ഇടയ്ക്കിടെ ഞാന്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കഥ പറയാം. കഥയുടെ പേര്, ‘ഒരു കപ്പു ചായ’. ഒരു മേജറും ഒരു ബാച്ച് സൈനികരും ഹിമാലയത്തിലെ ഒരു സങ്കീര്‍ണ പോസ്റ്റിലേക്കു പോവുകയാണ്. അടുത്ത മൂന്നു മാസത്തേക്ക് അവിടെയായിരിക്കുമവര്. അവരുടെ ആ യാത്രയെപ്പറ്റി നമുക്കൂഹിക്കാവുന്നതല്ലേയുള്ളു? എടുത്താല്‍ പൊങ്ങാത്ത ഭാരവുമായി മലമടക്കുകളുടെ വിളുമ്പുകളിലൂടെ ജീവനും കൈയിലെടുത്തുള്ള പോക്ക്.
നല്ല മരംകോച്ചുന്ന തണുപ്പ്! എല്ലാവര്ക്കും മനസ്സില്‍ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു, ‘ഒരു കപ്പു ചായ കിട്ടിയിരുന്നെങ്കില്‍!’
ഒരിക്കലും സാധിക്കാനിടയില്ലാത്ത ആഗ്രഹം. ആരും അധികം സഞ്ചരിക്കാത്ത ഈ മലമ്പാതയില്‍ ആരു ചായ തരാന്‍? ഒരെണ്ണമുണ്ടാക്കിത്തരുമോയെന്നു ചോദിക്കാന്‍ ഒരു വീടുപോലും ഇല്ല – നോക്കെത്താത്ത ദൂരത്തും.
എങ്കിലും ചായയുടെ കാര്യം അവര്‍ മറന്നില്ല. അതൊരു സമൂഹ ആഗ്രഹമായി പടര്‍ന്നു പന്തലിച്ചെങ്കിലും ഉള്ളിലൊതുക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. അത്ഭുതമെന്നു പറയട്ടെ, ഇടയ്ക്കൊരു പഴയ ഷെഡ്ഡ്പോലെന്തോ അവര്‍ കണ്ടു. ഒരു ചായപ്പീടികയായിരിക്കാന് സാദ്ധ്യതയുണ്ടല്ലോയെന്നവര് ഓര്‍ത്തു. ലക്ഷണം കൊണ്ടങ്ങനെയാണു തോന്നിച്ചത്. അടുത്തു ചെന്നപ്പോള്‍ ആ പ്രതീക്ഷയും മങ്ങി – ചായപ്പീടികയായിരിക്കാം, പക്ഷേ അതിന്റെ വാതില്‍ ഒരു താഴുകൊണ്ട് പൂട്ടിയിട്ടിരുന്നു. എല്ലാവരും പരസ്പരം നോക്കി. താഴു തകര്ക്കാനവര്ക്കറിയാം, ഉള്ളില്‍ എന്തെങ്കിലുമൊക്കെയുണ്ടെങ്കില്‍ അതു ചായയാക്കി കുടിക്കാനുമവര്ക്കറിയാം. അവസാനം, മേജര്‍ അതിനു സമ്മതിച്ചു. അവരകത്തു കയറിയപ്പോള്‍, ചായയ്ക്കു വേണ്ടതെല്ലാം അതിലുണ്ട്, കൂട്ടത്തില്‍ ബിസ്കറ്റുകളും. ചായയും കടിയുമെല്ലാം കഴിഞ്ഞ് അവര്‍ മടങ്ങുന്നതിനു മുമ്പ്, മേജര്‍ ഏതാനും ആയിരങ്ങളുടെ നോട്ടുകള്‍ എടുത്തു മടക്കി, പഞ്ചസാരപ്പാത്രത്തിന്റെ അടിയിലാക്കി കൗണ്ടറില്‍ വെച്ചിരുന്നു.മൂന്നു മാസം കഴിഞ്ഞപ്പോള്‍ അവര്‍ക്കു പകരം പുതിയ ബാച്ചു വന്നു, അവര്‍ മടങ്ങുകയും ചെയ്തു. പോരുന്ന വഴിക്കും അവര്‍ പഴയ ചായപ്പീടികയുടെ കാര്യം ഓര്‍ത്തിരുന്നു. ഭാഗ്യം, അതു തുറന്നിരിക്കുന്നു! ഒരു വയസ്സന് ഒറ്റയ്ക്കാണ് ഇതിന്റെ നടത്തിപ്പ്. അവര്‍ അകത്തു കയറി ചായയും ബിസ്കറ്റും കഴിച്ച് സന്തോഷമായി കുശലവും പറഞ്ഞവിടിരുന്നു. ഇടയ്ക്ക്, ദൈവാനുഗ്രഹം കൊണ്ടാണ് എല്ലാം നടന്നു പോവുന്നതെന്നു വൃദ്ധന് പറഞ്ഞു. ഉടന്‍, ദൈവമുണ്ടോയെന്നായി പലരുടേയും ചോദ്യം.
വൃദ്ധന് ഒരു സംഭവ കഥ പറഞ്ഞു,
”എനിക്കെപ്പോഴൊക്കെ അത്യാവശ്യങ്ങളുണ്ടാകാറുണ്ടോ അപ്പോഴൊക്കെ ദൈവം സഹായത്തിനെത്താറുണ്ട്. ഒരു മൂന്നു മാസമായിക്കാണും, മകനെ ആസ്പത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു. ഞാന്‍ പീടികയും അടച്ചിട്ട് അവന്റെ പിന്നാലെ പോയി. അവനു ഗുരുതരമായ രോഗമായിരുന്നു – എന്റെ കൈയില്‍ പണമായിട്ട് യാതൊന്നുമുണ്ടായിരുന്നുമില്ല. ആരോടു കടം ചോദിക്കാന്‍? ആകെ നിരാശനായി ഞാന്‍ മടങ്ങി. പീടിക തുറന്നപ്പോള്‍ കണ്ടത്, പഞ്ചസാര ഭരണിയുടെ കീഴെ കുറെ പണമിരിക്കുന്നതാണ്. എനിക്കാവശ്യമായിരുന്ന പണം മുഴുവന്‍ അവിടുണ്ടായിരുന്നു! അതിന്റെ മൂല്യം ഞാനെങ്ങനെ നിശ്ചയിക്കാന്‍? മകനോളം വിലയുണ്ടായിരുന്നതിന്!”
സൈനികരിലാരും യാതൊന്നും മറുപടി പറഞ്ഞില്ല. പരസ്പരം മുഖങ്ങള്‍ നോക്കിയിരുന്നതേയുള്ളവര്. ഓരോരുത്തരും ചിന്തിച്ചത്, നാം തന്നെയല്ലേ ദൈവങ്ങള്‍ എന്നു തന്നെയായിരിക്കണം!