ഇറാന്റെ ന്യൂക്ലിയര്‍ ആയുധങ്ങളുടെ സൂത്രധാരനായിരുന്ന മൊഹ്സിന്‍ ഫക്രിസാദേക്ക് വന്‍ സുരക്ഷാവലയമായിരുന്നു ഉണ്ടായിരുന്നത്. 2020 നവംബര്‍ 27 വെള്ളിയാഴ്ച്ച, ഭാര്യയുമൊത്ത് അദ്ദേഹം തന്റെ സെഡാനിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറി. ആ അവധി ദിവസം, അബ്സാര്ഡിലുള്ള തന്റെ ഗ്രാമീണ വീട്ടിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, അന്ത്യയാത്രയായിരുന്നു. തൊട്ടടുത്തിരുന്ന ഭാര്യയ്ക്ക് യാതൊരു പരിക്കുമില്ലാതെ, ഫക്രിസാദേക്ക് വെടിയേറ്റു. കൊലയാളി കാഞ്ചി വലിച്ചത് A I (Artificial Intelligence) സഹായത്തോടെ, 1000 മൈലുകള്‍ക്കപ്പുറത്തുള്ള ഒരു കേന്ദ്രത്തിലിരുന്ന്.
A I യെപ്പറ്റി നമ്മില്‍ പലരും കേട്ടുവരുന്നതേയുള്ളെന്ന് തോന്നുന്നു. ഇന്ന്, എഞ്ചിനീയറിങ് കോളേജുകളില്‍ നല്ല ഡിമാന്റുള്ള ബ്രാഞ്ചാണിത്. നമ്മെപ്പോലെ പഠിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന യന്ത്രങ്ങള്‍! പ്രയോജനപ്രദമായ നിരവധി കാര്യങ്ങളില്‍, പ്രത്യേകിച്ച് റോബോട്ടിക്സില്‍, ഇത് വളരെ പ്രയോജനം ചെയ്യും. പക്ഷേ, നമ്മുടെ സുരക്ഷിതത്വവും ചോദ്യം ചെയ്യപ്പെടുന്നു. അത്ര സുരക്ഷിതത്വത്തില്‍ കഴിഞ്ഞ ഫക്രിസാദേക്ക് ഇതാണു സംഭവിച്ചതെങ്കില്‍, ആരാണ് ഈ ലോകത്ത് സുരക്ഷിതന്‍? ഏതു നിമിഷവും എങ്ങുനിന്നോ ആരെയും തേടി ഒരു ബുള്ളറ്റ് വന്നു കൂടായ്കയില്ല. ഞാന്‍ കാണുന്നത്, ആധാര്‍ നമ്പര്‍ നോക്കി നിറയൊഴിക്കാന്‍ തയ്യാറായി നില്ക്കുന്ന ക്വട്ടേഷന്‍ ഉപഗ്രഹങ്ങളാണ്.
ഇങ്ങനെയല്ല, സമൂഹത്തോടുള്ള ആരുടെയും കടപ്പാട് നാം പ്രകടിപ്പിക്കേണ്ടത്. ഓരോരുത്തരുടെയും വളര്‍ച്ചയ്ക്ക് സമൂഹം നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. അതോര്‍മ്മിപ്പിക്കുന്ന ഒരു സംഭവ കഥയുണ്ട്. പഠിച്ചു മിടുക്കിയായി അമേരിക്കയിലെത്തണമെന്നുള്ള ആഗ്രഹവും മനസ്സില്‍ താലോലിച്ച്, ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ഒരു ഹോസ്റ്റലില്‍ കഴിയുന്ന ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയില്‍നിന്നു കഥ തുടങ്ങുന്നു. അവരൊരുദിവസം, നോട്ടീസ് ബോര്‍ഡില്‍ TELCO യില്‍ ജോലിക്കുള്ള ഒരു പരസ്യം കണ്ടു. അതിലെഴുതിയിരുന്നു, സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് – ഇതവരെ ചൊടിപ്പിച്ചു. കിട്ടിയ കാര്‍ഡെടുത്ത് ടെല്‍ക്കോയുടെ അഡ്രസ്സില്‍, ആകെ അറിയാവുന്ന JRD ടാറ്റായുടെ പേരുമെഴുതി ഇങ്ങനെ കുറിച്ചു, ‘നിങ്ങള്‍ വല്യ വല്യ കാര്യങ്ങള്‍ തുടങ്ങിവെച്ചവരാണെന്നു കേട്ടിട്ടുണ്ട് … ഇതാണോ നിങ്ങളുടെ മനസ്സ്?’ കാര്‍ഡ് നിറയെ എന്തൊക്കെയോ എഴുതിയപ്പോഴാണ് അവര്‍ക്ക് അരിശം അല്പമൊന്നു കെട്ടടങ്ങിയത്.പത്തു ദിവസമായില്ല, അവര്‍ക്കൊരു ടെലിഗ്രാം വന്നു. TELCO യിലേക്കുള്ള ഇന്റര്‍വ്യൂവിന്, കമ്പനിച്ചെലവില്‍ പൂനയില്‍ എത്തുക. അവരേതായാലും പൂനായ്ക്കു തിരിച്ചു. ഇന്റര്‍വ്യൂ ക്യാബിനിലേക്കു കയറിയതേ, ഒരാള്‍ പിറുപിറുക്കുന്നത് കേട്ടു, ‘ഇവളാണ് ആ കാര്ഡെഴുതിയത്’. ഏതായാലും, TELCO ആ മിടുക്കിയെ ജോലിക്കെടുത്തു – സുധാ കുല്‍ക്കര്‍ണി ടാറ്റായില്‍ ജോലിയും തുടങ്ങി. പിന്നീട്, JRD Tata എന്ന വലിയ മനുഷ്യനെ ഇടയ്ക്കിടെ കാണേണ്ടിവന്നതിനേപ്പറ്റിയും എളിമയോടെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെപ്പറ്റിയുമൊക്കെ സുധ എഴുതുന്നുണ്ട്.
