അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ശരിയോ?

  • Episode 5
  • 28-11-2022
  • 08 Min Read
അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ശരിയോ?

ചരിത്രം ആവര്‍ത്തിക്കും എന്നുള്ളതിനു ഞാനൊരുദാഹരണവും പറയേണ്ടതില്ലല്ലോ? നയാഗ്രാ വെള്ളച്ചാട്ടത്തില്‍ പെട്ടുപോയാല്‍ ജീവനോടെ ആരെങ്കിലും തിരിച്ചു വരുമോ? 187 അടി ഉയരത്തില്‍നിന്ന് താഴെ വീണാല്‍ സംഭവിക്കാന്‍ പോകുന്നതിനേപ്പറ്റി ആര്‍ക്കും ഒരു സംശയവും കാണില്ലായിരിക്കാം; പക്ഷേ, എനിക്കുണ്ട്. കഴിഞ്ഞ 120 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിനാളുകള്‍ ഈ വെള്ളച്ചാട്ടത്തില്‍ പെട്ടിട്ടുണ്ട്; പക്ഷെ, കണക്കുകള്‍ കാണിക്കുന്നത്, അതില്‍ 16 പേര്‍ രക്ഷപെട്ടുവെന്നാണ്. അവരില്‍ ഒരാള്‍ മരിച്ചതാവട്ടെ, പഴത്തൊലിയില്‍ ചവിട്ടി തെറ്റിവീണാണെന്നും പറയപ്പെടുന്നു. എല്ലാവരുടെയും കാര്യത്തില്‍ ചരിത്രം ഒരുപോലെ ആവര്‍ത്തിച്ചിട്ടില്ല!

ചരിത്രം അതുപോലെ ആവര്‍ത്തിക്കും എന്ന മിഥ്യാധാരണ, ഒരു വലിയ ജനക്കൂട്ടത്തിന്റെ അപചയത്തിനു കാരണമായിട്ടുണ്ട്. ചരിത്രം ആവര്‍ത്തിക്കും, അതിനു സംശയം വേണ്ട. ആ വസ്തുത കാര്യ-കാരണ തത്വത്തില്‍ കുടുങ്ങിക്കിടക്കുന്ന ഒരു യാഥാര്‍ഥ്യവുമാണ്. പക്ഷേ, ഒരു ആവര്‍ത്തിക്കലും അതേപോലെ സംഭവിച്ച ഒരനുഭവം ആര്‍ക്കും പറയാനുണ്ടാവില്ല. നയാഗ്രയില്‍ നിന്ന് താഴെപ്പോയി മരിച്ചവരെല്ലാം ഒരേപോലെ തലപൊട്ടിയോ കാലൊടിഞ്ഞോ അല്ല, മരിച്ചിട്ടുള്ളതും. അവിടെയാണ് പ്രശ്‌നവും!

പ്ലസ് ടൂവൊക്കെക്കഴിഞ്ഞെന്ത് പഠിക്കണം എന്ന് ആലോചിക്കുമ്പോള്‍ ഓരോ കോഴ്‌സിന്റെയും ഭാവി നോക്കും. പക്ഷേ, ആ കോഴ്‌സ് പഠിച്ചു കഴിയുമ്പോഴേക്കും സ്ഥിതി അപ്പാടെ മാറിയിരിക്കും. നാമെന്നും  കാണുന്ന കാര്യമാണിത്. പ്രവചനാതീതമാണ് മാറുന്ന ഭാവി! അവന്‍ നടന്ന വഴിയില്‍ കുഴിയുണ്ടായിരുന്നു, അതില്‍ വെള്ളമുണ്ടായിരുന്നു, ആ വഴിയേ പോയാല്‍ ചെളി പറ്റും എന്ന രീതിയിലുള്ള മനോഭാവം ആരെയും തകര്‍ക്കുന്നതാണെന്നോര്‍ക്കുക. ആ വഴിയേ പോയ ഒരാളുടെ വസ്ത്രത്തില്‍ ചെളിപറ്റിയെങ്കില്‍, നിങ്ങള്‍ ചെല്ലുമ്പോള്‍ ഒരു ഫ്രീ ലിഫ്റ്റായിരിക്കാം കാത്തിരിക്കുന്നത്.

