ഒരു ക്രിസ്മസ്സ് കൂടി

  • Episode 42
  • 29-11-2022
  • 08 Min Read
ഒരു ക്രിസ്മസ്സ് കൂടി

ക്രിസ്മസ്സാണ്, ക്രിസ്തുവിന്റെ ജനനം ലോകമെങ്ങും ആചരിക്കുന്നു! ആഘോഷത്തിനൊരു കുറവുമില്ലാതെ എല്ലാവര്‍ഷവും ക്രിസ്മസ്സ് കൊണ്ടാടപ്പെടുന്നു. മാലാഖമാര്‍ പറഞ്ഞത്, അത്യുന്നതങ്ങളിലാണ് മഹത്വമെന്നും, ഭൂമിക്കു വേണ്ടത്  സമാധാനമാണെന്നുമാണ്; ഉണ്ണിയേശു പറഞ്ഞത്, കാലിത്തൊഴുത്തായാലും, പ്രസവിക്കാനൊരാളുണ്ടെങ്കില്‍ ഞാന്‍ പിറന്നോളാമെന്നാണ്. പഴയ നിയമത്തിലെ ഒരു പ്രവചനവും അറിയാവുന്നവരായിരുന്നില്ല ആട്ടിടയന്മാര്‍, ജ്ഞാനികളുമായിരുന്നില്ല. എങ്കിലും, ജ്ഞാനത്തിനു നടുവിലല്ല വാഗ്ദാനങ്ങള്‍ പിറക്കുകയെന്നവര്‍ക്കു മനസ്സിലായി. രണ്ടായിരത്തോളം ക്രിസ്മസ്സുകള്‍ കഴിഞ്ഞിട്ടും മനുഷ്യന്‍ ഇപ്പോഴും മനുഷ്യന്‍തന്നെ. ഒരു കാര്യത്തിലെങ്കിലും ആഘോഷത്തിന്റെ അരൂപിയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ ഈ ക്രിസ്മസ്സും കടന്നുപോകും – പതിവുപോലെ.

അബ്ബാസിദ് ഖലിഫേറ്റിലെ അഞ്ചാമത്തെ ആളായിരുന്ന ഹാറൂണ്‍ അല്‍ റഷിദ്‌ന്റെ കാലത്തെ ഒരു കഥയുണ്ട്. ബാഗ്ദാദിനെ വിജ്ഞാനത്തിന്റെ ആഗോളകേന്ദ്രം തന്നെയാക്കിയ ആളാണ് ഇദ്ദേഹം. ഒരിക്കലദ്ദേഹം ഒരന്വേഷണം നടത്തി, പ്രവാചകനെ നേരില്‍ കണ്ടവരാരെങ്കിലും ജീവിച്ചിരുപ്പോണ്ടോയെന്ന്. അവസാനമൊരാളെ കിട്ടി  ഒരു വൃദ്ധ.
അവരെ ഖലീഫാ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. ഖലീഫാ ചോദിച്ചു,
”പ്രവാചകന്‍ പറഞ്ഞ എന്തെങ്കിലും ഓര്‍മ്മയുണ്ടോ?”
”ഉണ്ട് പ്രഭോ!” വൃദ്ധ പറഞ്ഞു. ഒന്നു നിര്‍ത്തിയിട്ട്, ഓര്‍മ്മയില്‍ നിന്നെന്തോ ചികഞ്ഞെടുത്തതുപോലെ, വൃദ്ധ തുടര്‍ന്നു,
”പ്രായം കൂടുമ്പോള്‍ രണ്ട് കാര്യങ്ങള്‍ക്കു യുവത്വം കിട്ടും – പ്രതീക്ഷയ്ക്കും, കൊതിക്കും.”
ഖലീഫാ അവര്‍ക്കു നന്ദിയും പറഞ്ഞു, 100 ദിനാറുകള്‍ സമ്മാനവും കൊടുത്തു. വളരെ വിഷമിച്ചു കൊട്ടാരത്തിന്റെ പടികളിറങ്ങി വൃദ്ധ മടങ്ങി. അല്പദൂരം ചെന്നപ്പോള്‍, ഖലീഫായെ ഒന്നുകൂടി  കാണാനായി ഈ വൃദ്ധ തിരിച്ചു നടന്നു. ഖലീഫാ ചോദിച്ചു,
”എന്താ തിരിച്ചു വന്നത്?”
”ഒരു കാര്യം അറിയാനുണ്ടായിരുന്നു, ഈ നൂറു ദിനാറുകള്‍ ഒറ്റത്തവണത്തേക്കുള്ളതാണോ, അതോ എല്ലാ വര്‍ഷവും കിട്ടുമോ?” വൃദ്ധ ചോദിച്ചു. എല്ലാ വര്‍ഷവും ലഭിക്കുമെന്ന് ഖലീഫയും പറഞ്ഞു. പ്രവാചകന്‍ പറഞ്ഞത് എത്ര ശരിയെന്ന് ഖലീഫാ ഓര്‍ത്തു. ആ വൃദ്ധ മടക്കയാത്രയില്‍ തന്നെ തളര്‍ന്നുവീണു മരിച്ചു.