ഒക്കെയാണെങ്കിലും സുധ ആ ജോലി വിടാന്‍ തീരുമാനിച്ചു. എല്ലാ ഇടപാടുകളും തീര്‍ത്ത് Bombay House ന്റെ പടികളിറങ്ങുമ്പോള്‍ ഇതാ JRD Tata മുകളിലേക്ക് വരുന്നു. തൊട്ടടുത്തെത്തിയപ്പോള്‍ ഒന്നു നിന്നിട്ട് അദ്ദേഹം ചോദിച്ചു,
”എവിടെ പോകുന്നു?” സുധ മറുപടി പറഞ്ഞു,
”പൂനയ്ക്ക്. എന്റെ ഭര്‍ത്താവ് അവിടെ സ്വന്തമായി ഇന്‍ഫോസിസ് എന്ന പേരില്‍ ഒരു കമ്പനി തുടങ്ങാന്‍ പോകുന്നു.”
”കമ്പനിയൊക്കെ വലുതായിക്കഴിഞ്ഞാല്‍ എന്ത് ചെയ്യും?” ഉടന്‍ വന്നു അടുത്ത ചോദ്യം.
”ഇത് വലുതാകുമോയെന്നു നിശ്ചയമില്ല സാര്‍.” സുധയുടെ മറുപടി ഹൃദയത്തില്‍ നിന്നായിരുന്നു വന്നത്. അദ്ദേഹം തുടര്‍ന്നു,
”ആശങ്കയോടുകൂടി യാതൊന്നും തുടങ്ങരുത്. തുടക്കം എപ്പോഴും ആത്മവിശ്വാസത്തോടെയായിരിക്കണം. നിങ്ങള്‍ വിജയിക്കുകയാണെങ്കില്‍ സമൂഹത്തിനു തിരിച്ചു കൊടുക്കാന്‍ മറക്കരുത്. സമൂഹം നമുക്ക് ഏറെ തന്നിട്ടുണ്ട്! എല്ലാ ആശംസകളും!”
ജീവിതത്തില്‍ വിജയിച്ചുവെന്ന് കരുതുന്നവരെല്ലാം ഓര്‍മ്മിക്കുക, ഈ രണ്ട് മൂന്നു വാചകങ്ങള്‍ ഇന്‍ഫോസിസിനെ എവിടെ കൊണ്ടെത്തിച്ചെന്ന്! ഇതു തന്നെയായിരുന്നു Tata യുടെ വിജയത്തിനു പിന്നിലുള്ള മന്ത്രങ്ങളും. ഇടയില്‍ ഒരു സന്ദേശവുംകൂടി അദ്ദേഹം നല്‍കുന്നുണ്ട് – മത്സരിക്കേണ്ടത് നിങ്ങളോടുതന്നെയാണെന്ന്. ഇന്‍ഫോസിസ് ടെല്ക്കോയ്ക്ക് ഒരു ഭീഷണിയാവട്ടെയെന്നു തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് തോന്നുന്നു. എല്ലാവര്ക്കും വേണ്ടത്ര ഇടമുള്ള ഒരു ലോകമാണദ്ദേഹം സ്വപ്നം കണ്ടത്. നാമെന്ന കുഴലിന്റെ ഏതഗ്രമാണ് അടഞ്ഞിരിക്കുന്നതെങ്കിലും, തടസ്സപ്പെടുന്നത് നമ്മിലൂടെയുള്ള പ്രകൃതിയുടെ സ്വതസിദ്ധമായ അനുഗ്രഹങ്ങളുടെ ഒഴുക്കാണ്!