ചിക്കനും ബ്രഡ്ഡും!!

  • Episode 6
  • 28-11-2022
  • 08 Min Read
ചിക്കനും ബ്രഡ്ഡും!!

പ്രസിദ്ധനായ ഒരു ഗുരുവിന്റെ പ്രഭാഷണ പരമ്പര കേള്‍ക്കാന്‍ പോയ വീട്ടമ്മയ്ക്ക,് നിധിപോലെ കിട്ടിയ ഒരു സന്ദേശത്തിന്റെ കഥയാണിത്. അതവളുടെ ജീവിതത്തെ അതിവേഗം ദുരിതത്തില്‍ നിന്ന് സൗഭാഗ്യത്തിലേക്കു മാറ്റിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. സംഭവം എന്താണെന്നാല്‍, നമ്മുടേതൊക്കെപ്പോലെ അല്പ സ്വല്പം വഴക്കും ബഹളവുമൊക്കെയുളള ഒരു വീട്. ഇവിടുത്തെ പ്രത്യേകത, ഭാര്യ പണിതു മടുക്കുന്നു, ഭര്‍ത്താവ് മൊബൈലിലും തകര്‍ക്കുന്നു എന്നുളളതാണ്. വീട്ടമ്മയെ സംബന്ധിച്ചിടത്തോളം ജീവിതം ആകെ നരകിച്ചിരിക്കുമ്പോഴാണ്, ഗുരുജി അവിടെ വരുന്നതായി കേട്ടത്. അദ്ദേഹത്തെപ്പറ്റി ഇവര്‍ നേരത്തെ കേട്ടിട്ടുണ്ടായിരുന്നു. അദ്ദേഹം നടത്തിയ പഞ്ചദിന കോഴ്‌സില്‍ ഈ സ്ത്രീയും പങ്കെടുത്തു.
തിരിച്ചുവന്ന ഭാര്യ വളരെ സന്തോഷവതിയായിരിക്കുന്നുവെന്ന് ഭര്‍ത്താവും ശ്രദ്ധിച്ചു. ഒരാഴ്ച്ച കഴിഞ്ഞിട്ടും ആ സന്തോഷത്തിനു കുറവൊന്നുമില്ല. അഞ്ചു ദിവസം മിനക്കെട്ടതിനു ഫലമുണ്ടായതില്‍ ഭര്‍ത്താവിനും സന്തോഷമായി. എന്താ നീ പഠിച്ചതെന്നയാള്‍ ചോദിച്ചു. അവള്‍ പറഞ്ഞു,
”ഒരൊറ്റ കാര്യം മാത്രം.” അയാള്‍ ചോദിച്ചു,
”എന്തായിരുന്നത്?” ഭാര്യ പറഞ്ഞു,
”ഗുരുജി പറഞ്ഞത്, യജമാനന്‍ മാറിയതുകൊണ്ടോ, പങ്കാളി മാറിയതുകൊണ്ടോ ജീവിതം മാറുന്നില്ലെന്നാണ്. അതില്‍ മാറ്റമുണ്ടാകണമെങ്കില്‍ അവനവന്‍ തന്നെ മാറണമെന്നും, സ്വയം പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങളെ ഭേദിക്കണമെന്നും, സ്വന്തം വളര്‍ച്ചക്ക് താന്‍ മാത്രമാണ് കാരണമെന്ന് മനസ്സിലാക്കണമെന്നുമാണ്. ഞാനതു പിന്തുടരാന്‍ തീരുമാനിച്ചു.”
സ്വന്തം ഭാര്യയ്ക്കുണ്ടായ മാറ്റം ഭര്‍ത്താവിനെയും മാറ്റിയെന്ന് പറയാം. ജീവിക്കുന്ന ഉദാഹരണങ്ങളോളം സ്വാധീനം മറ്റൊന്നിനുമുണ്ടാവില്ലല്ലോ! സ്വയം ഉള്ളിലേക്കു നോക്കുമ്പോഴേ, അതിലെ പോരായ്മകള്‍ കാണാനാവൂ. ഒരാള്‍ക്ക് ജീവിതത്തില്‍ ചെയ്യാവുന്ന ഒരു വലിയ കാര്യമാണ്, സ്വയം മെച്ചപ്പെടുകയെന്നത്. അത് നമ്മിലുണ്ടാക്കുന്ന മാറ്റം, കൂടുതല്‍ മെച്ചമാകാന്‍ ആരെയും പ്രേരിപ്പിക്കുകയും അവിശ്വസനീയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും.

