ഈശ്വരനെന്നൊന്നുണ്ടോ? വെറുതെ ചോദിച്ചുവെന്നേയുള്ളു. Yes എന്ന് പറഞ്ഞാലും No എന്ന് പറഞ്ഞാലും വ്യത്യാസമൊന്നുമില്ലെന്നാണ് ഗൗതമബുദ്ധന്‍ പറയുന്നത്. മാത്രവുമല്ല, ഈശ്വരന്റെ ആറ്റമോ, ഈശ്വരനെത്തന്നെയോ ആരും കണ്ടുപിടിച്ചിട്ടുമില്ലല്ലോ! ബോധമെന്ന് (Consciousness) വിളിക്കപ്പെടുന്ന ഒരു സൂക്ഷ്‌മോര്‍ജതലത്തെപ്പറ്റി ശാസ്ത്രത്തിനു ചിലതൊക്കെ അറിയാം. ഈ ബോധം, ഏതാണ്ട് ഈശ്വരനെപ്പോലെയൊക്കെത്തന്നെ ആയിരിക്കുമെന്നാണവര്‍ പറയുന്നത് – അതിനുമില്ല, തുടക്കവും ഒടുക്കവും വീതിയും നീളവും കനവുമൊന്നും – അത് സ്ഥലകാലബന്ധിതവുമല്ല.
ബോധത്തിന്റെ ശേഷി കാണണമെങ്കില്‍ പ്രകൃതിയിലേക്ക് നോക്കിയാല്‍ മാത്രം മതി. ജന്തുക്കളുടെ ജീവിതരീതികളുടെ വീഡിയോകള്‍ കാണുമ്പോള്‍ ഞാനോര്‍ക്കാറുണ്ട്, എത്ര അത്ഭുതകരമായാണ് പ്രകൃതി ആയിരിക്കുന്നതെന്ന്. എല്ലാ ജീവജാലങ്ങള്‍ക്കും, ആയിരിക്കാനും, വളരാനും, ഇരതേടാനും, ഇണചേരാനുമൊക്കെ വേണ്ട ഉചിതമായ ക്രമീകരണങ്ങളും, വളരെ സൂക്ഷ്മമായ കൃത്യതയോടെ ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നു. ഓരോന്നിനും വേണ്ട എല്ലാ അറിവുകളും അതാതിന്റെ കോശങ്ങളില്‍ നിറയ്ക്കുകയും ചെയ്തിരിക്കുന്നു. കുരങ്ങുകള്‍ ഒരു മരത്തില്‍നിന്ന് അടുത്തതിലേക്ക് ചാടുന്നു; പലപ്പോഴും, ചിന്തിക്കാനുള്ള സമയമതെടുക്കുന്നതായിപ്പോലും കാണുന്നില്ല! എങ്കിലും, അതിന്റെ ഒരു തീരുമാനവും തെറ്റാകുന്നതായും അനുഭവമില്ല. മനുഷ്യനിലും ഇതെല്ലാമുണ്ട്. പക്ഷേ, അവനു പറ്റിയ കുഴപ്പം, ഇരട്ടബോധം തലയ്ക്കു പിടിച്ചിരിക്കുന്നുവെന്നതാണ്. ഞാന്‍ ചിന്തിക്കുകയാണെന്നു ചിന്തിക്കാന്‍ മനുഷ്യനല്ലേ കഴിയൂ?
എന്റെയൊക്കെ ചെറുപ്പത്തില്‍, നാട്ടുപാതകളിലൂടെ അന്ധരായ ഭിക്ഷക്കാരെ പല പ്രാവശ്യം കണ്ടിട്ടുണ്ട്. അവര്‍, ഒരു മണികെട്ടിയ വടിയും കുത്തി നടക്കുമായിരുന്നു. മണിശബ്ദം കേള്‍ക്കുമ്പോള്‍ ഭിക്ഷയുമായി വീട്ടുകാര്‍ വഴിയിലേക്കിറങ്ങി വരും. പക്ഷേ, ഒരിക്കല്‍പോലും ഒരു വണ്ടിയപകടത്തിലോമറ്റോപെട്ട് അന്ധനായ ഒരുവന്‍ മരിച്ചതായി ഞാന്‍ കേട്ടിട്ടേയില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകാതെ, ഏതോ ഒരു ബോധം, അവരെ തടയുന്നു ണ്ടായിരിക്കണം. പ്രപഞ്ചത്തിലെ ഓരോ അംശത്തെയും സൂക്ഷ്മമായി പഠിച്ചാല്‍, ഒരജ്ഞാതശക്തി എല്ലാത്തിനെയും നിയന്ത്രിക്കുന്നുവെന്നു കാണാം. എന്താണോ നിലനില്‍ക്കാന്‍ ഓരോരുത്തര്‍ക്കും വേണ്ടത്, അതവര്‍ക്ക് കൃത്യമായും ലഭിക്കുന്നുവെന്ന് ആ ശക്തി ഉറപ്പു വരുത്തിയിട്ടുള്ളതായും കാണാം.