ഒരു കഥ പറയാം. ഒരു രാജ്യത്ത് രാജാവിനെ എല്ലാ വര്‍ഷവും മാറ്റുന്ന ആചാരമുണ്ടായിരുന്നു. ആര്‍ക്കു വേണമെങ്കിലും രാജാവാകാം. പക്ഷേ, ഒരു വര്‍ഷം കഴിയുമ്പോള്‍ അകലെയുള്ള ഒരു ദ്വീപില്‍ ആ രാജാവിനെ കൊണ്ടുപോയി ഒറ്റയ്ക്ക് വിടും. അവിടം വനമാണെന്നു മാത്രമല്ല, എല്ലാത്തരം വന്യമൃഗങ്ങളും അവിടുണ്ടായിരുന്നു. യാതൊരു സഹായവും കൊണ്ടുപോകാനും മുന്‍ രാജാക്കന്മാരെ ജനങ്ങള്‍ അനുവദിച്ചിരുന്നില്ല. ചുരുക്കത്തില്‍, അവിടെയെത്തുന്ന ആള്‍ തിരിച്ചുവരില്ലെന്നു സാരം. ഒരു മുന്‍ രാജാവിനെ ദ്വീപില്‍ കൊണ്ടാക്കിയ ശേഷം മടങ്ങി വരുമ്പോള്‍, ഇതാ ഒരുത്തന്‍ ഒരു പലക ക്കഷണത്തില്‍ പിടിച്ച് കടലില്‍ പൊങ്ങിക്കിടക്കുന്നു. കപ്പലപകടത്തില്‍ നിന്നും രക്ഷപെട്ട ഒരു ചെറുപ്പക്കാരനായിരുന്നയാള്‍. അയാളെ അവര്‍ രക്ഷിച്ചു കരയിലെത്തിച്ച്, അവിടുത്തെ രാജാവുമാക്കി. രാജ്യത്തെ ആചാരങ്ങളുടെ കഥയൊക്കെ അയാളും അറിഞ്ഞിരുന്നു. രാജാവായ അടുത്തയാഴ്ച്ച ഒരു നൂറ് ആളുകളുമായി അയാള്‍ ദ്വീപിലേക്കു ചെന്നു. അവിടമെല്ലാം വെട്ടിത്തെളിച്ച് മൃഗങ്ങള്‍ക്കുള്ളത് അവര്‍ക്കും കൊടുത്ത്, ആ ദ്വീപില്‍ മനോഹരമായ ഉദ്യാനങ്ങളും വിശ്രമസങ്കേതങ്ങളുമുണ്ടാക്കി. അല്പകാലത്തിനകം, പദവിയൊഴിയാന്‍ കാത്തിരിക്കുന്ന രാജാവായി അയാള്‍ മാറി.

എല്ലാവരുടെയും മുമ്പില്‍, ആരും ഭയപ്പെടുന്ന കുറെ ചരിത്രങ്ങള്‍ കാണും. സത്യമെന്താണെന്നു വെച്ചാല്‍, പ്രപഞ്ചം ഓരോരുത്തര്‍ക്കും നിശ്ചയിച്ചു വെച്ചിരിക്കുന്ന വിജയം, മിക്കപ്പോഴും ഈ ഭയപ്പെടുത്തുന്ന ആവരണത്തിനു പിന്നിലായിരിക്കുമെന്നതാണ്. മധുരമേറിയ പഴത്തിന്റെ തൊലിയില്‍ ചിലപ്പോള്‍ മുള്ളുകളും കമര്‍പ്പും കാണും.

ഒരു ചെരുപ്പ് റെപ്രസെന്റേറ്റീവ് ഒരു ഗ്രാമത്തില്‍ ചെരുപ്പ് വില്‍ക്കാന്‍ ചെന്നു. ദൗര്‍ഭാഗ്യത്തിന്, അവിടെയുള്ളവര്‍ ചെരിപ്പ് ഉപയോഗിക്കുന്നവരായിരുന്നില്ല. ഇത് കേട്ടപ്പോള്‍ ചെരുപ്പ് കമ്പനി വേറൊരു റെപ്പിനെ അയച്ചു – ആദ്യത്തവന്‍ പറഞ്ഞത് ശരിയോ എന്നറിയാന്‍. രണ്ടാമത്തവന്‍ കമ്പനിക്കെഴുതി, ‘സംഗതി ശരിതന്നെ, പക്ഷേ, കഴിഞ്ഞ മാസം ഉണ്ടാക്കിയ ചെരിപ്പുകള്‍ മുഴുവന്‍ ഇവിടെ ആവശ്യം വന്നേക്കാം. ഇവരെ ചെരിപ്പിടാന്‍ പഠിപ്പിക്കുക മാത്രമേ ചെയ്യേണ്ടതുള്ളു.’ ഒരു ദ്വീപിലെ കാട് ഉദ്യാനമാക്കിയ രാജാവിനെയാണോ, രണ്ടാമത് ഗ്രാമത്തില്‍ചെന്ന റെപ്പിനെയാണോ നിങ്ങള്‍ക്കിഷ്ടം? രണ്ടുപേരുടെയും വിഗ്രഹങ്ങള്‍ മേശപ്പുറത്തുണ്ടായിരിക്കുന്നത് ഗുണം ചെയ്യും.

പേടിപ്പെടുത്തുന്നതായാലും ധൈര്യപ്പെടുത്തുന്നതായാലും മുമ്പില്‍ വരുന്ന സാഹചര്യങ്ങളെയെല്ലാം അവസരങ്ങളായി മാറ്റുമ്പോഴേ ജീവിതം വിജയിക്കുന്നുള്ളു. അവസരങ്ങള്‍ എപ്പോഴും മുമ്പിലുണ്ടെന്നതാണ് നാം കാണേണ്ടത്.

Select your favourite platform