അനന്തമജ്ഞാതമവര്‍ണ്ണനീയം…!

  • Episode 31
  • 29-11-2022
  • 08 Min Read
അനന്തമജ്ഞാതമവര്‍ണ്ണനീയം…!

അങ്ങനെ, എന്റെ ആ സംശയവും തീര്‍ന്നു. ഒരു ചെടിയുടെ നാമ്പ് നുള്ളിയാല്‍ ആ തണ്ടില്‍ എത്രയോ പുതിയ മുളകളുണ്ടാവും. മരുഭൂമിയില്‍ കിളിര്‍ക്കുന്ന ചെടികളില്‍ ഇലകളുടെ ജോലിയുംകൂടി തണ്ടുകള്‍ ചെയ്യും, കിട്ടിയ വെള്ളം ചോര്‍ന്നുപോകാതെ സൂക്ഷിക്കാനുള്ള പ്രത്യേക ശേഷിയും അവകള്‍ക്കുണ്ടാവും. മലകളില്‍ വളരുന്ന വൃക്ഷങ്ങളാവട്ടെ പന്തലിച്ചാവില്ല വളരുന്നത്. അവിടെ നിലനില്‍ക്കാന്‍ കൂര്‍ത്ത മേലാപ്പാണാവശ്യം. ജീവനുള്ളതിനും ഇല്ലാത്തതിനും നിലനില്‍ക്കാനും അതിജീവനത്തിനും എന്തെല്ലാം മാര്‍ഗങ്ങള്‍!

ഒന്ന് ചിന്തിച്ചാല്‍ പ്രകൃതിയുടെ കരുതല്‍ അചിന്തനീയമായ ബൗദ്ധിക ശേഷികൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നുവെന്നു കാണാം. സിംഹത്തിനിരപിടിക്കാന്‍ സൂക്ഷ്മദൃഷ്ടി വേണം, അതിനു കണ്ണുകള്‍ മുമ്പില്‍ വെച്ചു. മാനിനാകട്ടെ, ശത്രു ഏതു വശത്തുനിന്ന് പതുങ്ങിവന്നാലും കാണാന്‍ കഴിയണം, അവയുടെ കണ്ണുകള്‍ വശങ്ങളിലാക്കി. ഉയര്‍ന്നു പറക്കുന്ന പരുന്തിനും വേണം ആഹാരം, ദൂരക്കാഴ്ച്ചയുള്ള കണ്ണുകള്‍ അവയ്ക്ക് കൊടുത്തു. മഴക്കാലത്തിനു പുഴകളും ഒരുങ്ങും, വസന്തത്തിന് തൊടികളും ഒരുങ്ങും, ഒരു നിയോഗം പോലെ.

അക്രമങ്ങളും അതിക്രമങ്ങളും ചുറ്റും നടക്കുന്നു. എന്താ ഇവരൊക്കെ ഇങ്ങനെ ചിന്തിക്കുന്നതെന്ന് ഞാനോര്‍ക്കുമായിരുന്നു, ഒരു കാലത്ത്. ആ രത്‌നാകരന്റെ കാര്യം ഓര്‍ക്കുമ്പോള്‍ മനസ്സടങ്ങും,  പെട്ടെന്ന്. വാല്‍മീകിയെന്നു പറഞ്ഞാലേ പലരും രത്‌നാകരനെ അറിയൂ. പ്രചെത്‌സന്‍ മഹര്‍ഷിയുടെ മകനായാണു രത്‌നാകരന്‍ ജനിച്ചതെങ്കിലും, വഴിതെറ്റി കാട്ടിലൂടെ നടന്ന ഈ ബാലനെ രക്ഷിച്ചു വളര്‍ത്തിയത്, വേട്ടക്കാരാണ്. പ്രായപൂര്‍ത്തിയായപ്പോള്‍ ആ കുലത്തില്‍ നിന്നുതന്നെ അയാള്‍ വിവാഹവും കഴിച്ച് കുടുംബവുമായി കഴിഞ്ഞു. രത്‌നാകരന്‍ എന്താ കവര്‍ച്ചക്കാരനായത്? കുടുംബത്തെ പോറ്റാന്‍ മാര്‍ഗമില്ലാതെവന്നപ്പോള്‍. അതിലൊരു തെറ്റും രത്‌നാകരന്‍ കണ്ടില്ല – നമ്മുടെ നാരദ മഹര്‍ഷി കാണുന്നതുവരെ. നാരദ മഹര്‍ഷി വീണ വായിച്ചു വിഷ്ണുസ്തുതി കേള്‍പ്പിക്കുന്നിടംവരെ രത്‌നാകരന്‍ കവര്‍ച്ചക്കാരനായിരുന്നു. നിന്റെ അകര്‍മ്മങ്ങളുടെ ഫലം വീട്ടുകാര്‍ വീതിച്ചെടുക്കുമോയെന്ന് മഹര്‍ഷി ചോദിച്ചപ്പോഴും  താന്‍ ചെയ്യുന്നത് അകര്‍മ്മമാണെന്നു രത്‌നാകരന് സംശയമുണ്ടായിരുന്നില്ല എന്നോര്‍ക്കണം.

