കണ്ണുകള്‍ മൂന്നെണ്ണമുണ്ടെന്നതാണ് സത്യം – രണ്ടെണ്ണം പുറത്തും, ഒരെണ്ണം അകത്തും. നമുക്ക് വാചകം കൊണ്ട് തെളിയിക്കാന്‍ പറ്റാത്തതെല്ലാം മിഥ്യയാണെന്ന് പറഞ്ഞ് കോമ്പൗണ്ടിനു പുറത്തേക്കൊരു തള്ളുണ്ട്. ചിലരുടെ ലിസ്റ്റില്‍ അകക്കണ്ണില്ല! പുറം കണ്ണുകള്‍കൊണ്ട് കാണുന്നതിലും ഏറെ ഉള്‍ക്കണ്ണുകൊണ്ട് കാണും, കലാകാരന്മാരും യോഗികളുമൊക്കെ. വാന്‍ഗോഗ് ക്ഷീരപഥത്തിന്റെ ചിത്രം വരച്ചപ്പോള്‍ അത് ആന്റി ക്ളോക്ക്വൈസ് ആയിരുന്നു. അതുകഴിഞ്ഞെത്രയോ കാലം കഴിഞ്ഞാണ് ക്ഷീരപഥം അങ്ങനെയാണിരിക്കുന്നതെന്ന് ലോകം കണ്ടുപിടിച്ചത്.
മാക്ബെത്ത് എന്ന ഹൃദയസ്പര്‍ശിയായ നാടകത്തില്‍, ലേഡി മാക്ബെത്ത് നടത്തുന്ന ഒരു വിലാപമുണ്ട്, ‘അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും കൊണ്ട് കഴുകിയാലും എന്റെ കൈകളെ സുഗന്ധപൂരിതമാക്കാന്‍ കഴിയില്ല…..’ ഒരുവന് ചെയ്തുകൂട്ടിയ അധര്‍മ്മങ്ങളുടെ കറ നീണ്ടുനില്‍ക്കുമെന്ന് ഷേക്സ്പിയര് ഉള്ക്കണ്ണ് കൊണ്ട് കണ്ടു. അതുതന്നെയാണ് ഭാരതത്തിന്റെ തനതായ കര്‍മ്മാ സിദ്ധാന്തവും പറയുന്നത്. നിങ്ങള്‍ ചെയ്യുന്നതെന്തോ അതിനു ഫലമുണ്ടാവും, വളരെ ചെറുതായാലും. കാര്യകാരണ സിദ്ധാന്തമെന്ന് കര്മ്മായെ വ്യാഖ്യാനിക്കുന്നതില്‍ അപാകതയില്ല. ഉണര്വിലെത്തിയ ആരു പഠിപ്പിച്ചാലും ഇതേ പഠിപ്പിക്കൂ; കൊടുക്കുന്നത് കിട്ടും അല്ലെങ്കില്‍ വിതച്ചത് കൊയ്യും. കുറേക്കൂടി സൂക്ഷ്മമായി അതിനെ വ്യാഖ്യാനിച്ചാല്‍, നാം പുറത്തു കാണുന്നതെല്ലാം അകത്തു നാം കൂട്ടിവെച്ചി രിക്കുന്ന കാരണങ്ങളുടെ പ്രതിഫലനങ്ങള്‍ മാത്രമെന്നും മനസ്സിലാക്കാം. മരുഭൂമിയിലൂടെ കഴുകനും പറക്കും, ചിലപ്പോള്‍ ചെറു കുരുവികളും പറക്കും. കഴുകന് അഴുകിയ ജന്തുക്കളെ കാണും; കുരുവികളാകട്ടെ, എവിടെങ്കിലും പുഞ്ചിരിക്കുന്ന ഒരു പൂവുണ്ടെങ്കില്‍ അതും കാണും.
എങ്ങനെയും സമ്പാദിക്കുകയെന്നൊരു മനോഗതിയാണ് ലോകത്തെങ്ങും കാണുന്നത്. ആരെയുമാകട്ടെ, ഒരാളെ കബളിപ്പിക്കുമ്പോള്‍, അല്ലെങ്കില്‍ അപരനവകാശപ്പെട്ടത് സ്വന്തമാക്കുമ്പോള്‍ കബളിപ്പിക്കുന്നവന്റെ കണക്കില്‍ അത് എഴുതപ്പെടുന്നു. കുഴപ്പമതല്ല, നമ്മള് ഒരു രീതിയിലും നിനച്ചിരിക്കാത്ത അവസരത്തിലാവും പ്രപഞ്ചം പകരം വീട്ടുക! അപ്പോഴാവട്ടെ, പിടിച്ചെടുത്തിടത്തോളം മാത്രം ആയിരിക്കണമെന്നുമില്ല തിരിച്ചു കൊടുക്കേണ്ടിവരുന്നത്. ചിലപ്പോള്‍, ദൈവം മുതലും പലിശയും കൂട്ടിവരാന്‍ അല്‍പ്പം താമസമെടുത്തേക്കും – അത്രയുമേയുള്ളൂ!