സന്ദേശങ്ങള്‍ക്കൊരു കുറവുമില്ല – നേരിട്ട് കണ്ടതുകൊണ്ടോ, കേട്ടത് കൊണ്ടോ പ്രത്യേകിച്ച് എന്തെങ്കിലും പ്രയോജനം  ലഭിക്കണമെന്നുമില്ല. ഒരിക്കല്‍, യേശുവിന്റെ പ്രഭാഷണം കേള്‍ക്കാന്‍ അയ്യായിരത്തോളം ആളുകള്‍ വിശപ്പും ദാഹവും മറന്ന് ചുറ്റും കൂടിയിരുന്നെന്ന് ബൈബിള്‍ പറയുന്നു. ആ പറഞ്ഞ അയ്യായിരം പേരില്‍ നിന്നും, ശിഷ്യന്മാരല്ലാതെ ആരും യേശുവിനെ തുടര്‍ന്നനുഗമിച്ചതായി ആരും പറഞ്ഞുകേട്ടിട്ടില്ല.
ഒരു പോളിന്റെ കഥയുണ്ട്. പോള്‍ ഓഫീസില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍, ഒരു കൊച്ചു കുട്ടി തന്റെ പുതിയ കാറിന്റെ ചുറ്റും നടന്നതിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. പോള്‍ കാറിന്റെ അടുത്തു ചെന്നപ്പോള്‍ ഈ കുട്ടി ചോദിച്ചു,
”ഇത് താങ്കളുടേതാണോ?”
”അതേ, ഈ ക്രിസ്മസ്സിന് എന്റെ ജ്യേഷ്ഠന്‍ തന്ന സമ്മാനം.” പോള്‍ പറഞ്ഞു.
”ശരിക്കും? ഒരു ഡോളര്‍ പോലും ചിലവാക്കേണ്ടിവന്നില്ലേ? ഞാനാശിച്ചു പോകുന്നു…..!” കുട്ടി ഇത്രയും പറഞ്ഞു നിര്‍ത്തി. പോള്‍ അത് മനസ്സില്‍ പൂരിപ്പിച്ചു…. ‘എനിക്കും ഇതുപോലെ ഒരു സഹോദരനുണ്ടായിരുന്നെങ്കില്‍’,  ‘എനിക്കും ഇതുപോലൊരെണ്ണം കിട്ടിയിരുന്നെങ്കില്‍’. അല്പനേരം കൂടി കൗതുകത്തോടെ ആ വണ്ടിയില്‍ തൊട്ടും പിടിച്ചും  ലയിച്ചുനിന്നശേഷം ആ കുട്ടി, തന്റെ വാചകം പൂരിപ്പിച്ചു. അത് പക്ഷേ, പോള്‍ കരുതിയപോലൊന്നും ആയിരുന്നില്ല. കുട്ടി പറഞ്ഞു,
”ഞാനാശിച്ചു പോകുന്നു…. എന്റെ അനുജന് ഇതുപോലൊരു സമ്മാനം കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍!”
കിട്ടുന്നതില്‍നിന്നു കൊടുക്കുന്നതിലേക്കു ചാടാനുള്ള ഒരാഹ്വാനം എല്ലാ ആഘോഷങ്ങളുടെയും പിന്നിലുണ്ടാവും. സാന്താക്‌ളോസ് തരുന്ന സന്ദേശവുമതല്ലേ? ഈ ചാട്ടത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, മനസ്സുകൊണ്ടും ചാടാന്‍ കഴിയുമെന്നതാണ്!

Select your favourite platform