ഒരു പട്ടാളക്കാരന് മുറിവേറ്റു കിടക്കുന്നതുകണ്ട്, ഒരു പാസ്റ്റര്‍ അങ്ങോട്ട് ചെന്നു.
”ഞാന്‍ കുറെ വചനങ്ങള്‍ വായിക്കട്ടെ?” പാസ്റ്റര്‍ ചോദിച്ചു. ”എനിക്കല്‍പ്പം വെള്ളം തരുമോ?” പട്ടാളക്കാരന് ചോദിച്ചു. തുടര്‍ന്നയാള്‍ തലയ്ക്കു കീഴെ വെക്കാന്‍ എന്തെങ്കിലും തരുമോയെന്നു ചോദിച്ചു, പുതയ്ക്കാന്‍ എന്തെങ്കിലും തരുമോയെന്നും ചോദിച്ചു. ഇതെല്ലാം കിട്ടിയപ്പോഴെങ്കിലും ബൈബിള്‍ വായിക്കാന്‍ പറയുമെന്ന് പാസ്റ്റര്‍ കരുതി. പക്ഷേ, പട്ടാളക്കാരന് ആവശ്യപ്പെട്ടത്, ഇയാള്‍ എനിക്ക് ചെയ്തതുപോലെ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ വായിക്കൂ, കേള്‍ക്കാന്‍ താല്പര്യമുണ്ടെന്നാണ്. ദയ കൈപ്പറ്റിയിട്ടുള്ളവര്ക്കുള്ള ഒരു വലിയ പോരായ്മയാണ്, അത് പലിശ സഹിതം മടക്കിക്കൊടുക്കാന്‍ തോന്നുമെന്നത്. അവിടെ, പ്രതിഫലേച്ഛ എന്നൊന്ന് കാണുകയേയില്ല!
1929 മുതല്‍ 1939 വരെ അമേരിക്ക വലിയ ക്ഷാമവും ദാരിദ്ര്യവുമൊക്കെ അനുഭവിച്ച കാലമാണ്. അന്ന്, കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായം നല്കാന് സര്‍ക്കാര്‍ ഏജന്റുമാരെ നിയോഗിച്ചു. അതിലൊരാള്‍, വളരെയകലെ ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധയ്ക്കു സഹായം നല്കിയ കഥ പ്രസിദ്ധം. കൂരയെന്നു പേരുവിളിക്കാന്‍ മാത്രമുള്ളതേ അവര്‍ക്കുണ്ടായിരുന്നുള്ളു. വലിയ ബുദ്ധിമുട്ടുകള്‍ക്കിടയിലും ജീവന് നിലനിര്‍ത്താന്‍ വേണ്ട സഹായം അവര്‍ക്കു ലഭിച്ചിരുന്നു. ഏജന്റ് അവരോട് ചോദിച്ചു,
”നിങ്ങള്ക്കിരുന്നൂറ് ഡോളര്‍ കിട്ടിയാല്‍ അതുകൊണ്ടെന്തു ചെയ്യും?” ഉടന്‍ വന്നുത്തരം, ”ഇല്ലാത്തവര്‍ക്കു കൊടുക്കും!”
ഇന്നത്തെ ഗുരുക്കന്മാരും ദയയെ വ്യാഖ്യാനിക്കാറുണ്ട്. പക്ഷേ, ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നതു മിക്കതും, ‘ഞാനും’ ‘നീ’യുമുള്ള തരം ദയയുടെ വകഭേദങ്ങളെപ്പറ്റിയാണ്. ‘ഞാനും’ ‘നീയും’ ഒന്നുചേരുന്ന തരമൊരു സഹാനുഭൂതിയുടെ തലമാണ് ഉണ്ടാവേണ്ടത;് വ്യത്യാസം കടലോളമുണ്ട്!
2021 ലെ പ്രകൃതിക്ഷോഭ ദിവസങ്ങളില്‍, കേരളത്തിലെ, ഇടുക്കി ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരുടെ കഥകള്‍ കേട്ടിട്ടില്ലേ? സമയത്ത് ഭക്ഷണം കഴിച്ചൊന്നുമായിരുന്നില്ല, ഇരുട്ടിയിട്ടും നീണ്ട അവരുടെ സേവനം. എല്ലായിടങ്ങളിലുമുണ്ട് ഇത്തരം ആളുകള്‍! ഒരു ഭംഗിവാക്ക് പോലും മിക്കവരോടും നാം പറയാറുമില്ല. ഇടയ്ക്കിടെ അല്പസ്വല്പം വെള്ള മൊഴിച്ച് നനച്ചു കൊടുത്താലല്ലേ അവരിലെ അതിരുകളില്ലാത്ത സഹാനുഭൂതിയെ വളര്‍ത്തിയെടുക്കാന്‍ കഴിയൂ? അതാരാണ് ചെയ്യേണ്ടത്, നാം തന്നെയല്ലേ?