അവിചാരിതമായ സമയത്തുണ്ടാകുന്ന ചില തടസ്സങ്ങള്‍, നഷ്ടപ്പെടലുകള്‍ – എല്ലാം, ഓരോരുത്തരും എന്നോ സ്വരൂപിച്ച കാരണങ്ങളുടെ ഫലങ്ങള്‍! തന്റെയും, കുടുംബത്തിന്റെയും, ചുറ്റുമുള്ള സമൂഹത്തിന്റെയുമൊക്കെ വളര്‍ച്ച സുഗമമായിരിക്കണമെങ്കില് നിര്‍ബന്ധമായും നാം ചെയ്തിരിക്കേണ്ട ഒരു കാര്യമാണ് കാരണങ്ങള്‍ സൃഷ്ടിക്കാതിരിക്കല്‍. പക്ഷേ, സംഗതി പറയുന്നത് പോലെ എളുപ്പമല്ല. ടോള്‍സ്റ്റോയി എത്ര നല്ല കഥകള്‍ നമ്മോട് പറഞ്ഞു തന്നിട്ടുണ്ട്. സ്നേഹത്തിന്റെയും സഹനത്തിന്റെയുമൊക്കെ….. പക്ഷെ മരിക്കാന്‍ നേരത്ത്, സ്വന്തം ഭാര്യയെ അടുത്തുപോലും വരാന്‍ അദ്ദേഹം അനുവദിച്ചില്ല. വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ അദ്ദേഹം, റഷ്യയിലെ ആസ്റ്റപോവ് റെയില്‍ റോഡ് സ്റ്റേഷനില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഇടയ്ക്കെവിടെയോ വന്നൊരു മുറിവ് ഒരിക്കലും കരിഞ്ഞതേയില്ല.
ഏതായാലും, കുറച്ചു ജോലിക്കാരെ എനിക്കാവശ്യമുണ്ട് കുറെ നവീകരണ ജോലികളുണ്ട്. ഒരു ഇലക്ട്രീഷ്യനെ കിട്ടിയിട്ട് വേണം എന്നിലൂടെ മറ്റുള്ളവരിലേയ്ക്കുള്ള (പ്രത്യേകിച്ചും ഞാന്‍ സംസാരിക്കാന്‍ കൂട്ടാക്കാത്തവരുമായുള്ള) കറണ്ട് സുഗമമാക്കാന്‍; ഒരു കണ്ണു ഡോക്ടറെ കിട്ടിയിട്ട് വേണം കാഴ്ച്ചപ്പാടൊന്നു നേരേയാക്കാന്‍. ഒരു ചിത്രകാരനെയും വേണം – മുഖത്തൊരു പുഞ്ചിരി വരച്ചു ചേര്‍ക്കാന്‍. ഒരു മേസ്തിരിയെ കിട്ടിയേ തീരൂ; അയല്പക്കത്തോട്ടുള്ള ആ പാലം ഒടിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. ഒരു തോട്ടക്കാരനെ ഒത്തു കിട്ടിയാല്‍ മനസ്സില്‍ കുറേ നല്ല ചിന്തകള്‍ നടാനും പദ്ധതിയുണ്ട്. ഒരു പ്ലമര്‍ (plumber) വന്നാലുടന്‍ ചുറ്റോടുചുറ്റുമുള്ള സ്നേഹക്കുഴലുകളിലെ ബ്ലോക്കുകളെല്ലാം മാറ്റണം. ഒരു എഞ്ചിനീയറെ കിട്ടിയാല്‍ മനസ്സില്‍ സഹഭാവത്തിന്റെ ഒരു ജനറേറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഒരു ഭാഷാദ്ധ്യാപകനെയും കിട്ടിയാല്‍ കൊള്ളാം; സംസാരം ഒന്ന് മെച്ചപ്പെടുത്തേണ്ടതുണ്ട്. മറ്റുള്ളവരെ പരിഗണിക്കുന്നതില്‍ കുറവുണ്ടോയെന്നു നോക്കാന്‍ ഒരു കണക്കു റ്റീച്ചറെയും ഞാന്‍ നോക്കുന്നുണ്ട്. എല്ലാംകൂടിയാവുമ്പോള്‍ നാം സ്വരുക്കൂട്ടിവെച്ചിരിക്കുന്ന, പഴയ ആ കാരണങ്ങള്‍ പതിയെ അലിഞ്ഞുപോവാനും സാദ്ധ്യതയുണ്ട്.