ഒരു വക്കീല്‍, പക്ഷിവേട്ടയ്ക്ക് പോയ കഥ കേട്ടിട്ടുണ്ട്. സംഭവം അമേരിക്കയിലാണ്, അവിടെ മിക്കയിടങ്ങളിലും പക്ഷിവേട്ട അനുവദിച്ചിട്ടില്ല. അതൊക്കെ വിട്ടേക്കാം, കഥയല്ലേ? ഇദ്ദേഹം നഗരത്തില്‍ നിന്ന് വളരെ ദൂരെയുള്ള ഒരു ഗ്രാമത്തില്‍ വേട്ടയ്ക്കിറങ്ങി. വിശാലമായ ഗോതമ്പ് പാടങ്ങള്‍ കൊറ്റികള്‍ ഇഷ്ടംപോലെ! ആദ്യത്തെ വെടിക്കു തന്നെ കൊറ്റിയൊരെണ്ണം താഴെ! അത് വീണത് അല്പം അകലെ വേലിക്കപ്പുറത്തുള്ള പാടത്ത്. വക്കീല്‍ വേലിക്കപ്പുറത്തു ചെന്ന് കൊറ്റിയെ എടുത്തതേ, ”ഇടടാ അവിടെ!” എന്നൊരു ആക്രോശം. അദ്ദേഹം നോക്കിയപ്പോള്‍, അകലെയൊരു മെലിഞ്ഞ മനുഷ്യന് നില്ക്കുന്നു. ആ കര്‍ഷകന്റെ പാടമായിരിക്കണമതെന്ന് വക്കീല്‍ ഊഹിച്ചു.
”എന്റെ പാടത്തു വീണ പക്ഷിക്ക് നിനക്കെന്തവകാശം?” അയാള്‍ ചോദിച്ചു.
”ഇത് ഞാന്‍ വെടിവെച്ചിട്ട പക്ഷിയാണ് അതെന്റേതാണ്. ഫെഡറല്‍ ലോ പ്രകാരം അതിനെ നിഷേധിക്കുന്നവനെ ജയിലിലിടാന്‍ വകുപ്പുണ്ട്.” വക്കീല്‍ പറഞ്ഞു. രണ്ട് പേരും വഴക്കായി… അത് കടുത്ത പദപ്രയോഗങ്ങളിലേക്കു കടന്നു. അവസാനം കര്ഷകന് പറഞ്ഞു,
”ഈ നാട്ടില്‍ തര്‍ക്കങ്ങളൊക്കെ കോടതിയിലല്ല തീര്‍ക്കുന്നത്. അതിനൊരു എളുപ്പവഴിയുണ്ട്.” എന്താണെന്നറിയാന്‍ വക്കീലിനാകാംക്ഷ. കൊള്ളാവുന്നതാണെങ്കില്‍ അങ്ങനെ ആയിക്കോട്ടെന്നു വക്കീല്‍ കരുതി. കര്ഷകന് പറഞ്ഞു,
”തര്‍ക്കമുള്ളവര്‍ അങ്ങോട്ടുമിങ്ങോട്ടും മാറി മാറി ചവിട്ടും. തോറ്റെന്നു പറയുമ്പോള്‍ നിര്‍ത്തും. അതിലെ മെലിഞ്ഞവന് ആദ്യം ചവിട്ടും.”
വക്കീല്‍ ഒരു നിമിഷം ആലോചിച്ചു. തന്റെ പകുതി തടിപോലും കര്‍ഷകനില്ല. ഒരൊറ്റ ചവിട്ടില്‍ കൂടുതല്‍ അയാള്‍ക്കിട്ടു കൊടുക്കേണ്ടിയും വരില്ല. ആദ്യം കര്ഷകന് ചവിട്ടുന്നെങ്കില്‍ ചവിട്ടട്ടെ. മത്സരമാകാം എന്ന് വക്കീല്‍ പറഞ്ഞു. കര്ഷകന് അയാളുടെ ചെളി പറ്റിയ കാലുകൊണ്ട് വക്കീലിന്റെ അടിവയറുകൂട്ടി ഒരൊറ്റ ചവിട്ട്! വക്കീലിന്റെ കണ്ണില്‍ക്കൂടി നക്ഷത്രം മിന്നിയെന്നു പറഞ്ഞാല്‍ മതിയല്ലോ.
