തുളസി പുരാണം

  • Episode 48
  • 29-11-2022
  • 08 Min Read
തുളസി പുരാണം

പഴയ ആചാരങ്ങളുടെ പിന്നാമ്പുറ സത്യങ്ങളെപ്പറ്റി ഒരു നിമിഷം ചിന്തിച്ചുപോയി. ആചാരങ്ങള്‍, അതെന്തായാലും അപ്പാടെ ഒഴിവാക്കാതെ കാലത്തിനനുസരിച്ചു മാറിക്കൊണ്ടിരിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. പഴയപ്രമാണങ്ങളിലും പാരമ്പര്യാചാരങ്ങളിലും കടിച്ചു തൂങ്ങിക്കിടക്കുന്നതാണ്, മതങ്ങളുടെയെല്ലാം ക്ഷയത്തിനു കാരണമാകുന്ന ഒരു കാര്യം. കാലത്തിനനുസരിച്ച് മാറിയേതീരൂ മനുഷ്യനാണെങ്കിലും തത്വസംഹിതകളാണെങ്കിലും.

പണ്ട് കാരണവന്മാര്‍ പറയുമായിരുന്നു, രാത്രിയില്‍ പ്ലാവില പെറുക്കാന്‍ പോകരുത്, രാത്രിയില്‍ വീടടിച്ചു വാരിയാല്‍ പുറത്തു കളയരുത്, വാതില്‍പ്പടിയില്‍ ഇരിക്കരുത്, കട്ടിലിലിരുന്നു കാലാട്ടരുത് ….. എന്നൊക്കെ. അന്നത്തെ കാലത്ത് ഇരുട്ടത്ത് തൊടിയിലേക്കിറങ്ങിയാല്‍ വിഷജന്തുക്കളുടെ ശല്യം ഉണ്ടായിരിക്കാമായിരുന്നു. കട്ടിലിലിരുന്നു കാലാട്ടിയാല്‍ അടിയില്‍ വെച്ചിരിക്കുന്ന തുപ്പല്‍ കോളാമ്പി തട്ടിമറിയാനിടയുണ്ടായിരിക്കാം. വാതിലില്‍ തടസ്സമാവുന്നത്, പ്രതീകാത്മകമായി ഐശ്വര്യം കടന്നുവരാന്‍ വിഘാതമാവുകയും ചെയ്യുമായിരിക്കണം – അറിയില്ല!

തുളസിച്ചെടിയുമായി ബന്ധപ്പെട്ട് ഒത്തിരി നിര്‍ബന്ധങ്ങളുണ്ട്. തുളസിയെന്നു പറഞ്ഞാല്‍ തുലനമില്ലാത്തവള്‍ എന്നാണല്ലോ ഉദ്ദേശിക്കുന്നത്. വിഷ്ണുവിന്റെ ഇഷ്ട സസ്യമായ തുളസികള്‍ ശുദ്ധമായിത്തന്നെ വേണം നുള്ളാന്‍  –  അതും കിഴക്കോട്ട് തിരിഞ്ഞുനിന്ന്. ദളമായിട്ടല്ല തണ്ടായിട്ടാണ് തുളസി ഇറുക്കേണ്ടത്. ഇലകളായിട്ടിറുക്കപ്പെട്ടാല്‍ പുതിയ തളിരുകള്‍ നാമ്പെടുക്കുകയില്ലല്ലോ. കതിരുണങ്ങിയാല്‍ ചെടിയും ഉണങ്ങുന്നതുകൊണ്ട്, കതിരു മൂത്താല്‍, അത് നുള്ളി തുളസിയുടെതന്നെ മൂട്ടില്‍ നിലത്തിടും. കതിര് പൂജകള്‍ക്കൊന്നും ഉപയോഗിക്കാറില്ല. കറുത്ത വാവ്, ദ്വാദശി എന്നീ തിഥികളിലും ഗ്രഹണദിവസങ്ങളിലും, ഏകാദശിക്കും മാത്രമല്ല സന്ധ്യയായാല്‍ വെളുക്കുംവരെയും തുളസി നുള്ളരുതെന്നാണ് നിഷ്ഠ. അതുപോലെ, ചൊവ്വാ വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസിനുള്ളുന്നത് നിഷിദ്ധമാണ്. അപ്പോഴൊക്കെ നേരെ വിപരീത ഗുണങ്ങളായിരിക്കും, തുളസിയില്‍നിന്നുണ്ടാവുക. ഇവയെല്ലാം തന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. വീടിനു മുമ്പില്‍ ഇത് നട്ടുവളര്‍ത്തുന്നതും സന്ധ്യക്ക് തുളസിത്തറയില്‍ വിളക്ക് വയ്ക്കുന്നതുമെല്ലാം ഉത്തമമാണ്. വീട്ടില്‍ തുളസിയില്ലാതിരിക്കുന്നത് ദോഷലക്ഷണമായാണ് കരുതപ്പെടുന്നത്. നമ്മുടെ ദശാകാലം വ്യാഴം, ബുധന്‍, ശുക്രന്‍ എന്നിവയിലൊന്നാണെങ്കില്‍ തുളസിച്ചെടിയെ വലം വെക്കുന്നത് ഉത്തമം.

ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ രണ്ട് നേരവും തുളസിത്തറയില്‍ വെള്ളമൊഴിക്കുന്നു. തുളസിയിലയിട്ട ജലം പാനം ചെയ്യുന്നതും ഉത്തമമായിട്ടാണ് കരുതപ്പെടുന്നത്. പ്രഭാതത്തില്‍, കുളികഴിഞ്ഞ ശേഷം ഭക്തിയോടെ തുളസി മന്ത്രമായ,
”പ്രസീദ തുളസീ ദേവി
പ്രസീദ ഹരി വല്ലഭേ
ക്ഷീരോദ മഥനോദ്ഭൂതേ
തുളസീ ത്വാം നമാമ്യഹം”
ചൊല്ലി തുളസിത്തറയെ മൂന്ന് തവണ പ്രദക്ഷിണം വെക്കുന്നത് സര്‍വാഭീഷ്ടസിദ്ധി ലഭിക്കാനിടയാകുമെന്നും വിശ്വസിക്കപ്പെടുന്നു. പ്രദക്ഷിണ ദിശ വലതുവശത്തേക്കാണ്.

യാത്രയ്ക്കിറങ്ങും മുമ്പ് തുളസിക്കതിര്‍ നുള്ളി വാഹനത്തിനുള്ളിലോ പഴ്‌സിലോ, ഒക്കെ വയ്ക്കുന്നത് വിഘ്‌നങ്ങള്‍ മാറാന്‍ നന്നായിരിക്കും (ചെവിയിടുക്കില്‍, പൂജചെയ്ത തുളസിയില വയ്ക്കുന്നത് നിഷിദ്ധമാണെന്നാണ് ശാസ്ത്രം). പൂജചെയ്ത തുളസിയിലയില്‍ ഒരു കാരണവശാലും ചവിട്ടാനും പാടില്ല.

പേനിന്റെ ശല്യമുണ്ടാകാതിരിക്കാന്‍ സ്ത്രീകള്‍ മുടിയിഴകളിലും കിടക്കയിലുമൊക്കെ തുളസിയിലകള്‍ വെക്കാറുണ്ട്. വാടിയ തുളസിയിലകള്‍ ചെടിയുടെ കടയ്ക്കല്‍ത്തന്നെ കൊണ്ടുവന്നുപേക്ഷിക്കണം. കൃഷ്ണതുളസി മുതല്‍ പൂച്ചത്തുളസിയായിട്ടും, മസാലത്തുളസിയായിട്ടും, മിന്റ് തുളസിയിനങ്ങളായിട്ടും, മധുരത്തുളസിയായിട്ടും, ലക്ഷ്മിത്തുളസിയായിട്ടും, മഞ്ഞള്‍ തുളസിയായിട്ടും, വിശുദ്ധ തുളസിയായിട്ടും ഇരുപത്തഞ്ചോളം ഇനം തുളസികളുള്ളതില്‍ ചിലവ സംരക്ഷിക്കാന്‍ വളരെ ക്ലേശകരമാണ്. പണ്ട്, പുതിയ വീടിനു മുമ്പില്‍ തുളസിത്തറയ്ക്കും വാസ്തുവിദഗ്ദന്‍ സ്ഥാനം കാണേണ്ടതുണ്ടായിരുന്നു. ഗൃഹപ്രവേശത്തിനു വരുന്നതുതന്നെ, തുളസിത്തറയില്‍ നടാനുള്ള ചെടിയുമായിട്ടായിരുന്നു. തുളസിത്തറയും പരിസരവും വൃത്തിയായിരിക്കണമെന്നും നിഷ്‌കര്‍ഷയുണ്ടായിരുന്നു.

