം. ഏത് ഈശ്വരനെയാണ് ഇങ്ങനെ കുറ്റപ്പെടുത്തുന്നതെങ്കിലും, ഞാനതിനോട് യോജിക്കുന്നില്ല. ഈശ്വരന്‍ തരുന്നതെപ്പോഴും നല്ലതേ ആയിരിക്കൂ. കിട്ടിയതിന്റെ ഒരഗ്രം മാത്രം കണ്ട്, യാതൊന്നും നമുക്ക് നിശ്ചയിക്കാനാവില്ലല്ലോ? ജീവിതത്തില്‍ ആരെടുക്കുന്ന തീരുമാനമാണെങ്കിലും അതു പൂര്‍ണ്ണമായും മനുഷ്യബുദ്ധിയില്‍ അധിഷ്ഠിതവുമായിരിക്കരുത് അതേപോലെ പൂര്‍ണ്ണമായും അനുമാനാധിഷ്ഠിതവുമായിരിക്കരുത്. വിവേകത്തിലൂടെ തെളിഞ്ഞു വരുന്ന ഒരു മധ്യമാര്‍ഗമായിരിക്കും എപ്പോഴും അഭികാമ്യം.

Select your favourite platform