ഇയാള്‍ക്കെവിടെ നിന്ന് ഇത്ര ശക്തിയെന്ന് വക്കീല്‍ ചിന്തിച്ചു. എല്ലാം തീര്‍ത്തുകളയാം! അയാളോട് മുന്നോട്ടു മാറി നില്ക്കാന് വക്കീല്‍ പറഞ്ഞു, അടുത്ത ഊഴം തന്റേതാണല്ലോ. കര്ഷകന് പറഞ്ഞു,
”താങ്കളോട് തര്ക്കിക്കേണ്ടിവന്നതില് ഞാന്‍ ഖേദിക്കുന്നു. ഞാന്‍ തോറ്റു! പക്ഷിയെ നിങ്ങളെടുത്തോളൂ.”
വക്കീലിന്റെ മുഖം, അപ്പോളൊന്ന് കാണേണ്ടത് തന്നെയായിരുന്നു. ഇക്കഥ പറഞ്ഞത്, ബുദ്ധിമാന്മാരെന്നഭിമാനിക്കുന്ന നാം സാമാന്യ ജീവിതത്തില്‍ പലപ്പോഴും അമ്പേ പരാജയപ്പെടുന്നുവെന്നു സൂചിപ്പിക്കാനാണ്. ആരോഗ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴുമൊക്കെ ആലോചനയില്ലാതെയാണ് പരിപാടികള്‍. കാണുന്ന ശക്തിയും കഴിവും സൗന്ദര്യവുമെല്ലാം കുറയുന്ന ഒരു കാലഘട്ടമുണ്ട് വാര്‍ധക്യം. അന്നു ചവിട്ടുകള്‍ കൊള്ളാനല്ലാതെ കൊടുക്കാനുള്ള ശേഷി ആര്‍ക്കും ഉണ്ടാവില്ല. അത് മുന്നില്‍ക്കണ്ട് ജീവിതം ക്രമപ്പെടുത്താന്‍ പോലും മിക്കവരും മിനക്കെടുന്നില്ല.
കുടുംബങ്ങളുടെ ഭദ്രതയ്ക്കു കോട്ടം തട്ടിയിരിക്കുന്നു; ഒരു ചെറിയ തുന്നലുകൊണ്ടൊന്നും അത് ശരിയാവുകയുമില്ല.
അമ്മയെ വൃദ്ധസദനത്തിലാക്കിയ ഒരു ഉദ്യോഗസ്ഥന്റെ കഥയുണ്ട്. ഒരു ദിവസം വൃദ്ധസദനത്തില്‍നിന്ന് ഒരടിയന്തിര സന്ദേശം വന്നു, അമ്മ അത്യാസന്ന നിലയിലാണെന്നു സൂചിപ്പിച്ചുകൊണ്ട്. മകന് ചെന്നു; അമ്മ ശ്വാസം എടുക്കാന്തന്നെ ബുദ്ധിമുട്ടുന്നു. അമ്മയ്ക്കുവേണ്ടി എന്തെങ്കിലും ഞാന്‍ ചെയ്യേണ്ടതുണ്ടോയെന്നു മകന്. അമ്മ പറഞ്ഞു,
”ഈ മുറിയിലൊരു ഫാന്‍ വേണം, അടുക്കളയിലൊരു ഫ്രിഡ്ജും വേണം. ഫ്രിഡ്ജില്ലാതിരുന്നതുകൊണ്ട് പല ദിവസവും വിശന്നിരിക്കേണ്ടി വന്നിട്ടുണ്ട്.” മകന് ചോദിച്ചു,
”ഇതെന്തുകൊണ്ട് അമ്മ നേരത്തെ പറഞ്ഞില്ല?” അമ്മ മറുപടി പറഞ്ഞു,
”എനിക്കിതു സഹിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, നിന്റെ കുട്ടികള്‍ നിന്നെ ഇവിടെയാക്കുമ്പോള്‍ നിനക്കതു കഴിഞ്ഞെന്നു വരില്ല!”
നമ്മുടെ ആലോചനകളെല്ലാം വക്കീലിന്റെ ചിന്തപോലെ ചുരുങ്ങിയതോ ഈ മകന്റേതുപോലെ ചുളുങ്ങിയതോ ആയിരിക്കും. കിട്ടേണ്ടത് കിട്ടിക്കഴിയുമ്പോള്‍ അത് നേരെയാകും. അതിനു മുമ്പേ നേരെയാക്കാന്‍ പറ്റില്ലേ?
