ഇതെങ്ങനെ നമ്മുടേതാകും?

  • Episode 76
  • 29-11-2022
  • 08 Min Read
ഇതെങ്ങനെ നമ്മുടേതാകും?

ഡോ. ജോസഫ് മര്‍ഫി ഇന്നറിയപ്പെടുന്നത്, അദ്ദേഹമെഴുതിയ The Power of Your Subconscious Mind,, എന്ന ഗ്രന്ഥത്തിന്റെ പേരിലായിരിക്കാം. അനേകം ഭാഷകളിലായി ദശലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റുപോയ ഒരു പുസ്തകമാണത്. അയര്‍ലണ്ടില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ അദ്ദേഹം, ലോകമാസകലം നിരവധി പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മേല്‍പറഞ്ഞ പുസ്തകം ആരെയും മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളതാണ്.

ബോധമനസ്സിനെ മുതലാളിയായും അബോധമനസ്സിനെ തൊഴിലാളിയായും കരുതിക്കൊണ്ട്, എങ്ങനെ ജീവിതത്തില്‍ ഓരോരുത്തരും അത്ഭുതങ്ങള്‍ സാധിക്കുന്നുവെന്ന്, നിരവധി ഉദാഹരണങ്ങളിലൂടെ അദ്ദേഹം പറയുന്നു. നാം അനുദിനം കാണുന്ന ബഹുഭൂരിപക്ഷം ദൈവമനുഷ്യരും രോഗശാന്തിക്കാരും വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സൗഖ്യസൂത്രങ്ങളും, തന്ത്രങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. പോസിറ്റീവ് തിങ്കിംഗിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും. നാമെല്ലാം തന്നെ അബോധമനസ്സിലുള്ള  ഓരോതരം  പ്രോഗ്രാമുകളുടെ  തടവറയിലാണെന്നു പറയാം. അതില്‍നിന്ന് മോചനം ലഭിച്ചാല്‍ തന്നെ മാറ്റമായി.സര്‍ക്കസ് കൂടാരത്തിന്റെ അരികിലൂടെ പോയ ഒരാള്‍ക്ക്, കൂറ്റന്‍ ആനകളെ ചെറിയ കയറുകള്‍കൊണ്ട് കെട്ടിയിട്ടിരിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം! ഇത് കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ഇത്തരം കയറുകളാണുപയോഗിച്ചിരുന്നതെന്നും, അന്നത് എത്ര ശ്രമിച്ചിട്ടും പൊട്ടിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ആനക്കാരന്‍ പറഞ്ഞു. ഒരിക്കലുമിതു പൊട്ടിക്കാനാവില്ലെന്നുള്ള ചിന്ത, ആന വലുതായപ്പോഴും, ഒരു പ്രോഗ്രാമായി അതിന്റെ അബോധമനസ്സില്‍ ഉണ്ടായിരിക്കുന്നതു കൊണ്ട്, അതിനെ തടവിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാവുന്നില്ല. ഉള്ളിലുള്ള ഇത്തരം വികലമായ ‘പ്രോഗ്രാമുകളെ’ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളാണ്, ഡോ. മര്‍ഫിയുടെ ഈ പുസ്തകത്തിന്റെ കാതല്‍.

