സംസ്കാരങ്ങളില്‍നിന്ന് സംസ്കാരങ്ങളിലേക്ക് ലോകം മാറിയപ്പോള്‍ ഗുരുശിഷ്യ ബന്ധങ്ങളിലുണ്ടായ വ്യത്യാസങ്ങളെപ്പറ്റിയും ഞാനോര്‍ത്തു. വിദ്യാഭ്യാസം ഇന്നൊരു വ്യവസായമായി മാറിയിരി ക്കുന്നു. ഓലയില്‍ എഴുതിയ അക്ഷരങ്ങളുമായി കളരിയില്‍ പോയി, ചിന്തം* വെച്ചു ഗുരുദക്ഷിണയും കൊടുത്തനുഗ്രഹവും വാങ്ങി അക്ഷരങ്ങളുമായി ഇറങ്ങിയതാണ് ഞാന്‍. ഹരിശ്രീ കുറിക്കുക, അന്നൊരു ആഘോഷമായിരുന്നു – ദീക്ഷതന്നെയായിരുന്നു. സമയവും കാലവും സാക്ഷിയായിട്ടുള്ള ഏറ്റവും സ്വാഭാവികമായ ഒരു പ്രക്രിയയായിരുന്നു, അന്നൊക്കെ വിദ്യാഭ്യാസം – വിദ്യ തന്നവര്‍ ഗുരുസ്ഥാനീയരുമായിരുന്നു. ഇന്ന് മൂല്യക്ഷയം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗുരുവിനെ അറിയാത്തതുകൊണ്ടാണെന്ന് തോന്നുന്നു.
ഭാരതീയ സങ്കല്പമനുസരിച്ച്, ‘ഗുരുര്‍ ബ്രഹ്മ (ഗുരു ബ്രഹ്മാവാണ്), ഗുരുര്‍ വിഷ്ണു (ഗുരു വിഷ്ണുവാണ്), ഗുരുര്‍ ദേവോ മഹേശ്വര (ഗുരു ശിവനാണ്), ഗുരുര്‍ സാക്ഷാത് പരബ്രഹ്മം (ഗുരു സാക്ഷാല്‍ പ്രപഞ്ചമാണ്) തസ്മൈ ശ്രീ ഗുരവേ നമ:’. (സൃഷ്ടിയും സ്ഥിതിയും സംഹാരവും ശക്തനും ഗുരുവാണ്, ആ ഗുരുവിനെ ഞാന്‍ വണങ്ങുന്നു). ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു വെന്നാണ് ഛാന്ദോഗ്യോപനിഷദ് പറയുന്നത്. മനുഷ്യന് യഥാര്‍ഥ ജ്ഞാനം കൊടുത്ത്, അവന് ജീവിതത്തില്‍ ധൈര്യമായി മുന്നോട്ടു പോകാനും മരണതത്വത്തെ മനസ്സിലാക്കി നിര്‍ഭയനായി അതിനെ ഉള്‍ക്കൊള്ളാനും ഗുരുവിലൂടെ സാധിക്കുന്നു – പ്രേരണാ സ്രോതസാണ് ഗുരു!
ലാമമാരും, അവരുടെ ക്ഷേത്രങ്ങളും ആശ്രമങ്ങളുമെല്ലാം തിളങ്ങിനിന്ന ഒരു കാലഘട്ടത്തില്‍, പേരുകേട്ട ഒരാശ്രമത്തില്‍ വിദ്യ പരിശീലിക്കുകയായിരുന്നു മിടുക്കനായ ഒരു കുട്ടി. ടിബറ്റന്‍ ആചാരങ്ങളും, സമൂഹനിയമങ്ങളും, പാരമ്പര്യാനുഷ്ഠാനങ്ങളും, ബന്ധപ്പെട്ട പുസ്തകങ്ങളുമെല്ലാം പഠിച്ചു. ഒരു ദിവസം ഗുരു ലാമ പറഞ്ഞു, നിങ്ങളുടെ അഞ്ചു വര്‍ഷത്തെ കഠിനപരിശീലനം അവസാനിച്ചിരിക്കുന്നു; എല്ലാവര്ക്കും പോകാം! ഞാനിപ്പറഞ്ഞ കുട്ടിയൊഴിച്ച് എല്ലാവരും കേട്ടപാടെ കെട്ടും കിടക്കയുമെടുത്ത് സ്ഥലംവിട്ടു. ഈ കുട്ടി സാവധാനം ഗുരുവിന്റെയടുത്തു ചെന്ന് കാല്ക്കല് വീണു, നന്ദി പറഞ്ഞു. അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചിട്ട് ഗുരു പറഞ്ഞു,
”നിന്റെ പരിശീലനം തീര്‍ന്നിട്ടില്ല, ഇനിയും അഞ്ചു വര്‍ഷംകൂടി ഇവിടെ കഴിയേണ്ടതുണ്ട്.”
