നമ്മുടെ സമൂഹത്തില്‍ നേരെന്നു വ്യാഖ്യാനിക്കപ്പെടുന്ന ധാരാളം പ്രവൃത്തികളുണ്ട് – കേട്ടിരുന്നാല്‍ ഉറങ്ങിപ്പോവുകയേയുള്ളു. ഒരിക്കലൊരമ്മ സ്വന്തം മകന് കിഡ്നി സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. അപ്പന് മരിച്ചിട്ട് ഏറെക്കാലമായിരുന്നു. വസ്തുവകകളെല്ലാം മക്കള്‍ക്കു തുല്യമായി പറഞ്ഞുവെച്ച്, വില്‍പ്പത്രവും ഈ അമ്മ തയ്യാറാക്കിവെച്ചിരുന്നു. അതു കഴിഞ്ഞപ്പോഴാണ് ഒരു മകനു കിഡ്നി തകരാറു വന്നത്. ഒരു മടിയും കൂടാതെ അമ്മ തന്റെ കിഡ്നി കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ആരോഗ്യമുള്ള മക്കളെല്ലാം കൂടിയിരുന്നു കണക്കു കൂട്ടി, എങ്ങനെ നോക്കിയാലും ഒരു ലക്ഷം രൂപാ വരും ഒരു കിഡ്നിക്ക്. ഒരു മകന് കിഡ്നി കൊടുക്കുകയെന്നു പറഞ്ഞാല്‍ ഒരു ലക്ഷം രൂപാ അവനു കൂടുതല്‍ ചെല്ലുന്നുവെന്നു സാരം. അതിനുള്ള സ്ഥലം അവന്റെ വീതത്തില്‍ നിന്ന് കുറയ്ക്കണമെന്നും ബാക്കിയെല്ലാവര്‍ക്കുമായി വീതിക്കണമെന്നുമായി ബാക്കി മക്കള്‍. സ്നേഹം വസ്തുവായി വ്യാഖ്യാനിക്കുമ്പോള്‍ വരുന്ന തകരാറാണത്! ഇതും ഒരു നീതിതന്നെ – വസ്തു നീതി.
മുല്ലാ നസറുദ്ദിനാണെങ്കില് ഇനി നാലാമതൊരു തരം നീതികൂടി ഉണ്ടെന്നു പറഞ്ഞാലും പ്രശ്നമില്ല! സത്യം മൂന്നുണ്ടെന്നു വാദിക്കുന്ന ആളാണ് മുല്ലാ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വീട്ടു വഴക്ക് കോടതിയിലെത്തി ഡിവോഴ്സിലേക്കു കാര്യം പോകുന്നു. ജഡ്ജി ഭാര്യയുടെ ഭാഗം കേട്ടു. പിന്നെ മുല്ലയുടെ നേരെ തിരിഞ്ഞു. അദ്ദേഹം പറഞ്ഞു,
”ഏമാനെ, സത്യം മൂന്നുണ്ട്.” അതേതൊക്കെയാണെന്നു ജഡ്ജി. മുല്ലാ പറഞ്ഞു,
”ഒരെണ്ണം ഇപ്പോള്‍ അവള് പറഞ്ഞു, രണ്ടാമത്തേത് ഞാനിപ്പോള്‍ പറയാന്‍ പോകുന്നു. മൂന്നാമത്തേതാണ്, യാഥാര്‍ഥത്തില്‍ സംഭവിച്ചത്!”
ഇത്തരം വഴക്കുകളും വക്കാണങ്ങളുമൊക്കെ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ഞാനൊരു ജപ്പാന് കഥ പറയാം. ഷിനിച്ചി സുസുക്കി എന്ന പ്രഗത്ഭനായ വയലിനിസ്റ്റ് ഒരു ശിഷ്യനെ വയലിന് പരിശീലിപ്പിക്കുകയായിരുന്നു. ഒരു തെറ്റുപോലും ഇല്ലാതെ ആ ശിഷ്യന് അത് വായിക്കാനും പഠിച്ചു. ഗുരു പറഞ്ഞു,
”ഒരാഴ്ചത്തേക്ക് വയലിന് വായിക്കുന്നത് നിര്‍ത്തുക. ഇതല്ലാതെ നീ കുറച്ചു കാര്യങ്ങള്‍ പഠിക്കാനുണ്ട്. മറ്റുള്ളവരെ സഹായിക്കാനുള്ള ഒരാവേശം നിനക്കുണ്ടാവേണ്ടതുണ്ട്. തുടക്കമെന്ന നിലയില്‍, മറ്റുള്ളവരെ സഹായിക്കാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ച് തുടങ്ങുക. അടുത്ത ഒരാഴ്ച്ചത്തേയ്ക്കുള്ള നിന്റെ ഗൃഹപാഠം ഇതായിരിക്കും.”
ഷിനിച്ചി സുസുക്കി (17 October 1898 – 26 January 1998) ദാര്‍ശനികനും കൂടിയായിരുന്നു. അനേകം പ്രഭാഷണങ്ങള്‍ അന്തര്‍ദേശീയ വേദികളില്‍ അദ്ദേഹം ചെയ്തിട്ടുമുണ്ട്. അദ്ദേഹം സ്ഥാപിച്ചതാണ് International Suzuki Method of Music Education.
പലപ്പോഴും, സമുദായത്തിനുള്ളിലും, സമുദായങ്ങളും വര്‍ഗങ്ങളും വിഭാഗങ്ങളും തമ്മിലും, വ്യക്തികളുടെ ഇടയിലുമൊക്കെ നിലനില്‍ക്കുന്ന സത്യവും നീതിയുമൊക്കെ ദൈവികമായിരിക്കണമെങ്കില് ഒരു പണി ചെയ്താല്‍ മതിയാകും – ബന്ധപ്പെട്ടവരെല്ലാം ഏതെങ്കിലും ആതുരാലയത്തില്‍ പോയി ഒരാഴ്ച്ച സൗജന്യമായി പണിയെടുക്കുക. ഇനി അത് പറ്റില്ലെങ്കില്‍, അറിയാവുന്ന ഓരോരുത്തരുടെയും ആവശ്യങ്ങള്‍ സാധിക്കുന്നുവെന്ന് സങ്കല്പിച്ച്, അവര്‍ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ദൈവത്തിനു നന്ദി പറഞ്ഞുകൊ ണ്ടിരിക്കുക!
പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം അറ്റുപോകുമ്പോഴാണ് നീതിബോധത്തിനും സത്യബോധത്തിനുമൊക്കെ ക്ഷയം സംഭവിക്കുക. അപ്പോള്‍ പൂര്‍ണ്ണതയെന്നത് അസംഭവ്യവുമാകും!