Reflx action എന്ന് പറഞ്ഞാല്‍ ശരീരത്തിന്റെ ധൃതഗതിയിലുള്ള ഒരടിയന്തിര പ്രതികരണമാണല്ലോ. നാം പരാമര്‍ശിക്കുന്ന ഈ ബോധത്തിന്റെ പ്രതികരണം Super reflex ആണെന്ന് നിസ്സംശയം പറയാം. ഒരു കാര്യം സംഭവിക്കുന്നതിനു മുമ്പേ, അതിനോട് പ്രതികരിക്കാന്‍ എന്തൊക്കെ ക്രമീകരണങ്ങളാണോ വേണ്ടത്, അതിനെല്ലാമുളള ഒരുക്കങ്ങളാണപ്പോള്‍ ശരീരത്തില്‍ നടക്കുക. ഏതെങ്കിലും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവരോട് ചോദിച്ചാല്‍, അവര്‍ പറയും വിശദീകരിക്കാനാവാത്ത എന്തൊക്കെയോ സംഭവിച്ചുവെന്ന്.
ഉപസംഹരിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണിത്. ഒരമ്മയുടെ ഉദരത്തില്‍ രൂപപ്പെടുന്ന മൂലകോശം വിഭജിക്കപ്പെട്ടു വിഭജിക്കപ്പെട്ടാണ് വ്യത്യസ്ത സവിശേഷതകളും ദൗത്യങ്ങളുമുള്ള വിവിധതരം കോശങ്ങളുണ്ടാകുന്നതും, അവയെല്ലാം കൂടി ചേര്‍ന്നാണ് നാമിക്കാണുന്ന ശരീരമാകുന്നതും. അതിനെ നിയന്ത്രിക്കാന്‍ ഒരു പൊതുബോധം ഇല്ലാതിരിക്കാനാവില്ല. ദേഹത്തെവിടെയെങ്കിലും ഒരു മുറിവുണ്ടായാല്‍ പുതിയ കോശങ്ങളവിടെയുണ്ടാകുന്നു, തൊലി വളര്‍ന്നവയെ മൂടുന്നു, മുറിവ് കരിയുന്നു! ആരാണിതിനൊക്കെ വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നത്? ഏതോ ഒരു പരമബോധം! ഈ ബോധം നമ്മോട് സംസാരിക്കാന്‍ സദാ ശ്രമിക്കുന്നുവെന്നത് സത്യമാണ്. ആര്‍ക്കാണിതിന്റെ ഭാഷ മനസ്സിലാവുക? ഇതിനുവേണ്ട അവ ബോധം ഉണ്ടായാലും ഇല്ലെങ്കിലും ബോധം നമ്മോടൊപ്പമുണ്ടാവും.
ഈ ബോധത്തെപ്പറ്റിയാണ് പോസിറ്റീവ് തിങ്കിങ്ങിനെപ്പറ്റി സംസാരിക്കുന്ന എല്ലാ ആചാര്യന്മാരും സൂചിപ്പിക്കുന്നത്. ആ ബോധത്തിന്റെ പേരില്‍ വിഭാഗങ്ങളുണ്ടായാലും പ്രസ്ഥാനങ്ങളുണ്ടായാലും ബോധം മാറുന്നില്ല – തൂണിലും തുരുമ്പിലും ആ ബോധം സദാ ഉണ്ടായിരിക്കുക തന്നെ ചെയ്യുന്നു. ആ ബോധം ഒപ്പമുണ്ടെന്നറിയുന്നവനെ തോല്‍പ്പിക്കുകയും എളുപ്പമല്ല! ആ ബോധത്തിന്റെ സംരക്ഷണം കിട്ടാന്‍, ആ ബോധത്തിനെ പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ട് കിഴടങ്ങുക നല്ലൊരു ഉപാധിയാണ്. കീഴടങ്ങല്‍ രണ്ടുതരമുണ്ടെന്നു മറക്കരുത് -submission ഉം surrender ഉം. ആദ്യത്തേത് ഒരു ഭീരുവിന്റേതും രണ്ടാമത്തേതൊരു ധീരന്റേതുമാണ്. ബോധത്തിനിഷ്ടം ധീരന്മാരെയാണ്! ബോധം യാഥാര്‍ഥ്യമാണെന്നു പറയുന്നവരെയും അല്ലെന്നു പറയുന്നവരെയും ഒരുപോലെ ചേര്‍ത്തുനിര്‍ത്തുന്ന ഈ ബോധത്തെ തിരിച്ചറിയാന്‍, ഒരു ജന്മം വേണ്ടിവന്നെന്നിരിക്കിലും അതിനേക്കാള്‍ വലിയ നേട്ടമെന്ത്? ‘തത്വമസി’യെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് മാത്രം ആരും ഒന്നും നേടാന്‍ പോകുന്നില്ല!