‘വരൂ സംസാരിക്കാം’

  • Episode 19
  • 29-11-2022
  • 10 Min Read
‘വരൂ സംസാരിക്കാം’

ഭാവിയിലെ ഏറ്റവും മികച്ച ബിസിനസ്സ് എന്തായിരിക്കുമെന്ന് എന്നോട് ചോദിച്ചാല്‍  സ്‌നേഹ വ്യാപാരം (love parlours) ആയിരിക്കുമെന്നാണു ഞാന്‍ പറയുക. വരും കാലങ്ങളില്‍ മനുഷ്യനെ കശക്കിയെറിയുന്ന മാരക വ്യാധി, കോവിഡിന്റെ പത്താം തരംഗവും പതിനൊന്നാം തരംഗവും ഒന്നുമായിരിക്കില്ല, വിഷാദരോഗമാ യിരിക്കും. ഇതിനുള്ള ഏറ്റവും നല്ല മരുന്നെന്നു പറയുന്നതു സംഭാഷണങ്ങള്‍ തന്നെ – dialogues. ‘Smash rooms’ എന്നൊരു ക്രമീകരണം എല്ലായിടങ്ങളിലുംതന്നെ ആയിവരുന്നു. ഒരു മുറിയിലുള്ള സാധന സാമഗ്രികളെല്ലാം തല്ലിത്തകര്‍ത്ത്, ഉള്ളില്‍ അമര്‍ത്തിവെച്ചിരിക്കുന്ന stress മുഴുവന്‍ നിര്‍വീര്യമാക്കുന്ന പരിപാടിയാണത്. പക്ഷേ, diologue ന് രണ്ട് പേരു വേണം. അപ്പോള്‍, ഹൃദയം തുറന്ന് അപരനെ കേള്‍ ക്കാനും അവരോട് ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ വെന്ന് പറയാനും കഴിവുള്ളവര്‍ക്ക് തുറക്കാവുന്ന ഒരു പ്രസ്ഥാനമാണ്,  ലവ് പാര്‍ലറുകള്‍. ഓക്‌സിജന്‍ പാര്‍ലറിനെക്കാള്‍ ഡിമാന്റ് ഇതിനുണ്ടാവാന്‍ സാധ്യത യുണ്ട്. 2017ലെ World Health Day യിലെ മുദ്രാവാക്യം,  ‘വരൂ നമുക്ക് സംസാരിക്കാം’ എന്നായിരുന്നു. നാം ഒരു ദിവസം ശരാശരി ഉച്ചരിക്കുന്ന പതിനായിരത്തോളം വാക്കുകളില്‍ വളരെ കുറച്ചെണ്ണമേ സാഹചര്യത്തിനിണങ്ങുന്നതായി ഉള്ളൂവെന്നാണ് മന:ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