പാവം, ആകെ ഞെട്ടിപ്പോയി! മുഖത്തെ പ്രസാദവും മങ്ങി. ഗുരുലാമാ തുടര്‍ന്നു,
”നീ നിന്റെ സഹപാഠികളെ കണ്ടോ? അവരെന്നോട് ഒരു വാക്കു പോലും പറയാതെയാണ് പോയത്. അല്ലേ? പ്രപഞ്ചത്തില്‍ നന്ദിയര്ഹിക്കാത്തതായി യാതൊന്നുമില്ലെന്നും, ഗുരുവെന്നു പറയുന്നത് ഈ ആകമാന പ്രപഞ്ചമാണെന്നും അവര്‍ പഠിച്ചു. അവരെത്ര സമാധാനത്തോടെയാണ് ആശ്രമം വിട്ടുപോയതെന്നു നോക്കി സന്തോഷം കൊണ്ട് ഞാന്‍ കരയുകയായിരുന്നു.”
ഒരു പക്ഷേ, ഗുരുവും ഈശ്വരനും അറിവുമൊക്കെ ക്ഷേത്ര ത്തിന്റെ ഗോപുരവാതിലിലൂടെ മാത്രമേ കടന്നുവരൂവെന്ന തെറ്റായ സങ്കല്പത്തിന്റെ പോരായ്മകളിലേക്ക് വിരല്‍ ചൂണ്ടുകയാവാം ഈ കഥ. സദാ നാം അറിവു ശേഖരിച്ചുകൊണ്ടിരിക്കുന്നുവെന്നും ചുറ്റിലും എപ്പോഴും ഗുരുസമന്മാരായവര് ഉണ്ടെന്നുമാകാം, ആ ഗുരുലാമാ ഉദ്ദേശിച്ചത്. യഥാര്‍ഥത്തിലുള്ള ഗുരു യാതൊരു പ്രശംസയും ആഗ്രഹിക്കാത്തവനാണെന്നും ഈ ഗുരുലാമാ നമ്മോട് പറയുന്നു. ഒരു വലിയ ആശയം പറയാന്‍ ആരോ പറഞ്ഞതായിരിക്കാം ഈ കഥ. ബുദ്ധിസ്റ്റു ലാമമാരുടെ കാര്യമായതുകൊണ്ട് ഇതു ശരിയായിരിക്കാനും മതി. ആയിരം ലാമമാര്‍ ആയിരത്തൊന്നു മതങ്ങള്‍, എന്നാണല്ലോ അവരുടെ പ്രമാണം. ഏതായാലും, ആ ശിഷ്യനെ ഗുരുലാമാ കൂടുതല്‍ അനുഗ്രഹിച്ചു യാത്രയാക്കിയെന്നും, കഥയുടെ അവസാനമുണ്ട്.
അറിവുകളുടെ പ്രഭവസ്ഥാനം ഈശ്വരനെന്ന മഹാചേതനയാണെന്നും, ഗുരുവെന്നു പറയുന്നത് ഗുരുതത്വ ചങ്ങലയിലെ ഒരു കണ്ണിയാണെന്ന സത്യവുമാണ് ഇന്നത്തെ മിക്ക ഗുരുക്കന്മാര്ക്കും ശിഷ്യന്മാര്ക്കും അറിയാത്തത്. ഓഷോ പറയുന്നത്, ഗുരു നാമധേയരില് 99% ഉം കള്ള നാണയങ്ങളാണെന്നാണ്. നളന്ദയിലും തക്ഷശിലയിലുമൊന്നും ഫീസ് വാങ്ങിയായിരുന്നില്ല വിദ്യാഭ്യാസം. താനാണ് കൊടുക്കുന്നവന് എന്നാണ് പുതുയുഗ ഗുരുക്കന്മാരുടെ ചിന്ത. യഥാര്‍ഥ ഗുരുവിന്റെ സ്ഥാനം ദൈവത്തിന്റെയടുത്താണ്. മാതാ-പിതാ-ഗുരു-ദൈവം എന്നാണ് പറയുന്നത്. പ്രസിദ്ധ ഭക്തകവിയായിരുന്ന കബീര്‍ദാസ് എഴുതിയത്, ഗുരുവും ദൈവവും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടാല്‍, ഞാന്‍ ഗുരുവിനെയായിരിക്കും ആദ്യം വണങ്ങുകയെന്നാണ് ഗുരുവാണല്ലോ ഈശ്വരനെ കാട്ടിത്തന്നത്. പരമ ശിവന്റെ കോപത്തില്‍ നിന്നുപോലും ഒരാളെ രക്ഷിക്കാന്‍ സദ്ഗുരുവിനു കഴിയുമെന്ന് ഭാരതീയര്‍ വിശ്വസിച്ചിരുന്നു. ഗുരുനിന്ദയെന്നത് ഭാരതീയരെ സംബന്ധിച്ചിടത്തോളം അതിനീചമായ ഒരു കുറ്റമാണ്. ഉമിത്തീയില്‍ വെന്താലും ഗുരു ശാപം തീരില്ല. തലമുറകളോളം ചിലപ്പോഴത് നില്ക്കും. ഒരുവന്റെ എല്ലാ മാലിന്യങ്ങളും, ഏറ്റെടുത്തു കരിച്ചുകളയാനുള്ള ശേഷിയും ഗുരുവിനുണ്ട്. ആദിഗുരുവെന്ന അഗ്രമില്ലെങ്കില് ഗുരുതത്വചങ്ങലക്ക് ഒരു പ്രസക്തിയുമില്ല.
