തര്‍ജമകള്‍

  • Episode 70
  • 29-11-2022
  • 08 Min Read
തര്‍ജമകള്‍

ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഒരു പ്രസംഗം ശ്രീ പനമ്പള്ളി ഗോവിന്ദമേനോന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത കഥ കേട്ടിട്ടുണ്ട്. ഇടയ്ക്കദ്ദേഹം കോളറിഡ്ജിന്റെ ”The Rime of the Ancient Mariner” ല്‍ നിന്നുള്ള ഒരു ഇഷ്ട കവിതാശകലം പാടി.”Water, water everywhere,  nor any drop to drink.” പനമ്പള്ളി ഗോവിന്ദ മേനോന്‍ അതപ്പോഴേ തര്‍ജമ ചെയ്തു, ”വെള്ളം വെള്ളം സര്‍വ്വത്ര, ഇറ്റു കുടിക്കാനില്ലത്രേ.” മൂലകൃതിയെ വെല്ലുന്ന തര്‍ജമ! മറ്റൊരു തര്‍ജമയുടെ കഥ കേട്ടിട്ടുള്ളത് ചങ്ങമ്പുഴയുടെ വാഴക്കുലയുമായി ബന്ധപ്പെട്ടാണ്. ഒരു കാലത്ത് ഈ കവിത സര്‍വ മലയാളിയുടെയും ചുണ്ടുകളിലുണ്ടായിരുന്നു. ഒരു കുടികിടപ്പുകാരനായിരുന്ന മലയപ്പുലയന്റെ വീട്ടുമുറ്റത്ത് അയാള്‍ നട്ടുനനച്ചു വളര്‍ത്തിയ വാഴയെ ഓരോ ദിവസവും ആഗ്രഹത്തോടെ നോക്കിയിരുന്ന ആ വീട്ടുകാരാണ് കേന്ദ്രത്തില്‍. അവസാനം ജന്മി വന്ന് കുലയും കൊണ്ടുപോയി. ”…. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ, പതിതരെ നിങ്ങള്‍തന്‍ പിന്മുറക്കാര്‍?..” ”അവശന്മാരാര്‍ത്തന്മാരാലംബഹീനന്മാരവരുടെ സങ്കടമാരറിയാന്‍?…” ഇതൊക്കെ ഈ ‘വാഴക്കുല’യില്‍നിന്നുള്ള ഉദ്ധരണികള്‍. ഈ കവിത തുടങ്ങുന്നതിങ്ങനെ,
”മലയപ്പുലയനാ മാടത്തിന്‍മുറ്റത്തു,
മഴ വന്ന നാളൊരു വാഴ നട്ടു…”
ഇതിന്റെ ഇംഗ്ലീഷ് തര്‍ജമ തുടങ്ങുന്നത്,
“Malaya the pulaya in front of his little hut,
planted a plantain in rainy season..”

ഒരു തെറ്റും പറയാനില്ല. അതേ റ്റ്യുണില്‍ പാടാനും പറ്റും. പക്ഷേ, ഈ ഇംഗ്ലീഷ് തര്‍ജമയെന്നത്, മാംസവും രക്തവും, ഹൃദയവും, ഞരമ്പുകളുമൊന്നുമില്ലാത്ത ഒരു കൈക്രിയയെന്നല്ലാതെ എന്തു പറയാന്‍?

ലോകത്തു ജീവിച്ചിരുന്ന മഹത്തുക്കളാരും തങ്ങളുടെ ഉപദേശങ്ങള്‍ എഴുതിവെക്കാന്‍ ആഗ്രഹിച്ചിരുന്നവരല്ല. ബുദ്ധന്റെ കാലത്ത് എഴുത്തുതന്നെ സാധാരണയായിരുന്നുമില്ല. യേശുവിന്റെ കാലത്തെ സ്ഥിതിയും ഏറെ വിഭിന്നമായിരുന്നില്ല. ഇതിഹാസങ്ങള്‍ എഴുതപ്പെട്ടത് ആര്‍ക്കുവേണ്ടി? കലിയുഗം എന്ന പദം ഉദ്ദേശിക്കുന്നത്, കലി (ഭൂതം)യുടെ യുഗം, അന്ധകാരത്തിന്റെ കാലം, അനീതിയുടെയും വിലാപങ്ങളുടെയും കാലം എന്നൊക്കെയാണ്. ഇവിടെ ആര്‍ക്കും ഒരു തത്വവും മനസ്സിലാകാന്‍ പോകുന്നില്ല. ബൈബിള്‍ എഴുതപ്പെട്ടതും, ധര്‍മ്മതത്വങ്ങള്‍ എഴുതപ്പെട്ടതുമെല്ലാം … കലിയുഗവും കഴിഞ്ഞെത്തുന്ന വെളിവിന്റെ ഒരു കാലഘട്ടത്തിലേക്കാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അതില്‍ കാര്യമില്ലാതില്ല. മതങ്ങള്‍ക്കുള്ളില്‍ വ്യാപകമായി കാണപ്പെടുന്ന സംഘര്‍ഷം ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. രണ്ട് പേര്‍ വ്യാഖ്യാനിക്കുന്നത് അടുത്ത രണ്ടുപേരുടേതുമായി പൊരുത്തപ്പെടുന്നില്ല.