ഒരിക്കല്‍ പട്ടിക്കുഞ്ഞുങ്ങളെ വില്‍ക്കുന്ന ഒരു കടയിലേക്ക് ഒരു പയ്യന് കയറി വന്നു. കടക്കാരന് വിളിച്ചപ്പോള്‍ എല്ലാ കുഞ്ഞുങ്ങളും വന്നു. അവസാനം വന്ന പട്ടിക്കുഞ്ഞ് ഞൊണ്ടിയാണ് നടന്നിരുന്നത്.
”ആ കുഞ്ഞിനെന്തു പറ്റി?” കുട്ടി ചോദിച്ചു.
”അത് ജന്മനാ അങ്ങനെയാണ്; അതിനൊരിക്കലും മറ്റുള്ളവയെപ്പോലെ ഓടാന്‍ കഴിയില്ല.” കടക്കാരന് പറഞ്ഞു.
”അതിനെയാണ് എനിക്ക് വേണ്ടത്!” കുട്ടി പറഞ്ഞു. അതിശയിച്ചുനിന്ന വീട്ടുകാരനെ ആ കുട്ടി, അവന്റെ ഒരു കാലിലെ തുണിയുയര്‍ത്തി, തന്റെ കൃത്രിമക്കാല്‍ കാണിച്ചുകൊണ്ട് പറഞ്ഞു,
”ആ പട്ടിക്കുട്ടിക്ക്, അതിനെ മനസ്സിലാക്കുന്ന ഒരാളെയാണാവശ്യം.”
പരസ്പരം മനസ്സിലാക്കുമ്പോഴാണ് സഹാനുഭൂതി വിടര്‍ന്നു സൗരഭ്യം പൊഴിക്കുന്നത്. അത് നല്കുന്ന സന്തോഷം അവാച്യമാണ്. സഹാനുഭൂതി നമുക്ക് സൃഷ്ടിക്കുകയും എളുപ്പമല്ല, അതുണ്ടായിക്കഴിഞ്ഞാല്‍ നശിപ്പിക്കുകയും എളുപ്പമല്ല.
ഡോ. നോര്‍മന്‍ വിന്‍സന്റ് പീല്‍ എന്ന് കേട്ടിട്ടില്ലാത്തവര്‍ ചുരുങ്ങും പോസിറ്റീവ് തിങ്കിങ്ങിനെപ്പറ്റി ധാരാളം എഴുതിയിട്ടുള്ള ആളാണ്. അദ്ദേഹം, ഒരു സംഭവകഥ പറയുകയുണ്ടായി. 1897 ആദ്യം, വില്യം മക് കിന്‍ലേ അമേരിക്കന്‍ പ്രസിഡന്റായി മത്സരിക്കുന്ന കാലം. അദ്ദേഹത്തെ എതിര്‍ക്കുന്ന വിഭാഗത്തിന്റെ പത്രക്കാരും, അവരുടെ പ്രതിനിധിയെ അദ്ദേഹം യാത്ര ചെയ്തിരുന്ന ട്രെയിനില്‍ അയച്ചിരുന്നു. ഇത് മക് കിന്ലേയ്ക്ക് അറിയുകയും ചെയ്യുമായിരുന്നു. ഒരു തണുത്തുറഞ്ഞ ദിവസം, ഈ റിപ്പോര്‍ട്ടര്‍ ട്രെയിനില്‍ കിടന്ന് ഉറങ്ങിപ്പോയി. യാദൃശ്ചികമായി അതുവഴി വന്ന മക് കിന്‍ലേ, തന്റെ കോട്ട് ഊരി ഈ പത്രപ്രതിനിധിയെ പുതപ്പിച്ചു. ഉണര്‍ന്നപ്പോള്‍ കാര്യം മനസ്സിലായ ആ പ്രതിനിധി, അന്നു തന്നെ ജോലി രാജിവെച്ചു. മക് കിന്ലേക്കെതിരെ ഒരക്ഷരമെങ്കിലും എഴുതാനുള്ള ശക്തി ആ ഒരൊറ്റ സംഭവം കൊണ്ട് അയാളില്‍നിന്ന് ചോര്‍ന്നുപോയിരുന്നു.
പ്രതീക്ഷിക്കാതിരിക്കുന്ന ഒരു നിമിഷത്തില്‍ ലഭിക്കുന്ന ഒരു സഹായം ആരെയും മാറ്റും! സഹായിക്കാന്‍ പറ്റുന്ന ഒരവസരവും കളയാതിരിക്കുക പത്തു ജീവിതത്തിനു വേണ്ട, വിശ്വസ്തരായ സുഹൃത്തുക്കളെ ഈ ജീവിതത്തില്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കും. മാര്‍ക് ട്വയിന് ദയയെപ്പറ്റി പറയുന്നത്, അന്ധന് കാണുകയും ബധിരന് കേള്‍ക്കുകയും ചെയ്യുന്ന ഭാഷയെന്നാണ്. ഈ ഭാഷ പഠിപ്പിക്കുന്ന ഗുരുക്കന്മാരാണ് ഇന്നിന്റെ ആവശ്യം!