ഒരു നല്ല diologue നടക്കണമെങ്കില്‍, ആദ്യം ക്ഷമാപൂര്‍വ്വം കേള്‍ക്കാന്‍ പഠിക്കണം. കേള്‍വിക്കാര്‍ പ്രധാനമായും നാല് തരത്തിലുണ്ട്. വെറും ശ്രോതാക്കള്‍ ഒരു ചെവിയിലൂടെ കേള്‍ക്കുന്നത്, അടുത്ത ചെവിയിലൂടെ കളയും. വൈകാരിക ശ്രോതാക്കള്‍ വികാരതീവ്രതയോടെ എല്ലാം കേള്‍ക്കും; പക്ഷേ, അതിലെന്തായിരുന്നുവെന്ന് ചോദിച്ചാല്‍ അവരതോര്‍ത്തിരിക്കണമെന്നില്ല. ബൗദ്ധിക ശ്രോതാക്കള്‍ കേള്‍ക്കുന്നതെല്ലാം യുക്തിപരമായി ശരിയാണോയെന്ന് നോക്കിയിട്ടേ ഉള്ളിലേക്കെടുക്കൂ. സഹിഷ്ണുതയുള്ളവര്‍ കേള്‍ക്കുന്നതെല്ലാം ക്ഷമയോടെ ഹൃദയത്തിലേക്ക് ആവാഹിക്കുന്നു. അവര്‍ക്കേ കേള്‍ക്കുന്നത് പ്രയോജനപ്പെടുന്നുള്ളു. രണ്ട് ധ്രുവങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ചാലകം പോലെ ഇവര്‍ പ്രവര്‍ത്തിക്കുന്നു. ബാക്കിയെല്ലാ സാഹചര്യങ്ങളിലും ഒന്നുകില്‍ പ്രവാഹം ഉണ്ടാകുന്നില്ല, അല്ലെങ്കില്‍ അതു തടസ്സപ്പെടുന്നു.
പ്രപഞ്ചത്തില്‍ എല്ലാം ഒന്നായിരുന്നു. മനുഷ്യന്‍ വസ്ത്രങ്ങളിലേക്കു പരിണാമം പ്രാപിച്ചപ്പോള്‍, പ്രപഞ്ചം ഞാനെന്നും എനിക്ക് ചുറ്റുമുള്ളതെന്നുമായി വിഭജിക്കപ്പെട്ടു. പ്രകൃതിയോട് ബന്ധപ്പെട്ടാണ് ആദ്യമായി ഭാഷ ഉണ്ടായത്. സാവധാനം, ഞാനെന്നത് മറ്റുള്ള വരെന്നും എന്റെ കൂട്ടരെന്നും വിഭജിക്കപ്പെട്ടു. അത് വീണ്ടും വിഭജിച്ചു വിഭജിച്ചു നിരവധി വിഭാഗങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. സ്വയം സ്‌നേഹത്തിന്റെയും സ്വാര്‍ഥതയു ടെയുമൊക്കെ തലങ്ങളില്‍നിന്നു പരസ്‌നേഹത്തിന്റെ കൂടുതല്‍ കൂടുതല്‍ തലങ്ങളിലേക്ക് സ്‌നേഹം പരന്നൊഴുകി, പ്രപഞ്ചത്തെ മുഴുവന്‍ ആവരണം ചെയ്യുന്ന സ്ഥിതിയിലേയ്ക്ക് മടങ്ങണം. അപ്പോള്‍ മാത്രമേ, പ്രപഞ്ചവുമായുള്ള ഐക്യം വീണ്ടെടുക്കാനാവൂ.

പ്രകൃതിയെ അതിന്റെ തനിമയില്‍ ഉള്‍ക്കൊളളാനും സ്വീകരിക്കാനും നമുക്ക് കഴിയുന്നില്ല. ഒലിവര്‍ ക്രോംവെല്ലിന്റെ ജീവിതത്തിലെ ഒരു സംഭവം പറയാം. ഒരിക്കലദ്ദേഹം ഒരു ചിത്രകാരന്റെ മുമ്പില്‍ ഇരുന്നു കൊടുക്കുകയുണ്ടായി. ചിത്രത്തിന്റെ പണിയെല്ലാം തീര്‍ന്നപ്പോള്‍, അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്ന പാടുകളൊന്നും കാണാനുണ്ടായിരുന്നില്ല. ക്രോംവെല്ലിനെ ഈ ചിത്രകാരന്‍ ഒരു വലിയ സുന്ദരനാക്കി മാറ്റിയിരുന്നു. ക്രോംവെല്ലിനിതു സ്വീകാര്യമായിരുന്നില്ല. അദ്ദേഹം തന്റെ ചിത്രം വീണ്ടും വരപ്പിച്ചെന്നാണ് ചരിത്രം. പ്രകൃതിയെ അതിന്റെ എല്ലാ പോരായ്മകളോടും കൂടി സ്വീകരിക്കാനുള്ള ഒരു മനസ്സ് നമുക്കുണ്ടാകുമ്പോഴാണ് പ്രകൃതിയും നാമും രണ്ടല്ലാതെയായി മാറുന്നത്.

Select your favourite platform