ഒരിക്കല്‍ കുറെ പണ്ഡിതന്മാര്‍ ഗീതാ വ്യാഖ്യാനത്തിന് ഒരുമിച്ചു ചേര്‍ന്ന കഥയുണ്ട്. എല്ലാവരും ജ്ഞാനികളായ ബ്രാഹ്മണര്‍. സ്വന്തം രഥങ്ങളില്‍ അവര്‍ വന്നു. എല്ലാംകഴിഞ്ഞു മടങ്ങിയപ്പോള്‍ ഒരു തേരാളി, രഥത്തിലിരുന്നു കരയുന്നു. അയാളോടൊപ്പംവന്ന ബ്രാഹ്മണന്‍ ചോദിച്ചു, എന്താ കരയുന്നതെന്ന്. തേരാളി പറഞ്ഞു,
”ഇത്ര നേരവും, ഒരു തേരാളിയും പോരാളിയും തമ്മിലുള്ള വാഗ്വാദം ഞാന്‍ കേട്ടിരിക്കുകയായിരുന്നു. എന്റെ തേരിന്റെ അടുത്തായിരുന്നു, അവരുടെ തേരും. തേരാളിയെ കണ്ടാല്‍ രാജാവിനെപ്പോലെയിരിക്കുമായിരുന്നു. അയാള്‍ കര്‍മ്മത്തെപ്പറ്റിയും ധര്‍മ്മായെപ്പറ്റിയും പറഞ്ഞത് മുഴുവന്‍ കേട്ടാല്‍ ആരും കരഞ്ഞുപോകുമായിരുന്നു.” ഒരക്ഷരം മിണ്ടാതെ ബ്രാഹ്മണന്‍ അവിടെ നിന്നുപോയി! ഭഗവാന്‍ തര്‍ക്കശാലയിലേക്ക് വന്നിരുന്നില്ലെന്ന് അപ്പോഴാണയാള്‍ക്കു മനസ്സിലായത്. ബൈബിള്‍ പറയുന്നതു കേള്‍ക്കുക. ”….. നീ ഇതു ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ച്, ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തുന്നു.” (മത്തായി 11:25).

എല്ലാ തത്വങ്ങളുടെയും സ്ഥിതിയിതാണ്! രാഷ്ട്ര നിയമങ്ങള്‍ക്കും ഈ തര്‍ജമ പ്രശ്‌നമുണ്ട്. ഹൃദയങ്ങള്‍കൊണ്ട് കേള്‍ക്കാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടി യാതൊന്നും എഴുതിയോ വരച്ചോ സൂക്ഷിക്കേണ്ടതില്ല.  അനേകര്‍ക്ക് ഗുരുവായിരുന്ന സോക്രട്ടിസ് ഒരക്ഷരം പോലും എഴുതിസൂക്ഷിച്ചില്ല. എഴുതിയത് വായിക്കുമ്പോഴാണെങ്കിലും അക്ഷരങ്ങള്‍ക്കും അപ്പുറമുള്ളതാണ് അവര്‍ ഗ്രഹിക്കുക. അവര്‍ക്കാര്‍ക്കും അതിബുദ്ധിയും ആവശ്യമില്ല. ഗുരുക്കന്മാര്‍ക്കു മരണമില്ലാത്തതു കൊണ്ട് അവരോട് നേരിട്ട് സംവദിക്കാനും അത്തരക്കാര്‍ക്ക് എളുപ്പം.  അവര്‍ സംവദിക്കുന്നത് ഭാഷകൊണ്ടുമല്ലല്ലോ! ബുദ്ധനും കൃഷ്ണനും യേശുവുമൊക്കെ എന്നും ജീവിക്കുന്നുവെന്നു പറയുന്നതില്‍ കാര്യമില്ലാതില്ല! പരിണാമത്തിനു തലയല്ല, ഹൃദയമാണാവശ്യം. ജൈനമതത്തിന്റെ മൂന്നു രത്‌നങ്ങള്‍ ശ്രദ്ധിക്കുക – ശരിയായ വിശ്വാസം, ശരിയായ അറിവ്, ശരിയായ പെരുമാറ്റം. ഇവിടെ ഒരാള്‍ എത്തുന്നില്ലെങ്കില്‍ അയാള്‍ വായിച്ച തര്‍ജമ ശരിയായിരുന്നില്ലെന്നു കരുതാം – ഗ്രൂപ്പേതായിരുന്നാലും!

Select your favourite platform