സ്വിറ്റ്സര്‍ലാന്റില്‍ നിന്ന് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കുറേക്കാലം മുമ്പ് എഴുതിയിരുന്ന ഒരു കുറിപ്പ് ഞാന്‍ വായിച്ചു. അവിടെയുള്ള ആര്‍ക്കും അവിടുത്തെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ടൈം ബാങ്കില്‍ സേവനം ഡെപ്പോസിറ്റ് ചെയ്യാം. അതായത്, ഒരാള്‍ക്കിന്ന് രണ്ട് മണിക്കൂര്‍ കൊടുക്കാനുണ്ടെന്നു പറഞ്ഞാല്‍ എവിടെയാണ് അതാവശ്യമെന്ന് ബാങ്കുകാര് പറയും. മിക്കവാറും രോഗാതുരരായി കഴിയുന്ന വൃദ്ധരുടെ അടുത്തേക്കായിരിക്കും പറഞ്ഞുവിടുക. ആ സമയം, അവര്‍ക്കു വേണ്ടതെല്ലാം ചെയ്തു കൊടുക്കുക. തീര്‍ന്നു! ഈ ‘സമയ’മെല്ലാം അവരുടെ അക്കൗണ്ടില്‍ കാണും. അവര്‍ക്കാവശ്യം വരുമ്പോള്‍ പിന്‍വലിക്കാം. അതായത്, ആ രാജ്യത്തെ ജനങ്ങള്‍ക്ക് ആരും നോക്കാനില്ലെന്ന പരാതിയുണ്ടാവുകയില്ല, ഉണ്ടാവുന്നുമില്ല.
വിദേശരാജ്യങ്ങളില്‍ ഇന്ത്യയിലേപ്പോലെ രൂക്ഷമായ ജാതി വ്യവസ്ഥയില്ലാത്തതുകൊണ്ട് അവിടെ നടക്കും, ഇവിടെ നടക്കില്ല എന്നൊരു ചിന്ത വേണ്ട. അവിടെയുമുണ്ട് വര്‍ഗവ്യത്യാസങ്ങളും സംഘര്‍ഷങ്ങളുമെല്ലാം. ഒരു കാര്യം ഞാനുറപ്പു പറയാം; നാം പുറത്തു കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയമോ, മതമോ ഒന്നും ഇവിടെ തുടങ്ങുന്ന ബാങ്കിലെ ഡെപ്പോസിറ്റ് പിന്‍വലിക്കുന്ന സമയത്തുണ്ടാവില്ല. അത്തരം വിവേചനങ്ങളൊക്കെ കൈയും കാലും നാക്കുമൊക്കെ അനങ്ങുമ്പോഴുള്ള കിരുകിരുപ്പല്ലേ?
2018 ലെ വെള്ളപ്പൊക്കത്തിന് കോട്ടയത്തുള്ള വീട്ടിലേക്കു മടങ്ങുന്നവഴി, 100 കി. മീറ്റര്‍ അകലെ, ചാലക്കുടിക്കപ്പുറത്തൊരു ക്യാമ്പില്‍ പെട്ട് പോയ ഒരാളെ അറിയാം. അദ്ദേഹം പറഞ്ഞു, ‘ഓഡി’ യില്‍ വന്നവനും, ഒരു ലക്ഷം പെന്ഷനുള്ളവനും, ആ ജാതിയില്‍ പെട്ടവനും, ഈ ജാതിയില്‍ പെട്ടവനുമെല്ലാം രണ്ട് ദിവസങ്ങളോളം പത്രക്കടലാസ്സില്‍! ചിലര്‍ക്കൊരു പായും, ചിലര്‍ക്ക് തലയിണയും ചിലര്‍ക്കു പുതപ്പും കിട്ടി! ഒരു തീണ്ടലുമില്ല തൊടീലുമില്ല. സന്ധ്യാ നാമം ജപിക്കണമെന്നോ, പള്ളിയില്‍ പോകണമെന്നോ, നിസ്കരിക്കണമെന്നോ എന്നൊന്നും പലരും ചിന്തിച്ചിരിക്കാന്പോലും ഇടയില്ല. കണ്ണുകളെപ്പോഴും ക്യാമ്പ് നടന്ന L P സ്കൂള്‍ ഹാളിന്റെ ജനലിലൂടെ പുറത്തേക്കു തന്നെ നീണ്ടിരിക്കുമായിരുന്നു – ആരെങ്കിലും എന്തെങ്കിലും കൊണ്ടുവരുന്നുണ്ടോയെന്നു നോക്കി. ദാഹിച്ചു മോഹിച്ചിരുന്നപ്പോള് വന്ന പാഴ്സലുകളിലെ കിഴങ്ങു കഴുകിയതാണോ, പുഴുങ്ങിയതാണോ, അരി റേഷനാണോ എന്നൊന്നും ആരും ചോദിച്ചില്ല. അതു ബംഗാളിയാണോ, മലയാളിയാണോ, മേലാളനാണോ, കീഴാളനാണോ ഉണ്ടാക്കിയതെന്നും ആരും ചോദിച്ചില്ല. എല്ലാവര്ക്കും അറിയേണ്ടിയിരുന്നത്, അല്പംകൂടി കിട്ടുമോയെന്നു മാത്രമായിരുന്നുവത്രെ!