ലോകത്തിലെ ഏതു വമ്പന്മാരെ വേണമെങ്കിലും എടുത്തോളൂ; ഇവരെല്ലാം അവരവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് വിശ്വസിച്ചവരാണെന്നതാണ് പ്രത്യേകത. അവരെല്ലാം പഴയ കയറുകളെ ഭേദിച്ചവരാണ്, അല്ലെങ്കില്‍ ഭേദിച്ചുകൊണ്ടിരിക്കുന്നവരാണ്. മര്‍ഫിയുടെ കാര്യം പറഞ്ഞത്, സാധാരണയില്‍നിന്നും വ്യത്യസ്തമായ ഒരു ഭാരതീയ കാഴ്ച്ചപ്പാടാണ് അദ്ദേഹം പിന്തുടരുന്നതെന്നതുകൊണ്ടാണ്. ഗ്രീക്കുകാര്‍ ‘നീ’ ‘നിന്നെ’ അറിയുകയെന്നു പറയുമ്പോള്‍, ഇന്ത്യ പറയുന്നത്, ‘നീ’ ‘നീ’ തന്നെയാവുകയെന്നാണല്ലോ? അതായത്, സ്വയം തിരിച്ചറിയുക മാത്രമല്ല, നിന്നിലെ കഴിവുകളെ നീ ഉപയോഗിക്കുകയും ചെയ്യണമെന്ന്. നീയാണോ മനസ്സെന്നു ചോദിച്ചാല്‍, അല്ല! നീ അതാണോ ഇതാണോയെന്നൊക്കെ ചോദിക്കപ്പെടുമ്പോഴും, ഇവയെല്ലാം നിയന്ത്രണത്തിലാണെങ്കിലും, ഉപനിഷത്തില്‍ പറയുന്നതുപോലെ, ‘നേതി’ ‘നേതി’ (ഞാനതല്ല) എന്ന് ഭാരതീയര്‍ പറഞ്ഞുകൊണ്ടിരിക്കും.

ഞാന്‍ ഒരിക്കലും മറക്കാത്ത ഒരു കഥയാണ്, റാഞ്ചി റെയില്‍വെ സ്‌റ്റേഷനിലെ പിച്ചക്കാരന്റേത്. ശ്രീ ശ്രീ യോഗാനന്ദ പരമഹംസന്‍ അദ്ദേഹത്തിന്റെ Autobiography of a Yogi എന്ന പുസ്തകത്തിലാണ് ഈ കഥ പറയുന്നത്. അദ്ദേഹം റയില്‍വേ സ്‌റ്റേഷനിലേക്ക് പോകുമ്പോഴൊക്കെ, കോമ്പൗണ്ടിനുള്ളില്‍, മുമ്പിലൊരു തുണിയും വിരിച്ചിരിക്കുന്ന ഒരു വയസ്സന്‍ പിച്ചക്കാരനെ കാണുമായിരുന്നു. അല്‍പകാലം അയാളെ കാണാനേയില്ലായിരുന്നു. പിന്നെ കണ്ടത്, ആ സ്ഥലത്ത് ഒരു ചെറുപ്പക്കാരനെയായിരുന്നു. കൗതുകം കൊണ്ട് സ്വാമിജി ആ ചെറുപ്പക്കാരനോട് ചോദിച്ചു, നേരത്തെയിരുന്ന അമ്മാവന്‍ എവിടെയെന്ന്. അതിനയാള്‍ മറുപടി പറഞ്ഞത്,

”ഇനി മുതല്‍ ഈ റെയില്‍വേസ്‌റ്റേഷന്‍ എന്റെയാണ്, അയാളുടെ മകളെ വിവാഹം ചെയ്തപ്പോള്‍ സ്ത്രീധനമായി ഈ സ്‌റ്റേഷനാണ് തന്നിരിക്കുന്നത്!” എന്നാണ്. ഇത് കേട്ടാല്‍ നമ്മളും ചിരിക്കും. പക്ഷേ, സ്വാമിജി പറയുന്നത്, നമ്മളും ഇതുപോലെയാണെന്നാണ്. ഈ ഭൂഗോളത്തിന്റെ കോമ്പൗണ്ടിനുള്ളില്‍ നാമായിരിക്കുന്നുവെന്നതു ശരിതന്നെ. പക്ഷേ, ഈ ഭൂഗോളം എങ്ങനെ നമ്മുടേതാകും? നാമാരാണെന്നോ എന്താണെന്നോ ശരിക്കും നമുക്കറിയില്ലെന്നതോ പോട്ടെ, നമ്മുടേതായതെന്തൊക്കെയാണെന്നും നമുക്ക് നിശ്ചയമില്ല. നമുക്കുവേണ്ടി ചിന്തിക്കുന്നവര്‍ ധാരാളമുണ്ടെന്നത് മാത്രമാണ്, ഒരാശ്വാസം. നമ്മുടെ മസ്തിഷ്‌കം കിട്ടിയതുപോലെ തിരിച്ചേല്പിക്കാന്‍ കഴിയുമല്ലോ!

Select your favourite platform