നമ്മില്‍ പലരും, ഭാര്യയെ കേള്‍വിക്കുറവിനു ചികില്‍സിക്കാന്‍ പോയ ഭര്‍ത്താവിനെപ്പോലെയാണ്. കുറച്ചു ദിവസങ്ങളായി ഭാര്യയ്ക്ക് കേള്‍വിശക്തി കുറഞ്ഞ കാര്യം ഭര്‍ത്താവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഭാര്യ അറിയാതെ അവളെ ചികിത്സിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്നായിരുന്നു ഭര്‍ത്താവിനറിയേണ്ടത്. ആദ്യം എന്തുമാത്രം കേള്‍വിക്കുറവുണ്ടെന്നറിഞ്ഞു വരാന്‍ ഡോക്ടര്‍ പറഞ്ഞു. അതു പരിശോധിക്കാനുള്ള ഉപായവും ഡോക്ടര്‍ പറഞ്ഞു കൊടുത്തു. അന്ന് വൈകിട്ടയാള്‍ ഭാര്യയുടെ അമ്പതടി അകലത്തില്‍ നിന്നിട്ടു ചോദിച്ചു,
”ഹണീ, ഇന്ന് വൈകിട്ട് ഡിന്നറിനെന്താണ്?” ഒരു മറുപടിയുമില്ല! തുടര്‍ന്നയാള്‍ ഇരുപത്തഞ്ചടി അകലത്തില്‍ നിന്നിട്ട്, ഭാര്യയോട് ഇതു തന്നെ ചോദിച്ചു. അപ്പോഴും മറുപടിയില്ല. ഉദ്ദേശിച്ചതിലും ഗുരുതരമാണല്ലോ ഭാര്യയുടെ കേള്‍വിത്തകരാറെന്നു തന്നെ അയാള്‍ ചിന്തിച്ചു. അയാള്‍ പതിയെ അഞ്ചടിയടുത്തേയ്ക്കു മാറിനിന്നു വീണ്ടും ചോദിച്ചു,
”ഹണീ, ഇന്ന് വൈകിട്ട് ഡിന്നറിനെന്താണ്?” ഇതിനു ഭാര്യ മറുപടി പറഞ്ഞു. അതിങ്ങനെ,
”ഇയാളോട് മൂന്നാമത്തെ തവണയാണ് ഞാന്‍ പറയുന്നത്, ചിക്കനും ബ്രെഡ്ഡും ആണെന്ന്!”

പലരുടെയും ജീവിതത്തില്‍ പറ്റുന്ന അബദ്ധമാണിത്. ചികഞ്ഞു ചികഞ്ഞു ചെല്ലുമ്പോള്‍ നാം കരുതിയിരുന്നതല്ല യാഥാര്‍ഥ്യമെന്നു മനസ്സിലാക്കേണ്ടിവരുന്ന അനുഭവങ്ങള്‍. മനസ്സിലാക്കല്‍ തെറ്റായിരുന്നതുകൊണ്ടുതന്നെ നാമെടുത്ത തീരുമാനങ്ങളും ശരിയാവാതെ വരുന്നു. എന്ത് ചെയ്യുമ്പോഴും ഉള്ളിലേക്കൊന്നു നോക്കുന്നത് എന്തു കൊണ്ടും നന്നായിരിക്കും!

Select your favourite platform