ഈ രത്‌നാകരനാണ് പിന്നീട് ദേവനാഗരി ലിപിയില്‍ സംസ്‌കൃതത്തില്‍ 7 വിഭാഗങ്ങളിലായി 24000 ശ്ലോകങ്ങള്‍ അടങ്ങിയ രാമായണം രചിച്ചത്. യോഗവസിഷ്ഠ എന്ന അമൂല്യഗ്രന്ഥം എഴുതിയതും അദ്ദേഹമാണെന്ന് കരുതപ്പെടുന്നു. ശ്രീരാമന്‍പോലും യോഗവസിഷ്ഠ പഠിച്ചത്രെ.
ഈ കഥകൊണ്ടുദ്ദേശിച്ചത്, ഒരു നിയോഗംപോലെ നീങ്ങുന്ന ഈ ബ്രഹ്മാണ്ഡത്തില്‍ യാതൊന്നും അര്‍ഥമില്ലാത്തതല്ലെന്നു സൂചിപ്പിക്കാനാണ്.
നാരദന്റെ വീണയ്ക്കുമുണ്ടായിരുന്നു ഒരു വലിയ ദൗത്യം. മഹര്‍ഷിയായി മാറിയ രത്‌നാകരനില്‍ ഒളിച്ചിരുന്ന സിദ്ധികള്‍ എന്തുമാത്രമായിരുന്നുവെന്നു ചിന്തിക്കാന്‍ പോലും കഴിയുമോ? ഒരവസ്ഥാന്തരം സംഭവിച്ചാല്‍ ഒരു മനുഷ്യന് സംഭവിക്കാവുന്ന മാറ്റം അചിന്തനീയമാണെന്നതാണ് ശരി. അതിന് പക്ഷേ, ചോദ്യങ്ങളില്ലാത്ത ഒരു മനസ്സ് വേണം. താന്‍ തിരിച്ചു വരുന്നിടംവരെ രാമനാമം ജപിച്ചുകൊണ്ടിരിക്കാന്‍ നാരദന്‍ പറഞ്ഞു; ചിതല്‍പ്പുറ്റുകൊണ്ട് മൂടപ്പെട്ടിട്ടും രത്‌നാകരന്‍ തന്റെ മനസ്സിനെ തുറന്നുവിട്ടില്ല, എന്താ നാരദ മഹര്‍ഷി വരാത്തതെന്നു ചോദിച്ചുമില്ല. പൂര്‍ണ്ണമായ ഒരു കീഴടങ്ങല്‍ നാമിവിടെ കാണുന്നു.

മാറ്റത്തിലേക്കുള്ള ഈ ചുവട്, മാറ്റത്തില്‍ നിര്‍ണ്ണായകമാണ്. സംഭവിക്കുന്നതെന്തും കൃത്യമായ സമയത്തും സ്ഥലത്തുമാണെ ന്നുള്ള തിരിച്ചറിയലും അവശ്യമുണ്ടായിരിക്കണം. എല്ലാത്തിനും ദൈവത്തിനൊരു പദ്ധതിയുണ്ടെന്ന് പറഞ്ഞാലും, അര്‍ഥമാക്കുന്നതിതു തന്നെ. എല്ലാം സംഭവിക്കേണ്ടതുപോലെയെ ഇവിടെ സംഭവിക്കുന്നുള്ളു. ആത്മാര്‍ഥതയില്ലാത്തവരായി ഇവിടെ ആരുമില്ല. തങ്ങള്‍ കാണിക്കുന്നതാണ് ശരിയെന്നു വിശ്വസിക്കുന്നവരല്ലേ എല്ലാവരും? ഓര്‍ക്കുക, ആരെയും മറിച്ചു വിശ്വസിപ്പിക്കാന്‍ ഒരു യുക്തിക്കും കഴിയണമെന്നില്ല – അങ്ങനെ നമുക്ക് തോന്നുമെങ്കിലും. സമഗ്രമായ ഒരു മാറ്റം മനസ്സിലുംകൂടി ഒപ്പം സംഭവിക്കേണ്ടതുണ്ട്. ഈശ്വരസ്തുതി കൊണ്ടതു കഴിഞ്ഞെന്നിരിക്കും.
രത്‌നാകരന്റെ കാര്യത്തില്‍ നാരദന്‍ ഒരു പ്രഭാഷണവും നടത്തിയില്ല. സംഭവിച്ചതൊന്നും അരുതാത്തതായിരുന്നെന്നും നാരദ മഹര്‍ഷി പറഞ്ഞില്ല. അതിരുകള്‍ നിര്‍ണ്ണയിക്കാന്‍ ആവില്ലാത്തത്ര അനന്തവും അജ്ഞാതവുമായ ഈ ബ്രഹ്മാണ്ഡത്തില്‍, എല്ലാം ശരിയാണെന്നും ഒന്നും തിരുത്തേണ്ടതല്ലെന്നും ആര്‍ക്കെങ്കിലും തോന്നുന്നുവോ? തുടങ്ങിക്കോളൂ, നാരദന്‍ വരുന്നിടംവരെ ഈശ്വരനാമം ജപിച്ചുകൊണ്ടേയിരിക്കുക – ഈശ്വരനാമം മാത്രം!

Select your favourite platform