ഗുരു ഇച്ഛിക്കുന്ന രീതിയില്‍ പ്രതികരിക്കുകയെന്നതും, ഗുരുവിനിഷ്ടമായത് ദക്ഷിണയായി കൊടുക്കുകയെന്നതുമൊക്കെ നല്ല സമീപനങ്ങള്‍. ഒരുവന്, ഏതറ്റം വരെ ഉയരുവാന് വേണ്ട അനുഗ്രഹം നല്‍കാനുള്ള ശേഷിയും ഗുരുവിനുണ്ട്. തുറന്നു പറഞ്ഞാല്‍, ഗുരുവിന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഈ പാരാവാരം തുഴഞ്ഞക്കരെയെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവാനിടയില്ല. ഗുരുവിന്റെ സാമീപ്യമില്ലാതെ ഉണര്‍വില്ല നിസ്സംശയം പറയാം! ഗുരുവാണ്, മേഘങ്ങള്‍ കടുത്ത ചൂടില്നിന്നെന്നപോലെ, ആരെയും സംരക്ഷിച്ചു നിര്‍ത്തുന്നത്. ഗുരുവിന്റെ സംര ക്ഷണവലയമില്ലാതെ ജീവിതം തന്നെ ദുഷ്കരം. അദ്ദേഹം ദേഷ്യപ്പെട്ടാല്‍, അത് ഭാഗ്യമായി കാണുകയും, തല്ലിയാല്‍ അത് സമ്മാനമായി കരുതുകയുമാണ് നാം ചെയ്യേണ്ടത്. ഒരാള്‍ക്ക് ഏറ്റവും വേണ്ടതെന്തെന്നു ചോദിച്ചാല്‍, ഗുരുത്വം തന്നെ.
നമ്മുടെ ഗുരുസങ്കല്പത്തില് ഗുരു പൂര്‍ണ്ണനാണ്. തൊലിയില്ലാത്ത പഴത്തെപ്പറ്റിയും, കുപ്പിയുള്പ്പടെ കഷായം വിഴുങ്ങുന്നതിനെപ്പറ്റിയുമൊക്കെയാണ് നമ്മുടെ ചിന്തകള്‍. ഗുരുവിനെ വേഷത്തിലൂടെ കാണാതെ സിദ്ധിയിലൂടെ കാണാന്‍ പുതിയ തലമുറയ്ക്കു കഴിയുന്നില്ല. ഏറ്റവും വിലയേറിയ സ്യൂട്ടിട്ടവരും, കൊട്ടാരങ്ങളില്‍ നിന്ന് കൊട്ടാരങ്ങളിലേയ്ക്കു സഞ്ചരിക്കുന്നവരും, ഏറ്റവും കോമളന്മാരും, വാക്സാമര്ഥ്യമുള്ളവരും, പാരമ്പര്യമുള്ളവരും, ഏറ്റവും ആരോഗ്യമുള്ളവരുമൊക്കെയാണ്, നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും അറിവുള്ളവര്‍. വിദ്യ ഫലിക്കാതെ പോകുന്നതിന്റെ ഒരു കാരണവും ഈ സമീപനംതന്നെ. കൈമാറിയ അക്ഷരങ്ങളില്‍ നിന്നു ഗുരുവിന്റെ മരണമില്ലാത്ത ഹൃദയം വേര്‍തിരിച്ചെടുക്കാന്‍ നമുക്കു കഴിയുന്നില്ല! ഗുരുപാദങ്ങളില്‍ തൊട്ടു നമസ്കരിച്ച് കര്മ്മമണ്ഡലത്തിലേക്കിറങ്ങുന്നവരെ നോക്കുന്നത് പരബ്രഹ്മംതന്നെ ആയിരിക്കും. അത്തരക്കാരുടെ മുമ്പില്‍ പരാജയമെന്നൊന്നില്ല!