ഓരോ നിര്‍ദ്ദേശങ്ങളുടെ പിന്നിലും ചില തത്വങ്ങള്‍ കാണും. എല്ലാവര്‍ക്കും എല്ലാം അറിഞ്ഞിരിക്കാന്‍ മാത്രമുള്ള ബുദ്ധിയോ അറിവോ കാണില്ല. അവ അനുസരിക്കുകയെന്നതാണ് ഉചിതം. ആധുനിക മനുഷ്യന് ആചാരങ്ങളോട് അടിയോടെ പുച്ഛമാണ്. തികച്ചും തെറ്റായ ഒരു രീതിയാണിത്. നഗരത്തില്‍ വീട് പണിയുന്നവന് അംശമനുസരിച്ച് എവിടെ തുളസിത്തറ പണിയാന്‍ കഴിയും? ഈ ആചാരങ്ങളൊന്നും നോക്കാതിരുന്നതുകൊണ്ട് നമുക്കൊന്നും പറ്റിയില്ലല്ലോയെന്ന് പലരും മുറുമുറുക്കുന്നതും കേള്‍ക്കാം.

ഏതു ദിനപത്രമെടുത്താലും ഈ നിഷേധാത്മകതയുടെ സാമൂഹികസാംസ്‌കാരിക പ്രത്യാഘാതങ്ങളും നമുക്ക് കാണാന്‍ കഴിയും. ഇത്രമേല്‍ ലൈംഗിക അരാജകത്വം മുമ്പുണ്ടായിരുന്നിട്ടില്ല. ഇത്രമേല്‍ ആത്മഹത്യകളും പണ്ടുണ്ടായിരുന്നിട്ടില്ല. ഇത്രമേല്‍ ആത്മാര്‍ഥതയില്ലായ്മയും ഉത്തരവാദിത്വമില്ലായ്മയും പണ്ടുണ്ടായിരുന്നില്ല. പലരെയും സംബന്ധിച്ചിടത്തോളം ഒരു ജോലിക്കു പോകുന്നതുതന്നെ ലീവ് എടുക്കാനാണ്. കാലുകൊണ്ട് ഒരു കാരണവശാലും തൊട്ടുകൂടാത്തതില്‍ ഗുരുവും മാതാപിതാക്കന്മാരുമെല്ലാം വരും. അവരെയൊക്കെ ഇപ്പോള്‍ കത്തികൊണ്ടാണ് മക്കളും ശിഷ്യരും തോണ്ടി മാറ്റുന്നത്. ദേവിയുടെ സ്ഥാനത്തു കാണേണ്ട സ്ത്രീയെ കളിക്കോപ്പിന്റെ സ്ഥാനത്താണിപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്. ആത്മഹത്യ ഫാഷനായി മാറിയിരിക്കുന്നു, വസ്ത്രം വേണ്ടെന്നായിരിക്കുന്നു. ആഹാരമില്ലെങ്കിലും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാണ്ടിരിക്കാന്‍ വയ്യെന്നായിരിക്കുന്നു. കുടുംബാംഗങ്ങള്‍ ഒപ്പമിരുന്ന് സൊറ പറയുന്നത് ആര്‍ഭാടമായിരിക്കുന്നു.

ആചാരങ്ങളുടെയെല്ലാം പിന്നില്‍ സൂക്ഷ്മശാസ്ത്രങ്ങളുമുണ്ടെന്നും അവയെല്ലാം സത്യമായിരിക്കുമെന്നും അന്നുള്ളവര്‍ ഉറച്ചു വിശ്വസിച്ചു; അതുകൊണ്ടാര്‍ക്കും അബദ്ധം പറ്റിയതായി പറഞ്ഞു കേട്ടിട്ടില്ലെന്നത്, വസ്തുത. പക്ഷേ, യാതൊന്നും അസ്ഥാനത്താകാനും പാടില്ലല്ലോ. പെരുങ്കടലില്‍ മഴ പെയ്തതുകൊണ്ടോ പോത്തിന്റെ പിന്നില്‍ വേദാന്തം ഓതിയതുകൊണ്ടോ ഒരു പ്രയോജനവുമില്ല – ആര്‍ക്കും. ഏതാണ്ടതുപോലെയാണ് പുതു തലമുറയോട് ധര്‍മ്മം  ഉപദേശിക്കുന്നതും.

Select your favourite platform